ഐ.പി.എല്ലില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 82 റണ്‍സിന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തകര്‍ത്തെറിയുകയായിരുന്നു. കാഗിസോ റബാദയുടെ കരുത്തിലായിരുന്നു ടീമിന്റെ വിജയം.
ഗുജറാത്ത് ഉയര്‍ത്തിയ 169 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 86 റണ്‍സിന് പുറത്താവുകയായിരുന്നു. ഇതോടെ ഗുജറാത്ത് പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി.
ഗുജറാത്ത് ടൈറ്റൻസ്. Photo: IndianPremierlLeague/x.com
വിജയത്തോടെ ഒരു സൂപ്പര്‍ നേട്ടവും ഗുജറാത്ത് സ്വന്തമാക്കി. ഐ.പി.എല്ലില്‍ റണ്‍സിന്റെ അടിസ്ഥാനത്തില്‍ ടീമിന്റെ ഏറ്റവും വലിയ വിജയമാണ് ഗുജറാത്ത് ഓറഞ്ച് ആര്‍മിക്കെതിരെ കുറിച്ചത്. 2026ല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ നേടിയ 77 റണ്‍സിന്റെ വിജയത്തെ പിന്തള്ളിയാണ് ഈ വിജയം ഒന്നാമതായത്.
(റണ്‍സ് – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
82 – സണ്‍റൈസേഴ്സ് ഹൈദരാബാദ് – 2026*
77 – രാജസ്ഥാന്‍ റോയല്‍സ് – 2026
62 – മുംബൈ ഇന്ത്യന്‍സ് – 2023
62 – ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് – 2022
58 – രാജസ്ഥാന്‍ റോയല്‍സ് – 2025
മത്സരത്തില്‍ ഗുജറാത്തിനായി സായ് സുദര്‍ശന്‍ 44 പന്തില്‍ 61 റണ്‍സും വാഷിങ്ടണ്‍ സുന്ദര്‍ 33 പന്തില്‍ 50 റണ്‍സുമെടുത്ത് തിളങ്ങി. ഇവര്‍ക്കൊപ്പം 14 പന്തില്‍ 22 റണ്‍സെടുത്ത നിഷാന്ത് സിന്ധുവും ഭേദപ്പെട്ട പ്രകടനം നടത്തി.
ബൗളിങ്ങില്‍ ജേസണ്‍ ഹോള്‍ഡറും റബാദയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ റാഷിദ് ഖാന്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.
മറുവശത്ത് പാറ്റ് കമ്മിന്‍സ് (ഒമ്പത് പന്തില്‍ 19), സലില്‍ അറോറ (13 പന്തില്‍ 16), ഹെന്റിക് ക്ലാസന്‍ (16 പന്തില്‍ 14), ഇഷാന്‍ കിഷന്‍ (ഏഴ് പന്തില്‍ 11) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ബൗളിങ്ങില്‍ പ്രഫുല്‍ ഹിംഗെയും സാകിബ് ഹുസൈനും രണ്ട് വിക്കറ്റുകളും കമ്മിന്‍സ് ഒരു വിക്കറ്റും വീഴ്ത്തി.
Content Highlight: IPL 2026: GT vs SRH: Gujarat Titans registered their biggest win in IPL by runs