| Tuesday, 21st April 2026, 9:46 pm

മുംബൈയെ ഇനി തള്ളിക്കളയാനാവില്ല; പ്ലേ ഓഫില്‍ എത്തുമെന്ന് പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം

ഫസീഹ പി.സി.

ഗുജറാത്ത് ടൈറ്റന്‍സിനെതിരെയുള്ള വിജയത്തിന് പിന്നാലെ മുംബൈ ഇന്ത്യന്‍സിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. ഗുജറാത്തിനെതിരെ വിജയിച്ചതോടെ മുംബൈയെ ഇനി ആര്‍ക്കും തള്ളിക്കളയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

വലിയ മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള കഴിവ് മുംബൈക്കുണ്ടെന്നും ഈ മികവ് അവരെ പ്ലേ ഓഫില്‍ എത്തിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ശ്രീകാന്ത്.

ക്രിസ് ശ്രീകാന്ത്. Photo: lndian Sports Netwrk/x.com

‘മുംബൈ ഇന്ത്യന്‍സിന് വലിയ മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ഒരു കഴിവുണ്ട്. ആ മികവ് അവരെ പെട്ടെന്ന് തന്നെ പ്ലേ ഓഫ് റേസിലേക്ക് എത്തിക്കും. ഗുജറാത്ത് ടൈറ്റന്‍സിനെതിരെയുള്ള മത്സരത്തിന് ശേഷം ഇനി ആര്‍ക്കും മുംബൈയെ തള്ളിക്കളയാന്‍ സാധിക്കില്ല.

എന്നാല്‍, കെ.കെ.ആറിന്റെയും എല്‍.എസ്.ജിയുടെയും കാര്യം അങ്ങനെയല്ല. അവര്‍ ഇതിനോടകം തന്നെ പുറത്തായി കഴിഞ്ഞു. ഒമ്പതാം സ്ഥാനമാണോ പത്താം സ്ഥാനമാണോ എന്ന് അറിയാനുള്ള പോരാട്ടം മാത്രമാണ് ഇനി അവര്‍ക്കിടയില്‍ അവശേഷിക്കുന്നത്,’ ശ്രീകാന്ത് പറഞ്ഞു.

മുംബൈ ഈ സീസണ്‍ വിജയത്തോടെയായിരുന്നു തുടങ്ങിയത്. 13 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു മുന്‍ ചാമ്പ്യന്മാര്‍ ആദ്യ വിജയം സ്വന്തമാക്കിയത്. എന്നാല്‍, പിന്നീട് അവര്‍ക്ക് ടീമില്‍ ഏറ്റവും മികച്ച താരങ്ങളുണ്ടായിട്ടും വിജയിക്കാന്‍ സാധിച്ചില്ല. തുടര്‍ച്ചയായ നാല് മത്സരങ്ങളിലാണ് ടീമിന് കാലിടറിയത്.

മുംബൈ ഇന്ത്യൻസ്. Photo: IndianPremierLeague/x.com

ദല്‍ഹി ക്യാപിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, പഞ്ചാബ് കിങ്സ് എന്നിവരോടാണ് ടീം അടിയറവ് പറഞ്ഞത്. എന്നാല്‍, ആറാം മത്സരത്തില്‍ ടീം തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.

സീസണില്‍ തങ്ങള്‍ നേരിട്ട നാല് തോല്‍വികളും നിഷ്പ്രഭമാക്കിയ വിജയമാണ് മുംബൈ ഗുജറാത്തിനെതിരെയുള്ള മത്സരത്തില്‍ സ്വന്തമാക്കിയത്. വിന്റേജ് മുംബൈയെ ഓര്‍മിപ്പിച്ചായിരുന്നു ദില്‍ സേ ആര്‍മിയുടെ വിജയം.

99 റണ്‍സിന്റെ വിജയം ടീമിന് പോയിന്റ് ടേബിളിലും മുന്നേറ്റമുണ്ടാക്കി. അഹമ്മദാബാദില്‍ ഇറങ്ങുമ്പോള്‍ പത്താം സ്ഥാനത്തായിരുന്നു മുംബൈ. വലിയ മാര്‍ജിനുള്ള വിജയം ടീമിനെ ഏഴാം സ്ഥാനത്തേക്ക് എത്തിച്ചു.

Content Highlight: IPL 2026: Kris Srikkanth says no one can write off Mumbai Indians after the win against GT

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more