| Wednesday, 20th May 2026, 8:13 pm

മൂന്ന് കളി, മൂന്ന് ക്യാപ്റ്റൻ; ഗെയ്ലടിച്ച് നാണംകെടുത്തിയ ടീമിനുള്ള അപൂർവ റെക്കോഡ് ഇനി മുംബൈയ്ക്കും

ഫസീഹ പി.സി.

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരം കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈക്ക് തുടക്കം തന്നെ തിരിച്ചടികള്‍ നേരിട്ടിട്ടുണ്ട്.

നിലവില്‍ അഞ്ച് ഓവറുകള്‍ പിന്നിടുമ്പോള്‍ മുംബൈ മൂന്ന് വിക്കറ്റിന് 34 റണ്‍സെടുത്തിട്ടുണ്ട്. നാല് പന്തില്‍ ഒമ്പത് റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും മൂന്ന് പന്തില്‍ ഒരു റണ്ണെടുത്ത തിലക് വര്മയുമാണ് ക്രീസിലുള്ളത്.

രോഹിത് ശര്‍മ (13 പന്തില്‍ 15), റിയാന്‍ റിക്കില്‍ട്ടണ്‍ (ഏഴ് പന്തില്‍ ആറ്), നമന്‍ ധിര്‍ (ബ്രോണ്‍സ് ഡക്ക്) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. കൊല്‍ക്കത്തക്കായി കാമറൂണ്‍ ഗ്രീന്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ സൗരഭ് ദുബെ ഒരു വിക്കറ്റും വീഴ്ത്തി.

മുംബൈ ഇന്ത്യൻസ് താരങ്ങൾ. Photo: Shebas/x.com

കഴിഞ്ഞ കുറച്ച് മത്സരങ്ങള്‍ പരിക്ക് മൂലം നഷ്ടമായ ഹര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനായി ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. കൊല്‍ക്കത്തക്കെതിരെ താരം ക്യാപ്റ്റനായി ഇറങ്ങിയതോടെ ഒരു അപൂര്‍വ ലിസ്റ്റില്‍ മുംബൈ ഇടം പിടിച്ചു. ഒരു സീസണില്‍ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ മൂന്ന് ക്യാപ്റ്റന്മാരെ പരീക്ഷിച്ച രണ്ടാമത്തെ ടീമെന്ന നേട്ടമാണ് ദില്‍ സേ ആര്‍മി തങ്ങളുടെ പേരിലാക്കിയത്.

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും പഞ്ചാബ് കിങ്സുമായിരുന്നു മുംബൈയുടെ അവസാന രണ്ട് മത്സരങ്ങളിലെ എതിരാളികള്‍. ആര്‍.സി.ബിക്കെതിരെ സൂര്യകുമാര്‍ യാദവും പഞ്ചാബിനെതിരെ ജസ്പ്രീത് ബുംറയുമായിരുന്നു ക്യാപ്റ്റന്മാര്‍. ഈ മത്സരത്തില്‍ ഹര്‍ദിക് ക്യാപ്റ്റനായി തിരിച്ചെത്തിയതോടെയാണ് ഈ ലിസ്റ്റില്‍ ഇടം പിടിച്ചത്.

പൂനെ വാറിയേഴ്സാണ് ഇതിന് മുമ്പ് ഐ.പി.എല്ലില്‍ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ മൂന്ന് ക്യാപ്റ്റമാരെ പരീക്ഷിച്ചത്. 2013 സീസണിലായിരുന്നു ഇത്. റോസ് ടെയ്ലര്‍, ഏയ്ഞ്ചലോ മാത്യൂസ്, ആരോണ്‍ ഫിഞ്ച് എന്നിവരായിരുന്നു അന്ന് ക്യാപ്റ്റന്മാര്‍.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, റിയാന്‍ റിക്കല്‍ട്ടണ്‍ (വിക്കറ്റ് കീപ്പര്‍), നമന്‍ ധിര്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), വില്‍ ജാക്ക്‌സ്, കോര്‍ബിന്‍ ബോഷ്, ദീപക് ചഹര്‍, ജസ്പ്രീത് ബുംറ, രഘുശര്‍മ

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലെയിങ് ഇലവന്‍

അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), ആംഗ്രിഷ് രഘുവംശി (വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, റോവ്മാന്‍ പവല്‍, മനീഷ് പാണ്ഡെ, റിങ്കു സിങ്, സുനില്‍ നരെയ്ന്‍, അനുകുല്‍ റോയ്, കാര്‍ത്തിക് ത്യാഗി, വരുണ്‍ ചക്രവര്‍ത്തി, സൗരഭ് ദുബെ.

Content Highlight: IPL 2026: KKR vs MI: Mumbai Indians became second team to use three different captains in three consecutive matches after Pune Warriors

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more