| Friday, 14th November 2025, 9:16 am

സഞ്ജുവും ജഡ്ഡുവും മാത്രമല്ല, ദേ ഇവരും ടീം മാറി; കംപ്ലീറ്റ് ലിസ്റ്റ്

സ്പോര്‍ട്സ് ഡെസ്‌ക്

എല്ലാ അഭ്യൂഹങ്ങള്‍ക്കും റിപ്പോര്‍ട്ടുകള്‍ക്കും വിരാമമിട്ട് കഴിഞ്ഞ ദിവസമാണ് സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സുമായി കരാറിലെത്തിയത്. അടുത്ത സീസണില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ചെപ്പോക്കിന്റെ മണ്ണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളത്തിലിറങ്ങും.

സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെയും സൂപ്പര്‍ താരം സാം കറനെയും കൈമാറിയാണ് സൂപ്പര്‍ കിങ്‌സ് സഞ്ജുവിനെ ടീമിലെത്തിച്ചത്.

ഈ മൂന്ന് താരങ്ങള്‍ മാത്രമല്ല, അധികം ചര്‍ച്ചയാകാതെ പോയ ചില ഡീലുകള്‍ക്കും ഐ.പി.എല്‍ പോയ ദിവസങ്ങളില്‍ സാക്ഷികളായി. ലോര്‍ഡ് താക്കൂറിനെ മുംബൈ സ്വന്തമാക്കിയതും അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിനെ ദില്‍ സേ ആര്‍മി കൈവിട്ടുകളഞ്ഞതും ഐ.പി.എല്ലിലെ പ്രധാന വാര്‍ത്തകളായി.

രണ്ട് കോടിക്കാണ് മുംബൈ ഇന്ത്യന്‍സ് ഷര്‍ദുല്‍ താക്കൂറിനെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ നിന്നും വാംഖഡെയുടെ മണ്ണിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ സൂപ്പര്‍ ജയന്റ്‌സിനായി താക്കൂര്‍ മോശമല്ലാത്ത രീതിയില്‍ പന്തെറിഞ്ഞിരുന്നു. പത്ത് മത്സരത്തില്‍ നിന്നും 13 വിക്കറ്റുകളാണ് താക്കൂര്‍ സ്വന്തമാക്കിയത്.

കഴിഞ്ഞ മെഗാ താരലേലത്തില്‍ ഒരു ടീമും താക്കൂറിനെ ടീമിലെത്തിക്കാന്‍ താത്പര്യം കാണിച്ചിരുന്നില്ല. സൂപ്പര്‍ പേസര്‍ മൊഹ്‌സിന്‍ ഖാന്‍ പരിക്കേറ്റ് പുറത്തായതോടെയാണ് താക്കൂര്‍ സൂപ്പര്‍ ജയന്റ്‌സിന്റെ ഭാഗമായത്.

മുംബൈ ഇന്ത്യന്‍സ് അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിനെ കൈവിട്ടുകളഞ്ഞിരിക്കുകയാണ്. അടുത്ത സീസണില്‍ താരം എകാന സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ സൂപ്പര്‍ ജയന്റ്‌സിന് വേണ്ടി കളത്തിലിറങ്ങും. 30 ലക്ഷം രൂപയ്ക്ക് ലഖ്‌നൗ താരത്തെ ടീമിലെത്തിച്ചത്. ഐ.പി.എല്‍ കരിയറില്‍ അഞ്ച് മത്സരത്തില്‍ നിന്നും മൂന്ന് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.

ഷര്‍ദുല്‍ താക്കൂറിനൊപ്പം ഷെര്‍പാന്‍ റൂഥര്‍ഫോര്‍ഡിനെയും മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നുമാണ് റൂഥര്‍ഫോര്‍ഡ് വാംഖഡെയിലെത്തിയത്. 2.6 കോടിക്കാണ് റൂഥര്‍ഫോര്‍ഡിനെ മുംബൈ ടീമിലെത്തിച്ചത്.

ഐ.പി.എല്‍ 2026 – ട്രേഡ് ഇതുവരെ

സഞ്ജു സാംണ്‍ – രാജസ്ഥാനില്‍ നിന്നും ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക്

രവീന്ദ്ര ജഡേജ – ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നും രാജസ്ഥാന്‍ റോയല്‍സിലേക്ക്

സാം കറന്‍ – ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നും രാജസ്ഥാന്‍ റോയല്‍സിലേക്ക്

ഷര്‍ദുല്‍ താക്കൂര്‍ – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ നിന്നും മുംബൈ ഇന്ത്യന്‍സിലേക്ക്

ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ് – ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും മുംബൈ ഇന്ത്യന്‍സിലേക്ക്

അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ – മുംബൈ ഇന്ത്യന്‍സില്‍ നിന്നും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലേക്ക്

Content Highlight: IPL 2026: Full list of player trades so far

We use cookies to give you the best possible experience. Learn more