| Saturday, 16th May 2026, 11:54 pm

ഹാട്രിക്ക് അര്‍ധ സെഞ്ച്വറികള്‍ കരുത്തായി; ഗുജറാത്തിനെ തകര്‍ത്ത് വിട്ട് കൊല്‍ക്കത്ത

ഫസീഹ പി.സി.

ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്ത് പ്ലേ ഓഫ് സാധ്യത സജീവമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. സ്വന്തം തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത 29 റണ്‍സിനാണ് വിജയം സ്വന്തമാക്കിയത്.

കൊല്‍ക്കത്ത ഉയര്‍ത്തിയ 248 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്തിന് 218 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. ഇതോടെ കൊല്‍ക്കത്ത 11 പോയിന്റുമായി ഏഴാം സ്ഥാനത്തേക്ക് കുതിച്ചു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയ്ക്ക് അഞ്ചാം ഓവറില്‍ 14 പന്തില്‍ 14 റണ്‍സെടുത്ത ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയെ നഷ്ടമായിരുന്നു. മുഹമ്മദ് സിറാജായിരുന്നു ഈ വിക്കറ്റ് വീഴ്ത്തിയത്. പിന്നാലെ ഒന്നിച്ച ഫിന്‍ അലനും ആംഗ്രിഷ് രഘുവംശിയും അക്ഷരാര്‍ത്ഥത്തില്‍ ഗുജറാത്ത് ബൗളര്‍മാരെ തല്ലിച്ചതച്ചു.

ആംഗ്രിഷ് രഘുവംശിയും ഫിൻ അലനും. Photo: indianPremierLeague/x.com

ഒടുവില്‍ സായ് കിഷോര്‍ എറിഞ്ഞ 12ാം ഓവറില്‍ അര്‍ഹിച്ച സെഞ്ച്വറിക്ക് ഏഴ് റണ്‍സ് അകലെ അലന്‍ കൂടാരം കയറി. 35 പന്തില്‍ 93 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. അതോടെ വെടിക്കെട്ട് രഘുവംശി ഏറ്റെടുത്തു. കൂട്ടായി കാമറൂണ്‍ ഗ്രീനുമെത്തി.

ഇരുവരും ചേര്‍ന്ന് ഗുജറാത്ത് താരങ്ങളെ തലങ്ങും വിലങ്ങും അടിച്ചു. 44 പന്തില്‍ 82 റണ്‍സെടുത്ത് രഘുവംശിയും 28 പന്തില്‍ 52 റണ്‍സെടുത്ത് ഗ്രീനും പുറത്താവാതെ നിന്നു. അതോടെ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റിന് 247 റണ്‍സിലെത്തി.

മറുപടി ബാറ്റിങ്ങില്‍ ഗുജറാത്തിന് മികച്ച തുടക്കം ലഭിച്ചിരുന്നു. എന്നാല്‍, നാലാം ഓവറില്‍ സായ് സുദര്‍ശന്‍ 13 പന്തില്‍ 23 റണ്‍സെടുത്ത് നില്‍ക്കവേ റിട്ടയേര്‍ഡ് ഹാര്‍ട്ടായി തിരികെ നടന്നു. പിന്നാലെയെത്തിയ നിഷാന്ത് സിന്ധു നാല് പന്തില്‍ വെറും ഒരു റണ്‍സുമായി പുറത്തായി. സുനില്‍ നരെയ്നായിരുന്നു വിക്കറ്റ്.

ശുഭ്മൻ ഗിൽ. Photo: Gujarat Titans/x.com

അതോടെ ശുഭ്മന്‍ ഗില്ലും ജോസ് ബട്‌ലറും ഒന്നിച്ചു. ഇരുവരും 128 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതിന് ശേഷമാണ് പിരിഞ്ഞത്. 49 പന്തില്‍ 85 റണ്‍സുമായി ഗില്‍ തിരികെ നടക്കുകയായിരുന്നു. ഗുജറാത്തിന് രണ്ടാം പ്രഹരമേല്പിച്ചതും നരെയ്ന്‍ തന്നെയാണ്.

പിന്നാലെ, സായ് സുദര്‍ശന്‍ തിരികെയെത്തി. ഇരുവരും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിക്കുന്നതിനിടെ ബട്‌ലര്‍ 35 പന്തില്‍ 57 റണ്‍സുമെടുത്ത് പുറത്തായി. സൗരഭ് ദുബെ ആണ് വിക്കറ്റ് വീഴ്ത്തിയത്.

അഞ്ചാമനായി ഇംപാക്ട് പ്ലെയര്‍ രാഹുല്‍ തേവാതിയ ക്രീസിലെത്തി. 19ാം ഓവറില്‍ വെറും അഞ്ച് മാത്രം വിട്ടുനല്‍കി കൊല്‍ക്കത്ത മത്സരം തങ്ങളുടെ വരുത്തിലാക്കി. അവസാന ഓവറില്‍ ഗുജറാത്തിന് ജയിക്കാന്‍ വേണ്ടത് 40 റണ്‍സായിരുന്നു.

അവസാന ഓവറില്‍ സിക്‌സടിച്ച് സായ് തന്റെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. 27 പന്തില്‍ 52 റണ്‍സെടുത്ത പുറത്താവാതെ നിന്നപ്പോള്‍ അവസാന പന്തില്‍ തേവാതിയ നാല് പന്തല്‍ രണ്ട് റണ്‍സെടുത്ത് കാമറൂണ്‍ ഗ്രീനിന് വിക്കറ്റ് നല്‍കി പുറത്തായി. ഇതോടെ അഞ്ചാം വിജയം സ്വന്തമാക്കി.

Content Highlight: IPL 2026: Kolkata Knight riders defeated Gujarat Titans by 29 runs

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more