2026 ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും പഞ്ചാബ് കിങ്സും തമ്മിലുള്ള മത്സരം കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുകയാണ്. നിലവില്‍ മഴ കാരണം തടസപ്പെട്ടിട്ടുണ്ട്.
മത്സരത്തില്‍ ആദ്യം ചെയ്ത കൊല്‍ക്കത്ത 3.4 ഓവറുകള്‍ പിന്നിട്ടപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 25 എന്ന നിലയിലാണ് കളി നിര്‍ത്തിവെച്ചത്. ആറ് പന്തില്‍ എട്ട് റണ്‍സെടുത്ത അജിന്‍ക്യ രഹാനെയും ഏഴ് പന്തില്‍ ഏഴ് റണ്‍സെടുത്ത അംഗ്രിഷ് രഘുവംശിയുമാണ് ക്രീസിലുള്ളത്.
കാമറൂൺ ഗ്രീൻ. Photo: Shebas/x.com
മത്സരത്തില്‍ കൊല്‍ക്കത്തയുടെ കാമറൂണ്‍ ഗ്രീന്‍ വീണ്ടും നിരാശപ്പെടുത്തി. താരം രണ്ട് പന്തില്‍ നാല് റണ്‍സാണ് സ്‌കോര്‍ ചെയ്തത്. നേരത്തെ ആദ്യ രണ്ട് മത്സരത്തിലും താരത്തിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല.
2026 ഐ.പി.എല്‍ സീസണിന് മുന്നോടിയായി നടന്ന താരലേലത്തിലൂടെയാണ് കൊല്‍ക്കത്ത ഗ്രീനിനെ ടീമിലെത്തിച്ചത്. കെ.കെ.ആര്‍ താരത്തെ സ്വന്തമാക്കിയത് 25.20 കോടി രൂപക്കാണ്.
എന്നാല്‍, ഗ്രീന്‍ ഇതുവരെ സീസണില്‍ വലിയ പ്രകടനം നടത്തിയിട്ടില്ല. മൂന്ന് മത്സരങ്ങളില്‍ നിന്ന് 24 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 18 റണ്‍സും രണ്ടാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ രണ്ട് റണ്‍സും മാത്രമാണ് ഓസീസ് ഓള്‍റൗണ്ടര്‍ സ്‌കോര്‍ ചെയ്തത്.
മൂന്നാം മത്സരത്തിലും മോശം ഫോം തുടര്‍ന്നതോടെ ഗ്രീനിനെതിരെ വലിയ വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. ഒരു റണ്ണിന് 1.05 കോടിയാണ് ചെലവ്, കൊല്‍ക്കത്ത ഗ്രീനിനെ റിട്ടേണ്‍ ചെയ്ത് ക്യാഷ്ബാക് നേടണമെന്നുമാണ് പ്രധാന ട്രോളുകള്‍.
മത്സരത്തില്‍ ഗ്രീനിന് പുറമെ, ഫിന്‍ അലന്റെ വിക്കറ്റും കൊല്‍ക്കത്തയ്ക്ക് നഷ്ടമായി. ഏഴ് പന്തില്‍ ആറ് റണ്‌സെടുത്തായിരുന്നു താരത്തിന്റെ മടക്കം. സേവ്യര്‍ ബാര്‍ട്ട്‌ലറ്റാണ് ഇരുവരുടെയും വിക്കറ്റുകള്‍ വീഴ്ത്തിയത്.
Content Highlight: IPL 2026: Fans troll Cameron Green after another disappointing outing