ഐ.പി.എല്ലില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിങ്സ് പുറത്തായതിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. സഞ്ജുവിനെ എല്ലാവരും മികച്ചവനായി പുകഴ്ത്തുമ്പോളും താരം ഒരേ രീതിയില്‍ പുറത്താകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആവറേജും സ്‌ട്രൈക്ക് റേറ്റുമുണ്ടെങ്കിലും 14 മത്സരങ്ങളില്‍ വെറും നാലെണ്ണത്തില്‍ മാത്രമാണ് സഞ്ജു സ്‌കോര്‍ ചെയ്തതെന്നും ഗില്ലും സുദര്‍ശനും ബട്‌ലറും കാണിക്കുന്ന സ്ഥിരത താരത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ശ്രീകാന്ത്.
ക്രിസ് ശ്രീകാന്ത്. Photo: Cricket Central/x.com
‘സഞ്ജു സാംസണിനെ എല്ലാവരും മികച്ചവനെന്ന് പുകഴ്ത്തികൊണ്ടിരിക്കുന്നു. എന്നാല്‍ ഇത് എട്ടാം തവണയാണ് അവന്‍ ‘കോട്ട് ബിഹൈന്‍ഡ്’ ആയി പുറത്താകുന്നത്. ബൗളര്‍മാര്‍ ഓരോ ലെങ്ത്തില്‍ പന്തെറിഞ്ഞ് പുറത്താക്കുന്നു. ഇത് അവന്‍ പരിഹരിക്കേണ്ടതുണ്ട്. 14 മത്സരങ്ങളില്‍ വെറും നാലെണ്ണത്തില്‍ മാത്രമാണ് അവന്‍ സ്‌കോര്‍ ചെയ്തിട്ടുള്ളത്.
സഞ്ജു നിങ്ങളുടെ പ്രധാന താരമാണ്. 43 ആവറേജും 165 സ്‌ട്രൈക്ക് റേറ്റും അവനുണ്ടാകാം. അവനെപ്പോലൊരു താരത്തില്‍ നിന്ന് പകുതിയെങ്കിലും മത്സരങ്ങളില്‍ മികച്ച പ്രകടനം ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്. അതാണ് സഞ്ജുവും ശുഭ്മന്‍ ഗില്ലും സായ് സുദര്‍ശനും ജോസ് ബട്‌ലറും തമ്മിലുള്ള വ്യത്യാസം. അവര്‍ സഞ്ജുവിനേക്കാള്‍ സ്ഥിരതയോടെ റണ്‍സ് കണ്ടെത്തുന്നുണ്ട്,’ ശ്രീകാന്ത് പറഞ്ഞു.
സഞ്ജു സാംസൺ. Photo: IndianPremierLeague/x.com
ഈ സീസണില്‍ സഞ്ജു മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍, മൂന്ന് 50+ സ്‌കോറുകള്‍ മാത്രമാണ് താരം നേടിയത്. രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയുമാണിത്. മുംബൈ ഇന്ത്യന്‍സിനും ദല്‍ഹി ക്യാപിറ്റല്‍സിനും എതിരെയായിരുന്നു വിക്കറ്റ് കീപ്പറുടെ സെഞ്ച്വറികള്‍.
ദല്‍ഹിയെ രണ്ടാം തവണ നേരിട്ടപ്പോള്‍ സഞ്ജു അര്‍ധ സെഞ്ച്വറിയും നേടി. എന്നാല്‍, ബാക്കിയുള്ള മത്സരത്തില്‍ വലിയ സ്‌കോര്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഏറെ നിര്‍ണായകമായ അവസാന നാല് മത്സരങ്ങളില്‍ മൂന്ന് തവണ 30 റണ്‍സില്‍ താഴെയാണ് മലയാളി ബാറ്റര്‍ സ്‌കോര്‍ ചെയ്തത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ താരം ഗോള്‍ഡന്‍ ഡക്കുമായി.
Content Highlight: IPL 2026: Kris Srikkanth says Sanju Samson doesn’t have the consistency like Shubhman Gill, Sai Sudarshan, and Jos Buttler