ഐ.പി.എല്‍ 2026ല്‍ ദല്‍ഹി ക്യാപിറ്റല്‍സിനെതിരായ തോല്‍വിക്ക് പിന്നാലെ രാജസ്ഥാൻ റോയൽസിനെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. പ്ലേഓഫ് യോഗ്യതക്ക് നിര്‍ണായകമായ മത്സരത്തില്‍ ജഡേജയെ പോലൊരു ഗണ്‍ ഓള്‍റൗണ്ടറെ ഒഴിവാക്കിയത് വിഢിത്തമാണെന്നും രാജസ്ഥാനുള്ളില്‍ ആഭ്യന്തരമായി പ്രശ്‌നമുണ്ടെന്നാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാന്‍ മത്സരത്തില്‍ ജയിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് തോന്നിയെന്നും ജഡേജയും ബിഷ്ണോയിയും ടീമില്‍ ഉണ്ടാവേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ശ്രീകാന്ത്.
ക്രിസ് ശ്രീകാന്ത്. Photo: lndian Sports Netwrk/x.com
‘പ്ലേ ഓഫ് യോഗ്യതയ്ക്ക് നിര്‍ണായകമായ മത്സരത്തില്‍ ഇത്തമൊരു നീക്കം വിഢിത്തമാണ്. ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ ജയിക്കാന്‍ ലഭിച്ച ഏറ്റവും എളുപ്പമുള്ള അവസരമാണ് അവര്‍ കളഞ്ഞുകുളിച്ചത്. മത്സരത്തില്‍ ജഡേജയെ (രവീന്ദ്ര) കളിപ്പിക്കേണ്ടതായിരുന്നു. എങ്ങനെയാണ് അവനെ ടീമില്‍ നിന്ന് ഒഴിവാക്കുക? ഈ നീക്കം ടീമിനകത്ത് എന്തോ പ്രശ്‌നമുണ്ടെന്നാണ് കാണിക്കുന്നത്. പരാഗ് (റിയാന്‍) കൂടുതല്‍ സിക്‌സുകള്‍ക്കുള്ള അവന്റെ ട്രോഫി വാങ്ങാന്‍ പോലും വന്നിരുന്നില്ല.
ജഡേജയെയോ ബിഷ്ണോയിയെയോ (രവി) ടീമില്‍ ഉള്‍പ്പെടുത്താത്തത് അസംബന്ധമാണ്. രവി സിങ് ജഡേജയുടെ പകരക്കാരനാണോ? നിര്‍ണായക മത്സരത്തില്‍ ഗണ്‍ ഓള്‍റൗണ്ടറായ ഒരു താരത്തിന് പകരം യുവ ബാറ്ററെയാണോ ഇറക്കുക? അവര്‍ക്ക് മത്സരത്തില്‍ വിജയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ല. തോല്‍ക്കാന്‍ വേണ്ടി കളിച്ചത് പോലെയാണ് എനിക്ക് തോന്നിയത്. പരാഗ് നന്നായി ബാറ്റ് ചെയ്‌തെങ്കിലും ജയിക്കണമെന്ന ത്വര ടീമിലുണ്ടായിരുന്നില്ല,’ ശ്രീകാന്ത് പറഞ്ഞു.
രാജസ്ഥാൻ റോയൽസ്.
ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ ദല്‍ഹി ക്യാപിറ്റല്‍സിനോട് പരാജയപ്പെട്ടിരുന്നു. അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ടീമിന്റെ തോല്‍വി. രാജസ്ഥാന്‍ ഉയര്‍ത്തിയ 194 റണ്‍സിന്റെ വിജയലക്ഷ്യം ദല്‍ഹി നാല് പന്ത് ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു.
മത്സരത്തില്‍ രവീന്ദ്ര ജഡേജയെ കളിപ്പിച്ചിരുന്നില്ല. പകരം യുവതാരം രവി സിങ്ങിനാണ് അവസരം ലഭിച്ചത്. ആറാമനായി ബാറ്റിങ്ങിനെത്തിയ താരം രണ്ട് പന്തില്‍ നാല് റണ്‍സ് എടുത്ത് മടങ്ങിയിരുന്നു. മത്സരത്തില്‍ മികച്ച തുടക്കം ലഭിച്ചിട്ടും മധ്യനിര പരാജയപ്പെട്ടതിനാല്‍ ടീമിന്റെ സ്‌കോറിനെ സാരമായി ബാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീകാന്തിന്റെ വിമര്‍ശനം.
Content Highlight: IPL 2026: Kris Srikanth criticizes Rajasthan Royals for not playing Ravindra Jadeja against DC