ഐ.പി.എല്‍ 2026ലെ ഫൈനല്‍ അങ്കത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നാളെ മെയ് 31നാണ് ടൂര്‍ണമെന്റിന്റെ കലാശപ്പോരിന് അരങ്ങുണരുക. നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റന്‍സുമാണ് കിരീടമെന്ന ലക്ഷ്യത്തില്‍ ഏറ്റുമുട്ടുക.
അഹമ്മദാബാദിലെ ഗുജറാത്ത് അസോസിയേഷന്‍ സ്റ്റേഡിയമാണ് ഫൈനലിന് വേദിയാകുന്നത്. സ്വന്തം വേദിയില്‍ ഫൈനലിന് ഇറങ്ങുമ്പോള്‍ ഗുജറാത്തിന് ലക്ഷ്യം രണ്ടാം കിരീടമാണ്. മറുവശത്ത് ആര്‍.സി.ബിക്കും കപ്പെന്നതില്‍ കുറഞ്ഞ ഒരു സ്വപ്നവുമില്ല.
തുടര്‍ച്ചയായി രണ്ടാം കിരീടം നേടുക എന്ന സ്വപ്നതുല്യ നേട്ടം തന്നെയാവും അവര്‍ ഉന്നമിടുന്നത്. രജത് പടിദാറിന്റെ കീഴില്‍ ഇറങ്ങുന്ന തങ്ങളുടെ പ്രിയ ടീം അത് നേടുമെന്ന് തന്നെയാണ് ആരാധകരുടെ ഉറച്ച വിശ്വാസവും. ഈ പ്രതീക്ഷയ്ക്ക് കരുത്ത് പകരുന്ന ഒരു ഘടകം കൂടിയുണ്ട്.
ക്രുണാൽ പാണ്ഡ്യ. Photo: Royal Challengers Bengaluru/x.com
ബെംഗളൂരു ടീമില്‍ ഇതുവരെ ഇറങ്ങിയ ഒരു ഐ.പി.എല്‍ ഫൈനലില്‍ പോലും തോല്‍ക്കാത്ത രണ്ട് താരങ്ങളുണ്ട്. ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യയും ഫാസ്റ്റ് ബൗളര്‍ ജോഷ് ഹെയ്‌സല്‍വുഡ്മാണ് ഇത്. ഇരുവര്‍ക്കും ടൂര്‍ണമെന്റിന്റെ ഫൈനലുകളില്‍ 100 ശതമാനം വിജയമുണ്ട്.
ക്രുണാല്‍ ഐ.പി.എല്ലില്‍ നാല് തവണയാണ് ഫൈനലില്‍ കളിച്ചിട്ടുള്ളത്. മൂന്ന് തവണ മുംബൈ ഇന്ത്യന്‍സിനൊപ്പം കലാശപ്പോരില്‍ കളിച്ച താരം കഴിഞ്ഞ സീസണില്‍ ആര്‍.സി.ബിക്കൊപ്പവും അവസാന അങ്കത്തിന് കളത്തിലിറങ്ങി.
2017, 2019, 2020 സീസണുകളിലായിരുന്നു ക്രുണാലിന്റെ മുംബൈ ജേഴ്‌സിയിലെ ഐ.പി.എല്‍ ഫൈനലുകള്‍. 2025ല്‍ ബെംഗളൂരുവിനായും താരം ഫൈനലില്‍ കളിച്ചു. അപ്പോഴെല്ലാം കപ്പുമായാണ് താരം തിരികെ നടന്നത്.
ജോഷ് ഹെയ്സൽവുഡ്. Photo: IndianPremierLeague/x.com
മറുവശത്ത് ഹെയ്‌സല്‍വുഡ് ടൂര്‍ണമെന്റില്‍ രണ്ട് തവണയാണ് ഫൈനല്‍ കളിച്ചത്. ഇത് 2021ല്‍ ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പവും 2025ല്‍ ബെംഗളുരുവിനൊപ്പവുമായിരുന്നു. രണ്ട് തവണയും താരം ജേതാവായി.
ഇരുവരുടെയും ഈ സ്‌പെഷ്യല്‍ ‘100’ ആര്‍.സി.ബിയെ തുണക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഈ ഭാഗ്യം ആര്‍.സി.ബിയെ ജേതാക്കളാക്കിയാല്‍ തുടര്‍ച്ചയായ സീസണുകളില്‍ കപ്പുയര്‍ത്തുന്ന മൂന്നാമത്തെ ടീമാകാന്‍ പ്ലേ ബോള്‍ഡ് ആര്‍മിക്ക് സാധിക്കും.
Content Highlight: IPL 2026: Krunal Pandya and Josh Hazelwood never lost in an IPL final