2026 ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലുള്ള മത്സരം ആര്‍.സി.ബിയുടെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തുടരുകയാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍.സി.ബി നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റിന് 250 റണ്‍സ് പടുത്തുയര്‍ത്തിയിട്ടുണ്ട്. ടിം ഡേവിഡിന്റെ തകര്‍പ്പന്‍ ബാറ്റിങ് കരുത്തിലാണ് ടീം കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയത്.
മത്സരത്തില്‍ 250 റണ്‍സ് സ്‌കോര്‍ ചെയ്തതോടെ ആര്‍.സി.ബി ഒരു നേട്ടവും കുറിച്ചു. ചെന്നൈക്കെതിരെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ഉയര്‍ത്തുന്ന ടീം എന്ന നേട്ടമാണ് പ്ലേ ബോള്‍ഡ് ആര്‍മി സ്വന്തമാക്കിയത്. പഞ്ചാബ് കിങ്‌സിനെ മറികടന്നാണ് ഡിഫന്‍ഡിങ് ചാമ്പ്യന്മാരുടെ ഈ നേട്ടം. 2014ല്‍ പഞ്ചാബ് നാലിന് 231 റണ്‍സെടുത്തിരുന്നു. ഇതാണ് ഇപ്പോള്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
(സ്‌കോര്‍ – ടീം – വര്‍ഷം എന്നീ ക്രമത്തില്‍)
250/3 – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 2026
231/4 – പഞ്ചാബ് കിങ്സ് – 2014
231/3 – ഗുജറാത്ത് ടൈറ്റന്‍സ് – 2024
226/6 – പഞ്ചാബ് കിങ്സ് – 2014
223/5 – രാജസ്ഥാന്‍ റോയല്‍സ് – 2010
219/6 – മുംബൈ ഇന്ത്യന്‍സ് – 2021
219/6 – പഞ്ചാബ് കിങ്സ് – 2025
മത്സരത്തില്‍ 25 പന്തില്‍ പുറത്താവാതെ 70 റണ്‍സെടുത്ത് ടിം ഡേവിഡ് ആര്‍.സി.ബിയുടെ ടോപ് സ്‌കോററായി. ദേവ്ദത്ത് പടിക്കല്‍ 29 പന്തില്‍ 50 റണ്‍സെടുത്തപ്പോള്‍ രജത് പടിദാര്‍ 19 പന്തില്‍ 48 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഫില്‍ സാള്‍ട്ടും (30 പന്തില്‍ 46) വിരാട് കോഹ്ലിയും (30 പന്തില്‍ 46) ഭേദപ്പെട്ട പ്രകടനം നടത്തി.
ചെന്നൈക്കായി അന്‍ഷുല്‍ കംബോജ്, ജെയ്മി ഒവേര്‍ട്ടണ്‍, ശിവം ദുബെ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.
മറുപടി ബാറ്റിങ് ആരംഭിച്ച ചെന്നൈ രണ്ട് ഓവറുകള്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റിന് 18 റണ്‍സെടുത്തിട്ടുണ്ട്. നാല് പന്തില്‍ എട്ട് റണ്‍സുമായി സര്‍ഫറാസ് ഖാനും രണ്ട് പന്തില്‍ രണ്ട് റണ്‍സെടുത്ത സഞ്ജു സാംസണുമാണ് ക്രീസിലുള്ളത്.
ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് (മൂന്ന് പന്തില്‍ ഏഴ്), ആയുഷ് മാഹ്‌ത്രെ (മൂന്ന് പന്തില്‍ ഒന്ന്) എന്നിവരാണ് പുറത്തായത്. ഭുവനേശ്വര്‍ കുമാറിനും ജേക്കബ് ഡഫിക്കുമാണ് വിക്കറ്റ്.
Content Highlight: IPL 2026: CSK vs RCB: RCB registered highest score against CSK in IPL