സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം ഹെന്റിക്ക് ക്ലാസനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. അധികം പന്തുകള്‍ നേരിടുന്നില്ലെങ്കിലും ക്ലാസന്‍ സ്ഥിരതയോടെ കളിക്കുന്നുവെന്നും ഏകദേശം എല്ലാ മത്സരങ്ങളിലും റണ്‍സ് കണ്ടെത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നാലാം നമ്പറില്‍ കളിച്ച് താരം ഓറഞ്ച് ക്യാപ് റേസില്‍ ഒന്നാമതെത്തുന്നുവെങ്കില്‍ ആ താരത്തിന് പ്രത്യേക അവാര്‍ഡ് നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഇര്‍ഫാന്‍ പത്താന്‍.
ഇര്‍ഫാന്‍ പത്താന്‍.
‘ഒരു സീസണിന്റെ പകുതിയില്‍ ഒരു താരം നാലാം നമ്പറില്‍ കളിച്ച് ഓറഞ്ച് ക്യാപ് റേസില്‍ മുന്നിലെത്തുന്നുവെങ്കിൽ അയാള്‍ ഒരു പ്രത്യേക അവാര്‍ഡ് അര്‍ഹിക്കുന്നു. ഈ സ്ഥാനത്ത് കളിച്ച് എപ്പോഴും റൺവേട്ടക്കാരിൽ മുന്നിൽ എത്തുക ഇപ്പോഴും സാധ്യമല്ല.
സാധാരണയായി മത്സരങ്ങളില്‍ അവന് (ഹെന്റിക് ക്ലാസന്‍) ഒരുപാട് പന്തുകള്‍ കളിക്കാന്‍ അവസരം ലഭിക്കാറില്ല. എന്നിട്ടും അവന്‍ സ്ഥിരതയോടെ കളിക്കുന്നു. അവന്‍ എല്ലാ മത്സരങ്ങളിലും സ്‌കോര്‍ ചെയ്യുന്നുമുണ്ട്,’ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.
ഹെന്‌റിക്ക് ക്ലാസന്‍. Photo: iplt20.com
കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ ക്ലാസന്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. 43 പന്തുകള്‍ നേരിട്ട് താരം 69 റണ്‍സാണ് നേടിയത്. താരത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നത് നാല് സിക്‌സുകളും മൂന്ന് ഫോറുകളുമാണ്. 160.47 സ്‌ട്രൈക്ക് റേറ്റിലായിരുന്നു പ്രോട്ടിയാസ് ബാറ്ററുടെ ഇന്നിങ്സ്.
ക്ലാസന്‍ ഈ സീസണിലുടനീളം മിന്നും പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 11 മത്സരങ്ങളില്‍ കളിച്ച താരം 494 റണ്‍സെടുത്തിട്ടുണ്ട്. അഞ്ച് അര്‍ധ സെഞ്ച്വറികളാണ് പ്രോട്ടിയാസ് താരം ഈ സീസണില്‍ സ്‌കോര്‍ ചെയ്തത്. നിലവിലെ സീസണിലെ റണ്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത് താരമാണ്.
Content Highlight: IPL 2026: Irfan Pathan says that Heinrich Klaasen deserve a special award