| Tuesday, 19th May 2026, 9:33 am

ചെന്നൈക്കെതിരായ ക്ലാസന്റെ താണ്ഡവം; സൂപ്പര്‍ നേട്ടത്തില്‍ അഞ്ചാമന്‍

ഫസീഹ പി.സി.

2026 ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലേഓഫില്‍ പ്രവേശിച്ചിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചായിരുന്നു ടീമിന്റെ കുതിപ്പ്. സി.എസ്. കെയുടെ തട്ടകമായ ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ ഇഷാന്‍ കിഷന്റെ കരുതിലായിരുന്നു ഹൈദരാബാദിന്റെ വിജയം.

മത്സരത്തില്‍ ഹെന്റിക് ക്ലാസന്‍ മികച്ച പ്രകടനം നടത്തിയിരുന്നു. 26 പന്തുകളില്‍ നിന്ന് 47 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. രണ്ട് സിക്‌സറുകളും ആറ് ഫോറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 180.77 സ്‌ട്രൈക്ക് റേറ്റിലായിരുന്നു പ്രോട്ടിയാസ് ബാറ്ററുടെ ബാറ്റിങ്.

ഹെന്‌റിക്ക് ക്ലാസന്‍. Photo: iplt20.com

ഇന്നിങ്‌സിനിടെ ക്ലാസന്‍ ഐ.പി.എല്ലില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കിയിരുന്നു. മത്സരത്തില്‍ ചെന്നൈക്കെതിരെ 12 റണ്‍സ് നേടിയതോടെയാണ് താരം നാഴികക്കല്ല് പൂര്‍ത്തിയാക്കിയത്. നിലവില്‍ താരത്തിന് ഐ.പി.എല്ലില്‍ 2035 റണ്‍സുണ്ട്. ടൂര്‍ണമെന്റില്‍ ഹൈദരാബാദിന് പുറമെ രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു എന്നിവര്‍ക്കായും കളത്തിലിറങ്ങിയാണ് താരം ഇത്രയും റണ്‍സ് അടിച്ചെടുത്തത്.

ഇതോടെ ഒരു നേട്ടവും ക്ലാസന്‍ സ്വന്തമാക്കി. ഇന്നിങ്‌സിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ 2000 ഐ.പി.എല്‍ റണ്‍സ് നേടുന്ന അഞ്ചാമത്തെ താരമെന്ന നേട്ടമാണ് പ്രോട്ടിയാസ് വിക്കറ്റ് കീപ്പര്‍ നേടിയത്. 58 ഇന്നിങ്സുകളില്‍ കളിച്ചാണ് താരം ഇത്രയും റണ്‍സ് സ്‌കോര്‍ ചെയ്തത്. 47 ഇന്നിങ്സുകളില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കിയ ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ സായ് സുദര്‍ശാനാണ് ഈ ലിസ്റ്റില്‍ ഒന്നാമത്.

ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരങ്ങള്‍, ഇന്നിങ്സ് (ഇന്നിങ്‌സിന്റെ അടിസ്ഥാനത്തില്‍)

സായ് സുദര്‍ശന്‍ – 47

ക്രിസ് ഗെയ്ല്‍ – 48

ഷോണ്‍ മാര്‍ഷ് – 52

ഋതുരാജ് ഗെയ്ക്വാദ് – 57

ഹെന്റിക് ക്ലാസന്‍ – 58

മത്സരത്തില്‍ 47 പന്തില്‍ 70 റണ്‍സെടുത്ത് ഇഷാന്‍ കിഷന്‍ ടീമിന്റെ ടോപ് സ്‌കോററായി. ഒപ്പം അഭിഷേക് ശര്‍മ 21 പന്തില്‍ 26 റണ്‍സെടുത്ത് മികവ് പുലര്‍ത്തി. ചെന്നൈക്കായി മുകേഷ് ചൗധരി രണ്ട് വിക്കറ്റുകള്‍ എടുത്തു. അകീല്‍ ഹൊസൈന്‍, നൂര്‍ അഹമ്മദ്, അന്‍ഷുല്‍ കംബോജ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

Content Highlight: IPL 2026: Heinrich Klaasen became fifth batter to fastest complete 2000 runs in IPL by innings

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more