| Saturday, 23rd May 2026, 11:40 am

ക്ലാസന്‍ കൊടുങ്കാറ്റില്‍ പിറന്നത് ചരിത്രം; മറ്റാരുമില്ലാത്ത ഉയരത്തില്‍ ഹൈദരാബാദിന്റെ വജ്രായുധം!

ഫസീഹ പി.സി.

ഐ.പി.എല്ലില്‍ ചരിത്രം കുറിച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ് ബാറ്റര്‍ ഹെന്റിക് ക്ലാസന്‍. ഒരു ഐ.പി.എല്‍ സീസണില്‍ നാലാം നമ്പറിലോ അതില്‍ താഴെയോ ബാറ്റ് ചെയ്ത് 600 റണ്‍സ് നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് പ്രോട്ടിയാസ് ബാറ്റര്‍ സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം ഉപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന ഹൈദരാബാദ് – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിലാണ് താരത്തിന്റെ നേട്ടം.

മത്സരത്തില്‍ ക്ലാസന്‍ 24 പന്തില്‍ 51 റണ്‍സെടുത്തിരുന്നു. അഞ്ച് സിക്‌സറുകളും രണ്ട് ഫോറുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 212.50 സ്‌ട്രൈക്ക് റേറ്റിലായിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ ബാറ്റിങ്.

ഈ ഇന്നിങ്‌സിനിടെ 45 റണ്‍സ് എടുത്തതോടെയാണ് ക്ലാസന്‍ സീസണില്‍ 600 റണ്‍സ് പൂര്‍ത്തിയാക്കിയത്. നിലവില്‍ താരത്തിന് 606 റണ്‍സുണ്ട്. ഇതോടെയാണ് താരം ഈ നേട്ടം കൈപിടിയിലൊതുക്കിയത്.

നാലാം നമ്പറിലോ അതില്‍ താഴെയോ ബാറ്റ് ചെയ്ത് 600 റണ്‍സ് നേടിയ ആദ്യ താരമായതോടെ സ്വാഭാവികമായും ഈ സ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായും ക്ലാസന്‍ മാറി. ഈ നേട്ടം ഇതുവരെ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ റിഷബ് പന്തിന്റെ പേരിലായിരുന്നു. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ 2018ല്‍ 579 റണ്‍സ് സ്‌കോര്‍ ചെയ്താണ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത്.

ഒരു ഐ.പി.എല്‍ സീസണില്‍ നാലാം നമ്പറിലോ അതില്‍ താഴെയോ ബാറ്റ് ചെയ്ത് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍

(താരം – വര്‍ഷം – റണ്‍സ് എന്നീ ക്രമത്തില്‍)

ഹെന്റിക് ക്ലാസന്‍ – 2026 – 606

റിഷബ് പന്ത് – 2018 – 579

റിയാന്‍ പരാഗ് – 2024 – 573

രോഹിത് ശര്‍മ – 2013 – 538

ഗ്ലെന്‍ മാക്‌സ്‌വെല്‍ – 2021 – 513

ദിനേശ് കാര്‍ത്തിക് – 2018 – 498

റിഷബ് പന്ത് – 2019 – 488

ഹെന്‌റിക്ക് ക്ലാസന്‍. Photo: SunRisers Hyderabad/x.com

അതേസമയം, സീസണിലുടനീളം സ്ഥിരതയാര്‍ന്ന പ്രകടനമാണ് ക്ലാസന്‍ നടത്തുന്നത്. 14 ഇന്നിങ്‌സുകളില്‍ കളിച്ച താരം ഇതിനകം തന്നെ ആറ് അര്‍ധ സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. 31, 52, 62, 39, 40, 59, 37, 29, 65, 11, 69, 14, 47, 51 എന്നിങ്ങനെയാണ് പ്രോട്ടിയാസ് ബാറ്ററുടെ ഈ സീസണിലെ സ്‌കോറുകള്‍. 50.50 ശരാശരിയും 159.47 സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്.

Content Highlight: IPL 2026: Heinrich Klaassen became first batter to 600+ runs in an IPL season while batting no. 4 or lower

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more