| Tuesday, 12th May 2026, 2:09 pm

വിജയത്തിന് പിന്നാലെ ദല്‍ഹിക്ക് തിരിച്ചടി; അക്‌സറിന് കിട്ടിയത് എട്ടിന്റെ പണി!

ഫസീഹ പി.സി.

ദല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ അക്സര്‍ പട്ടേലിന് പിഴയിട്ട് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍). കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്‌സിനെതിരെ നടന്ന മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിനാണ് പിഴ.

ഇത് ആദ്യമായാണ് ഈ സീസണില്‍ ദല്‍ഹി കുറഞ്ഞ ഓവര്‍ നിരക്കിന് ശിക്ഷിക്കപ്പെടുന്നത്. അതിനാല്‍ തന്നെ അക്സര്‍ പിഴയായി ഒടുക്കേണ്ടത് 12 ലക്ഷം രൂപയാണ്. ഐ.പി.എല്ലിന്റെ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.22 പ്രകാരമാണ് താരത്തിനെതിരെയുള്ള നടപടി എടുത്തിരിക്കുന്നത്.

അക്‌സർ പട്ടേൽ.

‘പഞ്ചാബ് കിങ്‌സിനെതിരെയുള്ള മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന് അക്സര്‍ പട്ടേലിന് പിഴ ചുമത്തി. ഇത് ടീമിന്റെ ആദ്യ കുറ്റകൃത്യമായതിനാല്‍ 12 ലക്ഷം രൂപയാണ് പിഴ നല്‍കിയിരിക്കുന്നത്,’ ഐ.പി.എല്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

ഐ.പി.എല്‍ 2026ല്‍ കുറഞ്ഞ ഓവര്‍ നിരക്കിന് പിഴ ലഭിക്കുന്ന ആറാമത്തെ ക്യാപ്റ്റനാണ് അക്സര്‍. പഞ്ചാബ് കിങ്സ് നായകന്‍ ശ്രേയസ് അയ്യരിനായിരുന്നു ആദ്യമായി പിഴ ലഭിച്ചത്. താരത്തിനാകട്ടെ മറ്റൊരു മത്സരത്തിലും കുറഞ്ഞ ഓവര്‍ നിരക്കിന് പിഴ ഒടുക്കേണ്ടി വന്നിരുന്നു. പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ ഋതുരാജ് ഗെയ്ക്വാദ്, മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യ, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന്‍ അജിന്‍ക്യ രഹാനെ എന്നിവര്‍ക്കും പിഴ ലഭിച്ചു.

അക്‌സർ പട്ടേലും ഡേവിഡ് മില്ലറും.

അതേസമയം, കഴിഞ്ഞ ദിവസം ധര്‍മശാലയില്‍ മത്സരത്തില്‍ മൂന്ന് വിക്കറ്റിന് ദല്‍ഹി ക്യാപിറ്റല്‍സ് വിജയിച്ചിരുന്നു. പഞ്ചാബ് കിങ്സ് ഉയര്‍ത്തിയ 211 റണ്‍സിന്റെ വിജയലക്ഷ്യം ദല്‍ഹി ആറ് പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു.

ക്യാപ്റ്റന്‍ അക്സര്‍ പട്ടേലിന്റെയും ഡേവിഡ് മില്ലറുടെയും അര്‍ധ സെഞ്ച്വറികളും അശുതോഷ് ശര്‍മ, മാധവ് തിവാരി എന്നിവര്‍ അവസാന ഓവറുകള്‍ നടത്തിയ പോരാട്ടവുമാണ് ടീമിന് വിജയം സമ്മാനിച്ചത്.

Content Highlight: IPL 2026: DC captain Axar Patel fined 12 lakh for slower rate

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more