2026 ഐ.പി.എല്ലില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ദല്‍ഹി ക്യാപിറ്റല്‍സ്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ദല്‍ഹി മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയത്. സമീര്‍ റിസ്വിയുടെ ബാറ്റിങ് കരുത്തിലാണ് ടീമിന്റെ വിജയം.
മുംബൈ ഉയര്‍ത്തിയ 163 റണ്‍സിന്റെ വിജയലക്ഷ്യം ദല്‍ഹി 11 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. അതോടെ ഈ സീസണിലെ രണ്ടാം വിജയം സ്വന്തമാക്കാനും അക്‌സറും സംഖ്യത്തിനും സാധിച്ചു.
മത്സരത്തില്‍ ദല്‍ഹിക്ക് തുടക്കത്തില്‍ തന്നെ പിഴച്ചിരുന്നു. ഏഴ് റണ്‍സ് ചേര്‍ത്തപ്പോഴേക്കും രണ്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. എന്നാല്‍, അപ്പോഴും ഉറച്ച് നിന്ന ഓപ്പണര്‍ പാത്തും നിസങ്ക തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്തു. താരം 30 പന്തില്‍ 44 റണ്‍സെടുത്ത് മടങ്ങുകയായിരുന്നു.
സമീർ റിസ്‌വി. Photo: IndianPremierLeague/x.com
പിന്നാലെ ഒന്നിച്ച സമീര്‍ റിസ്വി – ഡേവിഡ് മില്ലര്‍ സഖ്യം അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി ടീമിനെ വിജയത്തോട് അടുപ്പിച്ചു. സ്‌കോര്‍ 151ല്‍ നില്‍ക്കെ റിസ്വിയെ കോര്‍ബിന്‍ ബോഷ് പുറത്താക്കി. 51 പന്തില്‍ 90 റണ്‍സ് എടുത്തായിരുന്നു താരത്തിന്റെ മടക്കം.
അതോടെ ആറാമനായി ട്രിസ്റ്റന്‍ സ്റ്റബ്‌സ് ക്രീസിലെത്തി. മില്ലറും സ്റ്റബ്സും ചേര്‍ന്ന് ദല്‍ഹിക്ക് രണ്ടാം വിജയം സമ്മാനിക്കുകയായിരുന്നു. മില്ലര്‍ 18 പന്തില്‍ 21 റണ്‍സും സ്റ്റബ്‌സ് നാല് പന്തുകള്‍ നേരിട്ട് മൂന്ന് റണ്‍സുമായി പുറത്താവാതെ നിന്നു.
മുംബൈക്കായി ദീപക് ചഹര്‍, മിച്ചല്‍ സാന്റ്‌നര്‍, കോര്‍ബിന്‍ ബോഷ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തെ മത്സരത്തില്‍ മുംബൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തിരുന്നു. ടീമിനായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് അര്‍ധ സെഞ്ച്വറി നേടി. 36 പന്തില്‍ 51 റണ്‍സാണ് സ്‌കൈ സ്‌കോര്‍ ചെയ്തത്.
സൂര്യകുമാർ യാദവ്. Photo: IndianPremierLeague/x.com
ഒപ്പം രോഹിത് 26 പന്തില്‍ 35 റണ്‍സും നമന്‍ ധിര്‍ 21 പന്തില്‍ 28 റണ്‍സും ചേര്‍ത്തു. മിച്ചല്‍ സാന്റ്‌നര്‍ (13 പന്തില്‍ 18*), കോര്‍ബിന്‍ ബോഷ് (നാല് പന്തില്‍ 11*) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.
ദല്‍ഹിക്കായി മുകേഷ് കുമാര്‍ രണ്ട് വിക്കറ്റുകളെടുത്ത് തിളങ്ങി. അക്സര്‍ പട്ടേല്‍, വിപ്രജ് നിഗം, ടി. നടരാജന്‍, ലുങ്കി എന്‍ഗിഡി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.
Content Highlight: IPL 2026: DC vs MI: Delhi Capitals defeated Mumbai Indians