| Wednesday, 13th May 2026, 11:18 am

കൊല്‍ക്കത്തയ്ക്ക് വീണ്ടും തിരിച്ചടി; ജീവന്‍ മരണ പോരാട്ടത്തില്‍ സൂപ്പര്‍ താരം പുറത്തേക്കോ?

ഫസീഹ പി.സി.

ഐ.പി. എല്ലില്‍ 57ാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലാണ് നടക്കുക. ന്യൂ റായ്പൂരിലാണ് ഈ മത്സരം അരങ്ങേറുക. കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ മത്സരത്തില്‍ വിജയം അനിവാര്യമാണ്.

ജീവന്‍മരണ പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ കൊല്‍ക്കത്തയുടെ ആരാധകര്‍ക്ക് ആശങ്ക സമ്മാനിക്കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി ആര്‍.സി.ബിക്കെതിരെ കളിച്ചേക്കില്ലെന്നാണ് വിവരം. കാലിന് ഏറ്റ പരിക്കാണ് താരത്തിന് വിനയായത്.

വരുൺ ചക്രവർത്തി.

സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള കൊല്‍ക്കത്തയുടെ മത്സരത്തിനിടെയാണ് വരുണിന് ആദ്യം പരിക്കേറ്റത്. പിന്നാലെ സ്പിന്നര്‍ ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ കളിച്ചതോടെ പരിക്ക് കൂടുതല്‍ വഷളാവുകയായിരുന്നു. ദല്‍ഹിക്കെതിരെയുള്ള അവസാന സ്‌പെല്ലില്‍ മുടന്തിയ താരം മത്സരത്തിന് ശേഷം വടിയുമായി നടക്കുന്നതും കണ്ടിരുന്നു.

വരുണിന് ഇപ്പോഴും വേദനയുണ്ടെന്നും താരം നിരീക്ഷണത്തിലാണെന്നും കൊല്‍ക്കത്ത അസിസ്റ്റന്റ് കോച്ച് വ്യക്തമാക്കി. ആര്‍.സി.ബിക്കെതിരെ കളിയ്ക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വരുണ്‍ ചക്രവര്‍ത്തി ഇപ്പോഴും നിരീക്ഷണത്തിലാണ്. കഴിഞ്ഞ രണ്ട് മത്സരത്തിലും അവന്‍ വേദന സഹിച്ചാണ് കളിച്ചത്. എന്നിട്ടും മികച്ച പ്രകടനമാണ് അവന്‍ കാഴ്ച്ചവെച്ചത്. ഈ സീസണിലെ തുടക്കത്തിലേ അവന്റെ പ്രകടനത്തില്‍ നിന്ന് എവിടെയെത്തി നില്‍ക്കുന്നുവെന്ന് അതിശയിപ്പിക്കുന്നതാണ്. ആര്‍.സി.ബിക്കെതിരെ അവന്‍ കളിക്കുമെന്ന് പ്രതീക്ഷയുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ പൂര്‍ണമായ ഉറപ്പില്ല,’ വാട്‌സണ്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

വരുൺ ചക്രവർത്തി.

സീസണില്‍ വരുണ്‍ ചക്രവര്‍ത്തി ഭേദപ്പെട്ട പ്രകടനമാണ് നടത്തുന്നത്. എട്ട് മത്സരങ്ങളില്‍ കളിച്ച താരം ഇതുവരെ പത്ത് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. തുടക്കത്തില്‍ വിക്കറ്റുകള്‍ വീഴ്ത്താന്‍ പാടുപെട്ടുകയും റണ്‍സ് വാരി കോരി നല്‍കുകയും ചെയ്തിരുന്ന താരം പിന്നീട് ഫോമിലേക്ക് തിരിച്ചെത്തുകയായിരുന്നു. ടീമിന്റെ വിജയത്തില്‍ താരത്തിന്റെ പ്രകടനങ്ങള്‍ നിര്‍ണായകമായിരുന്നു. അതിനാല്‍ തന്നെ സ്പിന്നറുടെ പരിക്ക് ടീമിന് വലിയ തലവേദനയാണ്.

അതേസമയം, പോയിന്റ് ടേബിളില്‍ കൊല്‍ക്കത്ത എട്ടാം സ്ഥാനത്താണ്. ആദ്യ പകുതിയില്‍ ഒരു വിജയം പോലും നേടാത്ത ടീം പിന്നീട് തുടര്‍ച്ചയായ നാല് വിജയങ്ങള്‍ നേടി മുന്നേറുകയായിരുന്നു. നിലവില്‍ ടീമിന് ഒമ്പത് പോയിന്റുണ്ട്.

Content Highlight: IPL 2026: KKR spinner Varun Chakravarthy is unlikely to play against RCB

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more