| Tuesday, 28th April 2026, 4:19 pm

അവനെ എന്തിന് വീണ്ടും കളിപ്പിക്കുന്നു? ജയിച്ചിട്ടും ബെംഗളൂരു താരത്തെ വിമര്‍ശിച്ച് ശ്രീകാന്ത്

ഫസീഹ പി.സി.

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഓള്‍റൗണ്ടര്‍ റൊമാരിയോ ഷെപ്പേര്‍ഡിന് തുടര്‍ച്ചയായി അവസരം നല്‍കുന്നതിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. ബെംഗളൂരുവിന് മികച്ച ബൗളിങ് യൂണിറ്റാണെന്നും എന്നാല്‍ റൊമാരിയോ ഷെപ്പേര്‍ഡ് ആണ് ആകെയുള്ള വീക്ക് ലിങ്കെന്നും അദ്ദേഹം പറഞ്ഞു.

ഒരു ഭാഗ്യചിഹ്നമെന്ന നിലയിലാവും അവന്‍ പ്ലെയിങ് ഇലവനില്‍ ഇടം കണ്ടെത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ശ്രീകാന്ത്.

ക്രിസ് ശ്രീകാന്ത്. Photo: Cricket Central/x.com

‘ആര്‍.സി.ബിയ്ക്ക് നിലവില്‍ മികച്ചൊരു ബൗളിങ് നിരയുണ്ട്. അതില്‍ ആകെയുള്ള ഒരു വീക്ക് ലിങ്ക് റൊമാരിയോ ഷെപ്പേര്‍ഡാണ്. അവനെ ആര്‍.സി.ബി വീണ്ടും കളിപ്പിക്കുന്നത് എന്തുകൊണ്ടാണ് എന്ന് എനിക്കറിയില്ല. മിക്കവാറും ഭാഗ്യചിഹ്നമെന്ന നിലയിലാകും അവന്‍ ടീമിലെത്തുന്നത്.

ഷെപ്പേര്‍ഡ് ടീമിലുള്ളപ്പോഴാണ് ആര്‍.സി.ബി വിജയിച്ചത്. ഈ വര്‍ഷവും അവനുള്ളപ്പോള്‍ അവര്‍ ജയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഭാഗ്യത്തിന്റെ പേരിലാകും അവന്‍ കളിക്കുന്നത്. കളി വിലയിരുത്തുമ്പോള്‍ അവന്‍ പ്ലെയിങ് ഇലവനില്‍ ഇടം പിടിക്കാന്‍ യാതൊരു സാധ്യതയുമില്ല,’ ശ്രീകാന്ത് പറഞ്ഞു.

റൊമാരിയോ ഷെപ്പേർഡ്.

ബെംഗളൂരു കഴിഞ്ഞ വര്‍ഷം തങ്ങളുടെ കന്നി കിരീടം ഉയര്‍ത്തിയപ്പോള്‍ ഷെപ്പേര്‍ഡ് നിര്‍ണായക സാന്നിധ്യമായിരുന്നു. എന്നാല്‍, ഈ സീസണില്‍ ഇതുവരെ താരത്തിന് ആ മികവ് പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. ഈ സീസണിലെ എട്ട് മത്സരങ്ങളില്‍ നിന്ന് താരം 39 റണ്‍സും മൂന്ന് വിക്കറ്റുകളും മാത്രമാണ് നേടിയിട്ടുള്ളത്.

കഴിഞ്ഞ ദിവസം ദല്‍ഹി ക്യാപിറ്റല്‍സിനെ ആര്‍.സി.ബി 75 റണ്‍സിന് പുറത്താക്കിയപ്പോളും ഷെപ്പേര്‍ഡിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. രണ്ട് ഓവറുകള്‍ എറിഞ്ഞ താരം വിക്കറ്റൊന്നും വീഴ്ത്താതെ 21 റണ്‍സാണ് വഴങ്ങിയത്. 10.50 ആയിരുന്നു വിന്‍ഡീസ് ഓള്‍റൗണ്ടറുടെ എക്കോണമി.

Content Highlight: IPL 2026: Kris Srikanth criticizes RCB allrounder Romario Shepherd

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more