ഐ.പി.എല്‍ 2026ല്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഗുജറാത്ത് ടൈറ്റന്‍സിനോട് ദയനീയ തോല്‍വി വഴങ്ങിയിരുന്നു. അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ 82 റണ്‍സിനായിരുന്നു ടീമിന്റെ പരാജയം. ഗുജറാത്ത് ഉയര്‍ത്തിയ 169 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ടീം 86 റണ്‍സിന് പുറത്താവുകയായിരുന്നു.
മത്സരത്തില്‍ ഹെന്‌റിക് ക്ലാസന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. 16 പന്തുകള്‍ നേരിട്ട താരത്തിന് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചത് വെറും 14 റണ്‍സ് മാത്രമാണ്. രണ്ട് ഫോറുകളും പ്രോട്ടിയാസ് ബാറ്റര്‍ അടിച്ചിരുന്നു.
ഹെന്‌റിക്ക് ക്ലാസന്‍. Photo: IndianaPremierLeague/x.com
ഇന്നിങ്സോടെ ക്ലാസന്‍ ഈ സീസണിലെ തന്റെ സമ്പാദ്യം 508 ആക്കി ഉയര്‍ത്തി. ഇതോടെ ഒരു എലീറ്റ് ലിസ്റ്റിലും താരം ഇടം പിടിച്ചു. നാലാം നമ്പറിലോ താഴെയോ ബാറ്റ് ചെയ്ത് ഒരു ഐ.പി.എല്‍ സീസണില്‍ 500+ റണ്‍സ് നേടുന്ന അഞ്ചാമത്തെ താരമെന്ന നേട്ടമാണ് പ്രോട്ടിയാസ് ബാറ്റര്‍ തന്റെ പേരില്‍ കുറിച്ചത്.
2013 സീസണില്‍ രോഹിത് ശര്‍മയാണ് ഈ നേട്ടം സ്വന്തമാക്കിയത്. പിന്നീട് റിഷബ് പന്ത്, ഗ്ലെന്‍ മാക്‌സ് വെല്‍, റിയാന്‍ പരാഗ് എന്നിവരും ഈ നേട്ടം സ്വന്തമാക്കി.
2013 – രോഹിത് ശര്‍മ
2018 – റിഷബ് പന്ത്
2021 – ഗ്ലെന്‍ മാക്‌സ് വെല്‍
2024 – റിയാന്‍ പരാഗ്
2026 – ഹെന്‌റിക് ക്ലാസന്‍*
ഹെന്‌റിക്ക് ക്ലാസന്‍. Photo: iplt20.com
അതേസമയം, ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നിരാശപ്പെടുത്തിയെങ്കിലും ക്ലാസന്‍ സീസണിലുടനീളം സ്ഥിരതയാര്‍ന്ന പ്രകടനമാണ് നടത്തുന്നത്. 12 ഇന്നിങ്സുകളില്‍ കളിച്ച താരം ഇതിനകം തന്നെ അഞ്ച് അര്‍ധ സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. പഞ്ചാബ് കിങ്‌സിനെതിരെ നേടിയ 69 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 50.80 ശരാശരിയും 153.93 സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്.
Content Highlight: IPL 2026: Heinrich Klaasen became fifth batter to score 500+ runs in an IPL Season while batting at No.4 or lower