2026 ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് തങ്ങളുടെ മൂന്നാം മത്സരത്തിന് ഇറങ്ങുകയാണ്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് ഈ മത്സരത്തില്‍ ടീമിന്റെ എതിരാളികള്‍. ആര്‍.സി.ബിയുടെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയമാണ് വേദി.
ഇപ്പോള്‍ മത്സരത്തിന് മുന്നോടിയായി സഞ്ജു സാംസണിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. എം.എസ് ധോണിയ്ക്ക് ശേഷം ടീമിന്റെ മുഖമായയാണ് സഞ്ജുവിനെ ചെന്നൈ ടീമിലെത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഇർഫാൻ പത്താൻ. Photo: Crictracker
ആദ്യ രണ്ട് മത്സരങ്ങളിലും സ്‌കോര്‍ ചെയ്തില്ലെങ്കിലും സഞ്ജു ബെംഗളുരുവിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് തനിക്ക് തോന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഇര്‍ഫാന്‍ പത്താന്‍.
‘എം.എസ് ധോണിയ്ക്ക് ശേഷം സഞ്ജു സാംസണിനെയാണ് ചെന്നൈ ടീമിന്റെ മുഖമായി പരിഗണിക്കുന്നത്. ബാറ്റിങ്ങിന് അനുകൂലമായ പിച്ച് ലഭിച്ചിട്ടും അവന് ആദ്യ രണ്ട് മത്സരങ്ങളില്‍ റണ്‍സ് കണ്ടെത്താന്‍ സാധിച്ചില്ല.
ഇനി അടുത്ത മത്സരം ബെംഗളൂരുവിലാണ്. അവിടെ സഞ്ജു റണ്‍സ് കണ്ടെത്തുമെന്നാണ് എന്റെ പ്രതീക്ഷ. അത് സംഭവിച്ചാല്‍ സഞ്ജുവിനെ ധോണിക്ക് ശേഷം ടീമിന്റെ മുഖമാക്കാനുള്ള ചെന്നൈയുടെ ശ്രമം യാഥാർത്ഥ്യമാകും. അവന്‍ ബെംഗളൂരുവിനെതിരെ തിളങ്ങുമെന്ന ഒരു ഗട്ട് ഫീലിങ്ങുണ്ട്,’ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.
സഞ്ജു സാംസൺ. Photo: Johns/x.com
രാജസ്ഥാന്‍ റോയല്‍സ് വിട്ട് സി.എസ്.കെയില്‍ എത്തിയ സഞ്ജുവിന് ഈ ഐ.പി.എല്ലില്‍ ഇതുവരെ തിളങ്ങാന്‍ സാധിച്ചിട്ടില്ല. ചെന്നൈയ്ക്കായി അരങ്ങേറിയ താരത്തിന് വെറും 13 റണ്‍സ് മാത്രമാണ് നേടിയിട്ടുള്ളത്.
ചെന്നൈ അരങ്ങേറ്റത്തില്‍ സഞ്ജു രാജസ്ഥാനെതിരെ നേടിയത് ഏഴ് പന്തില്‍ ആറ് റണ്‍സാണ്. രണ്ടാം മത്സരത്തില്‍ ചെപ്പോക്കില്‍ പഞ്ചാബ് കിങ്‌സിനെതിരെ ഇറങ്ങിയപ്പോള്‍ ഏഴ് പന്തില്‍ ഏഴ് റണ്‍സായിരുന്നു മലയാളി വിക്കറ്റ് കീപ്പറുടെ സമ്പാദ്യം.
Content Highlight: IPL 2026: Irfan Pathan says that he has a gut feeling that Sanju Samson will score against RCB