| Saturday, 4th April 2026, 10:33 am

ഒറ്റ ബൗണ്ടറി പോലും വഴങ്ങാത്തവന് ഫുള്‍ ഓവര്‍ കൊടുത്തില്ല; ഗംഭീര വിജയത്തിലും ക്യാപ്റ്റനെതിരെ ചോപ്ര

ആദര്‍ശ് എം.കെ.

ഐ.പി.എല്‍ 2026ല്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയം സ്വന്തമാക്കി പഞ്ചാബ് കിങ്‌സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചെന്നൈയിലെ ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ ഹോം ടീം ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ അഞ്ച് വിക്കറ്റിന്റെ വിജയമാണ് ടീം സ്വന്തമാക്കിയത്.

ചെന്നൈ ഉയര്‍ത്തിയ 210 റണ്‍സിന്റെ വിജയലക്ഷ്യം എട്ട് പന്ത് ശേഷിക്കവെ ശ്രേയസ് അയ്യരും സംഘവും മറികടന്നു.

ഈ വിജയത്തിനിടയിലും ശ്രേയസിനെ വിമര്‍ശിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര. സൂപ്പര്‍ സ്പിന്നര്‍ യൂസ്വേന്ദ്ര ചഹലിനെ നാല് ഓവറും പന്തെറിയാന്‍ അനുവദിക്കാത്ത തീരുമാനത്തെയാണ് ആകാശ് ചോപ്ര ചോദ്യം ചെയ്യുന്നത്.

എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു ചോപ്രയുടെ വിമര്‍ശനം.

ശിവം ദുബെ ക്രീസില്‍ ഉണ്ടായിരുന്ന സാഹചര്യമായിരുന്നു എന്ന് സമ്മതിച്ച ആകാശ് ചോപ്ര, നേരത്തെ ഗുവാഹത്തിയില്‍ നടന്ന ആദ്യ മത്സരത്തില്‍ അവനെ പുറത്താക്കിയത് ഒരു സ്പിന്നര്‍ ആയിരുന്ന രവീന്ദ്ര ജഡേജ ആയിരുന്നില്ലേ എന്നും ചോദിച്ചു.

യൂസ്വേന്ദ്ര ചഹല്‍

‘ഒറ്റ ബൗണ്ടറി പോലും വഴങ്ങാത്ത ഒരു ബൗളര്‍ക്ക് എങ്ങനെയാണ് തന്റെ ഫുള്‍ ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ പോയത്? അവനായിരുന്നു ടീമിലെ ഏക സ്പിന്നര്‍. യൂസി ചഹല്‍ ആയിരുന്നു അത്.

അതെ, ദുബെ ക്രീസിലുണ്ടായിരുന്നു എന്നത് ശരി തന്നെ. എന്നാല്‍ ഗുവാഹത്തിയില്‍ അവനെ പുറത്താക്കിയത് ജഡേജയായിരുന്നില്ലേ? 17 ഓവറുകള്‍ പേസര്‍മാര്‍ക്ക് നല്‍കുക എന്നതിനര്‍ത്ഥം അവസാന രണ്ട് ഓവറുകളില്‍ സര്‍ക്കിളിനുള്ളില്‍ ഒരു എക്‌സ്ട്രാ ഫീല്‍ഡറെ ഉള്‍പ്പെടുത്തുക എന്നതായിരുന്നു,’ ചോപ്ര എക്‌സിലെഴുതി.

മത്സരത്തില്‍ മൂന്ന് ഓവര്‍ പന്തെറിഞ്ഞ ചഹല്‍ 21 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. 22 പന്തില്‍ 28 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിന്റെ വിക്കറ്റാണ് താരം സ്വന്തമാക്കിയത്.

യൂസ്വേന്ദ്ര ചഹല്‍

7.0 എക്കോണമിയില്‍ പന്തെറിഞ്ഞ ചഹലിന് തന്നെയായിരുന്നു പഞ്ചാബ് നിരയിലെ ഏറ്റവും മികച്ച എക്കോണമിയും. ചഹലിന് പുറമെ 9.50 എക്കോണമിയില്‍ പന്തെറിഞ്ഞ വൈശാഖ് വിജയ്കുമാറിന് മാത്രമാണ് പഞ്ചാബ് നിരയില്‍ പത്തിന് താഴെ എക്കോണമിയുണ്ടായിരുന്നത്.

ചഹലിന്റെ ശേഷിച്ച ഓവര്‍ നല്‍കിയ മാര്‍ക്കസ് സ്‌റ്റോയ്‌നിസ് ഒരു ഓവറില്‍ 17 റണ്‍സ് വഴങ്ങുകയും ചെയ്തു.

ഏപ്രില്‍ ആറിനാണ് പഞ്ചാബ് തങ്ങളുടെ മൂന്നാം മത്സരത്തിനിറങ്ങുന്നത്. ഇതുവരെ കളിച്ച രണ്ട് മത്സരത്തിലും തോല്‍വിയേറ്റുവാങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് എതിരാളികള്‍. കൊല്‍ക്കത്തയുടെ ഹോം സ്‌റ്റേഡിയമായ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി.

Content Highlight: IPL 2026: CSK vs PBKS: Aakash Chopra criticize Shreyas Iyer

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more