| Sunday, 19th April 2026, 8:28 am

തോല്‍വിയിലും ചിരിച്ച് മാഹ്‌ത്രെ; വെട്ടി വീഴ്ത്തിയത് തലയടക്കം മൂന്ന് പേരെ!

ഫസീഹ പി.സി.

2026ല്‍ ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് നാലാം തോല്‍വി വഴങ്ങിയിരുന്നു. രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ സണ്‍റൈസേഴ്സ് ഹൈദരാബാദിന് മുന്നിലാണ് യെല്ലോ ആര്‍മി അടിയറവ് പറഞ്ഞത്. മത്സരത്തില്‍ പത്ത് റണ്‍സിനാണ് ടീമിന്റെ തോല്‍വി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഉദയസൂര്യന്മാര്‍ ഒമ്പത് വിക്കറ്റിന് 194 റണ്‍സെടുത്തിരുന്നു. ഇത് പിന്തുടര്‍ന്ന ചെന്നൈയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്.

ചെന്നൈക്കായി മത്സരത്തില്‍ ആയുഷ് മാഹ്‌ത്രെ ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. 13 പന്തില്‍ 30 റണ്‍സെടുത്ത് താരം ടീമിന്റെ രണ്ടാമത്തെ ടോപ് സ്‌കോററായിരുന്നു. മൂന്ന് ഫോറുകളാണ് ഈ ഇന്നിങ്‌സിനിടെ ചെന്നൈ ഓപ്പണര്‍ അതിര്‍ത്തി കടത്തിയത്. 230.77 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്.

ആയുഷ് മാഹ്ത്രെ. Photo: iplt20.com

ഇതോടെ ഒരു സൂപ്പര്‍ നേട്ടവും മാഹ്‌ത്രെ സ്വന്തമാക്കി. ഐ.പി.എല്ലില്‍ 13 ഇന്നിങ്സുകള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ 30+ സ്‌കോര്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന പട്ടമാണ് 19കാരന്‍ തന്റെ പേരില്‍ ചാര്‍ത്തിയത്. താരം ഒന്നാം സ്ഥാനത്തെത്തിയത് ഒമ്പത് ഇന്നിങ്‌സില്‍ 30ന് മുകളില്‍ സ്‌കോര്‍ ചെയ്താണ്.

ചെന്നൈയുടെ തല എം.എസ്.ധോണി, ഗൗതം ഗംഭീര്‍, മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍ താരം രോഹിത് ശര്‍മ എന്നിവരെ മറികടന്നാണ് മാഹ്‌ത്രെയുടെ കുതിപ്പ്. മൂവരും 13 ഇന്നിങ്സുകള്‍ക്ക് ശേഷം എട്ട് തവണയാണ് 30+ സ്‌കോര്‍ കണ്ടെത്തിയത്.

ഐ.പി.എല്ലില്‍ 13 ഇന്നിങ്സുകള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ തവണ 30+ റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍, എണ്ണം

ആയുഷ് മാഹ്‌ത്രെ – 9

എം.എസ് ധോണി – 8

ഗൗതം ഗംഭീര്‍ – 8

രോഹിത് ശര്‍മ – 8

ചെന്നൈക്കായി മാത്യു ഷോര്‍ട്ട് 30 പന്തില്‍ 34 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി. സര്‍ഫറാസ് ഖാന്‍ 19 പന്തില്‍ 25 റണ്‍സും ശിവം ദുബൈ 21 റണ്‍സും നേടി. സഞ്ജു സാംസണ്‍ അടക്കമുള്ള ടീമിലെ മറ്റാര്‍ക്കും കാര്യമായി സംഭാവന ചെയ്യാന്‍ സാധിച്ചില്ല.

ബൗളിങ്ങില്‍ അന്‍ഷുല്‍ കാംബോജ്, ഓവര്‍ട്ടണ്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകളും മുകേഷ് ചൗധരി രണ്ട് വിക്കറ്റും നേടി തിളങ്ങി. ഗുര്‍ജപ്നീത് സിങ് ഒരു വിക്കറ്റും വീഴ്ത്തി.

Content Highlight: IPL 2026: CSK vs SRH: Ayush Mhatre tops the list most 30 plus runs after 13 IPL innings

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more