| Thursday, 23rd April 2026, 5:50 pm

സഞ്ജു ഇവരെ ഭയക്കണം; മുന്നറിയിപ്പുമായി ഇര്‍ഫാന്‍ പത്താന്‍

ഫസീഹ പി.സി.

2026 ഐ.പി.എല്ലിലെ എല്‍ ക്ലാസിക്കോ മത്സരങ്ങള്‍ക്കുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇന്ന് ഏപ്രില്‍ 23ന് അരങ്ങേറുന്ന മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലുളള മത്സരത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയമാണ് വേദി.

ഇപ്പോള്‍ ഈ മത്സരത്തിന് മുമ്പേ മലയാളി താരം സഞ്ജു സാംസണിന് മുന്നറിയിപ്പ് നല്‍കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. മുംബൈ സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നര്‍ രണ്ട് തവണ സഞ്ജുവിനെ പുറത്താക്കിയിട്ടുണ്ടെന്നും താരത്തിന്റെ വെല്ലുവിളി അതിജീവിച്ചാല്‍ സഞ്ജുവിന് മത്സരം ഏകപക്ഷീയമായി മാറ്റാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇര്‍ഫാന്‍ പത്താന്‍. Photo: Crictracker

ചെന്നൈ ഓപ്പണര്‍മാരായി വലം കൈയ്യന്‍ ബാറ്റര്‍മാരെയാണ് ഇറക്കുന്നതെങ്കില്‍ സാന്റ്‌നര്‍ പവര്‍പ്ലേയില്‍ പന്തെറിഞ്ഞേക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജസ്പ്രീത് ബുംറയ്ക്കെതിരെയും സഞ്ജു റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയിട്ടുണ്ടെന്നും താരത്തിന്റെ ഫൂട്ട് വര്‍ക്ക് പേസര്‍ക്കെതിരെ വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം തന്റെ യൂട്യൂബ് ചാനലില്‍ കൂട്ടിച്ചേര്‍ത്തു.

‘മിച്ചല്‍ സാന്റ്‌നര്‍ ഏഴ് പന്തില്‍ രണ്ട് തവണ സഞ്ജു സാംസണിനെ പുറത്താക്കിയിട്ടുണ്ട്. ചെന്നൈ രണ്ട് വലം കൈ ഓപ്പണര്‍മാരെയാണ് പരീക്ഷിക്കുന്നതെങ്കില്‍ സാന്റ്‌നര്‍ പവര്‍പ്ലേയില്‍ തന്നെ പന്തെറിഞ്ഞേക്കും. ഈ പോരാട്ടം പ്രത്യേകം ശ്രദ്ധിക്കണം. ഈ വെല്ലുവിളി അതിജീവിച്ചാല്‍ സഞ്ജുവിന് മത്സരം ഏകപക്ഷീയമാക്കി മാറ്റാന്‍ സാധിക്കും.

ജസ്പ്രീത് ബുംറയ്ക്കെതിരെയും സഞ്ജു റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയിട്ടുണ്ട്. 13 തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ രണ്ട് തവണ ബുംറ സഞ്ജുവിനെ വീഴ്ത്തിയിരുന്നു. 61 പന്തില്‍ 64 റണ്‍സ് മാത്രമാണ് അവന്റെ സമ്പാദ്യം. സഞ്ജുവിന് ഈ പേസര്‍ക്കെതിരെ വേഗത്തില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല.

ഇരുവരും തമ്മിലുള്ള പോരാട്ടത്തില്‍ ബുംറയ്ക്കാണ് ആധിപത്യം. ഇന്‍സ്വിങ്ങറുകളും കൃത്യമായ ബൗണ്‍സറുകളും അവന്‍ ആവശ്യാനുസരണം ഉപയോഗിക്കാറുണ്ട്. ബുംറയെ നേരിടുമ്പോള്‍ ഫൂട്ട് വര്‍ക്ക് പതിയെയാണെന്നത് സഞ്ജുവിന് വലിയ വെല്ലുവിളിയാണ്,’ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

സഞ്ജു സാംസൺ. Photo: Chennai Super Kings/x.com

സഞ്ജുവിന് ഈ സീസണില്‍ അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ആദ്യ മൂന്ന് മത്സരങ്ങളില്‍ താരം ഒറ്റയക്കത്തിന് പുറത്തായിരുന്നു. പിന്നാലെ ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ സെഞ്ച്വറിയടിച്ച് ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു. അടുത്ത മത്സരത്തില്‍ താരം 40+ റണ്‍സ് കണ്ടെത്തിയെങ്കിലും അവസാന മത്സരത്തില്‍ സൺറൈസേഴ്‌സ് ഹൈദരാബാദിനോട് വീണ്ടും ചെറിയ സ്‌കോറില്‍ പുറത്തായി. ആറ് മത്സരങ്ങളില്‍ നിന്ന് മലയാളി വിക്കറ്റ് കീപ്പര്‍ 192 റണ്‍സെടുത്തിട്ടുണ്ട്.

Content Highlight: IPL 2026: Irfan Pathan talks about the struggle of Sanju Samson against Mitchell Santner and Jasprit Bumrah

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more