ഐ.പി.എല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ഗുജറാത്ത് ടൈറ്റൻസിനോട് വമ്പൻ പരാജയം ഏറ്റുവാങ്ങിയിരുന്നു. ജി.ടിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 82 റൺസിന്റെ തോൽവിയാണ് മുൻ ചാമ്പ്യന്മാർ വഴങ്ങിയത്.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 169 റൺസിന്റെ വിജയലക്ഷ്യമുയർത്തി. ഇത് പിന്തുടർന്ന ഹൈദരാബാദിന് അമ്പേ പിഴച്ചു. താരങ്ങൾക്ക് തിളങ്ങാനാവാതെ വന്നതോടെ ടീം 86 റൺസിന് ഓൾ ഔട്ടായി.
സൺറൈസേഴ്‌സ് ഹൈദരാബാദ് താരങ്ങൾ. Photo: iplt20.com
ഇതോടെ ഐ.പി.എല്ലിൽ തങ്ങളുടെ ഏറ്റവും ചെറിയ സ്കോറും ഹൈദരാബാദ് കുറിച്ചു. 2019ൽ മുംബൈ ഇന്ത്യൻസിനെതിരെ 96 റൺസിന് ടീം പുറത്തായിരുന്നു. ഇതായിരുന്നു ഇതുവരെ ടീമിന്റെ ഏറ്റവും ചെറിയ സ്കോർ. അതാണ് ഇപ്പോൾ പഴങ്കഥയായത്.
(സ്കോർ – എതിരാളികൾ – വർഷം എന്നീ ക്രമത്തിൽ)
86/10 – ഗുജറാത്ത് ടൈറ്റൻസ് – 2026*
96/10 – മുംബൈ ഇന്ത്യൻസ് – 2019
113/10 – മുംബൈ ഇന്ത്യൻസ് – 2015
113/10 – കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് – 2024
114/10 – പഞ്ചാബ് കിങ്‌സ് – 2020
ഹൈദരാബാദ് നിരയിൽ ഒമ്പത് പന്തിൽ 19 റൺസെടുത്ത ക്യാപ്റ്റൻ പാറ്റ് കമ്മിൻസാണ് ടോപ് സ്‌കോറർ. താരത്തിന് പുറമെ സലിൽ അറോറ (13 പന്തിൽ 16), ഹെൻറിക് ക്ലാസൻ (16 പന്തിൽ 14), ഇഷാൻ കിഷൻ (ഏഴ് പന്തിൽ 11) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. മറ്റാർക്കും കാര്യമായി സംഭാവന ചെയ്യാൻ സാധിച്ചില്ല.
ഗുജറാത്തിനായി ജേസൺ ഹോൾഡറും റബാദയും മൂന്ന് വിക്കറ്റുകൾ വീതം നേടി. പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ റാഷിദ് ഖാൻ, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.
ബാറ്റിങ്ങിൽ ഗുജറാത്തിനായി സായ് സുദർശൻ 44 പന്തിൽ 61 റൺസും വാഷിങ്ടൺ സുന്ദർ 33 പന്തിൽ 50 റൺസുമെടുത്തു. ഹൈദരാബാദിനായി പ്രഫുൽ ഹിംഗെയും സാകിബ് ഹുസൈനും രണ്ട് വിക്കറ്റുകൾ പിഴുതു. കമ്മിൻസ് ശേഷിക്കുന്ന ഒരു വിക്കറ്റും വീഴ്ത്തി.
മെയ് 18നാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം. ചെന്നൈ സൂപ്പർ കിങ്‌സാണ് എതിരാളികൾ. സി.എസ്.കെയുടെ തട്ടകമായ ചെപ്പോക്കാണ് വേദി.
Content Highlight: IPL 2026: GT vs SRH: Sunrisers Hyderabad registered their lowest score in IPL