| Friday, 13th March 2026, 11:06 am

വീണ്ടും കിരീടം നേടണമെന്ന അടങ്ങാത്ത വാശി അവനുണ്ടാകും; ഐ.പി.എല്ലിന് മുമ്പ് തുറന്നടിച്ച് പത്താന്‍

ആദർശ് എം.കെ.

ഐ.പി.എല്‍ ആവേശത്തിലേക്ക് ഇന്ത്യ ചുരുങ്ങാന്‍ ഇനി ദിവസങ്ങളുടെ മാത്രം കാത്തിരിപ്പ്. നീണ്ട കാത്തിരിപ്പിന് ശേഷം കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരെന്ന പേരും പെരുമയുമയാണ് ടൂര്‍ണമെന്റിനെത്തുന്നത്. കാത്തിരുന്ന് കിട്ടിയ കിരീടം നിലനിര്‍ത്തുക എന്ന ഒറ്റ ലക്ഷ്യമായിരിക്കും ആര്‍.സി.ബിക്കുണ്ടായിരിക്കുക.

ഈ സീസണിലും കിരീടം നിലനിര്‍ത്തണമെന്ന അടങ്ങാത്ത അഭിനിവേശം സൂപ്പര്‍ താരം വിരാട് കോഹ്‌ലിക്കുണ്ടാകുമെന്ന അഭിപ്രായപ്പെടുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. തുടര്‍ച്ചയായ കിരീടം നേടണമെന്ന് വിരാടിന് ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇര്‍ഫാന്‍ പത്താന്‍

ജിയോ ഹോട്‌സ്റ്റാറിലെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വിജയിക്കാനുള്ള അഭിനിവേശം വിരാടിലുണ്ടായിരിക്കും. കഴിഞ്ഞ സീസിണില്‍ കിരീടം നേടിയതിനാല്‍ മറ്റേത് സമയത്തേക്കാളും ആ വാശി അവനിലുണ്ടാകും. തുടര്‍ച്ചയായി കിരീടം നേടാനാണ് അവന്‍ ആഗ്രഹിക്കുന്നത്. വിജയിക്കാനും ടീമില്‍ ഇംപാക്ട് ഉണ്ടാക്കാനുമുള്ള ആ വിശപ്പ് അവനില്‍ എല്ലായ്‌പ്പോഴും ഉണ്ടായിരിക്കും.

വിരാട് കോഹ്‌ലി കിരീടവുമായി

ഇന്ത്യയ്ക്കായി അദ്ദേഹം കളിച്ചപ്പോള്‍, പ്രത്യേകിച്ചും സൗത്ത് ആഫ്രിക്കയ്ക്കും ന്യൂസിലാന്‍ഡിനുമെതിരായ ഏകദിന പരമ്പരകളില്‍ അദ്ദേഹത്തിന്റെ ആ അടങ്ങാത്ത അഭിനിവേശം നമ്മള്‍ കണ്ടിട്ടുണ്ട്. ഓരോ മത്സരത്തിലും ഇംപാക്ട് ഉണ്ടാക്കണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.

ഈ സീസണില്‍ അദ്ദേഹം വീണ്ടും ഷോര്‍ട്ടര്‍ ഫോര്‍മാറ്റിലേക്ക് മടങ്ങിയെത്തുമ്പോള്‍ ഈ ആവേശം അദ്ദേഹത്തിലുണ്ടാകും. ഒരിക്കല്‍ക്കൂടി കപ്പുയര്‍ത്തുക എന്നത് തന്നെയായികരിക്കും അദ്ദേഹം ആഗ്രഹിക്കുന്നത്,’ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തിയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിട്ടത്. ആര് വിജയിച്ചാലും പുതിയ ചാമ്പ്യന്‍മാര്‍ പിറവിയെടുക്കുന്ന മത്സരത്തില്‍ ആറ് റണ്‍സിനായിരുന്നു ആര്‍.സി.ബിയുടെ വിജയം.

ആര്‍.സി.ബിയെ കിരീടത്തിലേക്ക് നയിക്കുന്നതില്‍ വിരാടിന്റെ പങ്കും വളരെ വലുതായിരുന്നു. 15 മത്സരത്തില്‍ നിന്നും 54.75 ശരാശരിയിലും 144.71 സ്‌ട്രൈക് റേറ്റിലും 657 റണ്‍സാണ് താരം അടിച്ചെടുത്തത്. റണ്‍വേട്ടക്കാരില്‍ മൂന്നാമനും വിരാട് തന്നെയായിരുന്നു. എട്ട് അര്‍ധ സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കിയ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 73* ആയിരുന്നു.

ഇത്തവണ ടൂര്‍ണമെന്റിന്റെ ഓപ്പണിങ് മാച്ചില്‍ ബെംഗളൂരു കളത്തിലിറങ്ങുന്നുണ്ട്. സ്വന്തം തട്ടകമായ ചിന്നസ്വാമിയില്‍ നടക്കുന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സാണ് എതിരാളികള്‍. നീണ്ട 18 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ആര്‍.സി.ബി ടൂര്‍ണമെന്റിന്റെ ഓപ്പണിങ് മാച്ച് കളിക്കുന്നത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

Content Highlight: IPL 2026: Irfan Pathan about Virat Kohli

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more