| Wednesday, 6th May 2026, 11:41 pm

ക്ലാസി ക്ലാസന്‍; താണ്ഡവമാടി എലീറ്റ് ലിസ്റ്റില്‍ രണ്ടാമനായി വെടിക്കെട്ട് വീരന്‍

ഫസീഹ പി.സി.

ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തി സണ്‍റൈസേഴ്സ് ഹൈദരാബാദ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 33 റണ്‍സിനായിരുന്നു ഉദയസൂര്യന്മാരുടെ വിജയം. വിജയത്തോടെ ഹൈദരാബാദ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്തി.

മത്സരത്തില്‍ ഹെന്റിക് ക്ലാസന്‍ മികച്ച പ്രകടനം നടത്തിയിരുന്നു. 43 പന്തില്‍ 69 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. നാല് സിക്‌സുകളും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 160.47 സ്‌ട്രൈക്ക് റേറ്റിലായിരുന്നു പ്രോട്ടിയാസ് ബാറ്റര്‍ ബാറ്റ് ചെയ്തത്.

ഹെന്‌റിക്ക് ക്ലാസന്‍. Photo: iplt20.com

ഇതോടെ ഒരു സൂപ്പര്‍ നേട്ടത്തിലും ക്ലാസന്‍ തന്റെ പേര് ചേര്‍ത്തു. ഒരു ഐ.പി.എല്‍ സീസണില്‍ നാലാം നമ്പറിലോ അതില്‍ താഴെയോ ബാറ്റ് ചെയ്ത് ഏറ്റവും കൂടുതല്‍ 50+ റണ്‍സ് സ്‌കോര്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് പ്രോട്ടിയാസ് ബാറ്റര്‍ നേടിയെടുത്തത്. അഞ്ച് തവണയാണ് താരം ഇങ്ങനെ 50+ റണ്‍സ് സ്‌കോര്‍ ചെയ്തത്.

എ.ബി. ഡി വില്ലിയേഴ്സിനും രജത് പാടിദാറിനും ഒപ്പമാണ് ക്ലാസന്‍ ഈ നേട്ടം പങ്കിടുന്നത്. ഈ നേട്ടത്തില്‍ ഒന്നാമത് ആറ് തവണ ഇങ്ങനെ 50+ റണ്‍സ് സ്‌കോര്‍ ചെയ്ത റിഷബ് പന്തും ഗ്ലെന്‍ മാക്സ്വെല്ലുമാണ്.

ഒരു ഐ.പി.എല്‍ സീസണില്‍ നാലാം നമ്പറിലോ അതില്‍ താഴെയോ ബാറ്റ് ചെയ്ത് ഏറ്റവും കൂടുതല്‍ 50+ റണ്‍സ് നേടിയ താരങ്ങള്‍

(താരം – വര്‍ഷം – എണ്ണം എന്നീ ക്രമത്തില്‍)

റിഷബ് പന്ത് – 2018 – 6

ഗ്ലെന്‍ മാക്സ്വെല്‍ – 2021 – 6

എ.ബി. ഡി വില്ലിയേഴ്സ് – 2020 – 5

രജത് പാടിദാര്‍ – 2024 – 5

ഹെന്റിക് ക്ലാസന്‍ – 2026 – 5

ഇഷാൻ കിഷൻ. Photo: SunRisers Hyderabad/x.com

ക്ലാസന് പുറമെ ഇഷാന്‍ കിഷനും അര്‍ധ സെഞ്ച്വറി നേടി. താരം 32 പന്തില്‍ 55 റണ്‍സാണ് എടുത്തത്. ട്രാവിസ് ഹെഡ് (19 പന്തില്‍ 38), നിതീഷ് കുമാര്‍ റെഡ്ഡി (13 പന്തില്‍ 29*) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. പഞ്ചാബിനായി യുസ്വേന്ദ്ര ചഹല്‍, ലോക്കി ഫെര്‍ഗുസന്‍, അര്‍ഷ്ദീപ് സിങ്, വിജയകുമാര്‍ വൈശാഖ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.

പഞ്ചാബിനായി കൂപ്പര്‍ കനോലി സെഞ്ച്വറി നേടി. 59 പന്തില്‍ പുറത്താവാതെ 107 റണ്‍സാണ് താരത്തിന്റെ സ്‌കോര്‍. മര്‍ക്കസ് സ്റ്റോയ്നിസ് (14 പന്തില്‍ 28), സൂര്യന്‍ഷ് ഷെഡ്ജെ (17 പന്തില്‍ 25), മാര്‍ക്കോ യാന്‍സന്‍ (16 പന്തില്‍ 19) എന്നിവരാണ് ടീമില്‍ രണ്ടക്കം കടന്ന മറ്റ് ബാറ്റര്‍മാര്‍.

ഹൈദരാബാദിനായി പാറ്റ് കമ്മിന്‍സും ശിവാംഗ് കുമാറും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. നിതീഷ് കുമാര്‍ റെഡ്ഡി, ഇഷാന്‍ മലിംഗ, സാകിബ് ഹുസൈന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.

Content Highlight: IPL 2026: Henrich Klaasen became second batter with most 50+ scores in an IPL Season while batting at no.4 or Lower

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more