| Friday, 29th May 2026, 4:19 pm

രണ്ടാം ക്വാളിഫയര്‍ മഴയെടുക്കുമോ; മത്സരം ഉപേക്ഷിച്ചാല്‍ ആര് ഫൈനലിലെത്തും?

Sudev A

2026 ഐ.പി.എല്ലില്‍ രണ്ടാം ക്വാളിഫയര്‍ പോരാട്ടം ഇന്നാണ് നടക്കുന്നത്. ഫൈനല്‍ യോഗ്യത ഉറപ്പാക്കാന്‍ ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്. പി.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.

ഒന്നാം ക്വാളിഫയറില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് പരാജയപ്പെട്ടാണ് ഗില്ലും സംഘവും രാജസ്ഥാനെതിരെ കളത്തിലിറങ്ങുന്നത്. എലിമിനേറ്ററില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തിയാണ് രാജസ്ഥാന്‍ വരുന്നത്.

രാജസ്ഥാൻ റോയൽസ്

ചരിത്രത്തിലെ മൂന്നാം ഫൈനല്‍ ലക്ഷ്യമിട്ടാണ് രാജസ്ഥാന്‍ നിര്‍ണായക മത്സരത്തിനിറങ്ങുന്നത്. 2008ല്‍ ആദ്യ ഐ.പി.എല്‍ സീസണില്‍ ഷെയ്ന്‍ വോണിന് കീഴില്‍ ആദ്യ കിരീടം ചൂടിയ രാജസ്ഥാന്‍, 2022ല്‍ മലയാളി താരം സഞ്ജു സാംസണിന്റെ കീഴിലാണ് രണ്ടാം ഫൈനലിനെത്തിയത്. എന്നാല്‍ ആ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ട് റോയല്‍സിന് കിരീടം നഷ്ടമാവുകയായിരുന്നു.

മറുഭാഗത്ത് ഗുജറാത്ത് ടൈറ്റന്‍സും തങ്ങളുടെ മൂന്നാം ഫൈനല്‍ യോഗ്യത ഉറപ്പാക്കാനാണ് രാജസ്ഥാനെതിരെ കളത്തിലിറങ്ങുന്നത്. 2022ല്‍ അരങ്ങേറ്റ സീസണില്‍ തന്നെ രാജസ്ഥാനെ വീഴ്ത്തി കിരീടം നേടാന്‍ ഗുജറാത്തിന് സാധിച്ചിരുന്നു. തൊട്ടടുത്ത സീസണില്‍ ഫൈനല്‍ വരെ ഗുജറാത്ത് മുന്നേറി. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്സിനോട് ഗുജറാത്ത് പരാജയപ്പെടുകയായിരുന്നു.

ഗുജറാത്ത് ടൈറ്റന്‍സ്

ഈ ആവേശകരമായ മത്സരത്തില്‍ മഴ വില്ലനായി എത്തുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. മത്സരത്തില്‍ മഴയെത്തുമെന്നാണ് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രവചനങ്ങളെല്ലാം മറികടന്ന് മഴമൂലം മത്സരം ഉപേക്ഷിച്ചാല്‍ ഏത് ടീം ഫൈനലിലേക്ക് യോഗ്യത നേടുമെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.

ഐ.പി.എല്ലില്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് റിസര്‍വ് ഡേ അനുവദിച്ചിട്ടില്ല. മത്സരം പൂര്‍ണമായും മഴമൂലം ഉപേക്ഷിക്കപ്പെടുകയാണെങ്കില്‍ സൂപ്പര്‍ ഓവറിലൂടെയായിരിക്കും വിജയിയെ തീരുമാനിക്കുക. എന്നാല്‍ മഴമൂലം സൂപ്പര്‍ ഓവറും നടത്താന്‍ സാധിച്ചില്ലെങ്കില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ മികച്ച സ്ഥാനം നേടിയ ടീം ഫൈനലിലേക്ക് കടക്കും.

ഗ്രൂപ്പ് സ്റ്റേജില്‍ 18 പോയിന്റുമായി രണ്ടാം സ്ഥാനത്തായിരുന്നു ശുഭ്മന്‍ ഗില്ലും സംഘവും ഫിനിഷ് ചെയ്തത്. +0.695 എന്ന മികച്ച റണ്‍ റേറ്റും ടീമിനുണ്ടായിരുന്നു. മറുഭാഗത്ത് 16 പോയിന്റുമായി നാലാം സ്ഥാനത്താണ് രാജസ്ഥാന്‍ ഫിനിഷ് ചെയ്തത്. +0.189 ആണ് രാജസ്ഥാന്റെ റണ്‍ റേറ്റ്. മഴമൂലം മത്സരം ഉപേക്ഷിക്കപ്പെട്ടാല്‍ രണ്ടാം സ്ഥാനത്തെത്തിയ ഗുജറാത്ത് ഫൈനലിലേക്ക് കടക്കും.

മെയ് 31നാണ് ഫൈനല്‍ പോരാട്ടം നടക്കുന്നത്. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെയാണ് രണ്ടാം ക്വാളിഫയറിലെ വിജയികള്‍ നേരിടുക.

Content Highlight: IPL 2026; Gujarat Titans vs Rajasthan Royals qualifier two rain possibilities

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more