| Wednesday, 15th April 2026, 11:12 am

കൊല്‍ക്കത്തക്കെതിരായ സഞ്ജുവിന്റെ താണ്ഡവം; തലയും വീണു!

ഫസീഹ പി.സി.

ഐ.പി.എല്‍ 2026ല്‍ ചെന്നൈ സൂപ്പര്‍ കിങ്സ് രണ്ടാം വിജയം സ്വന്തമാക്കിയിരുന്നു. സ്വന്തം തട്ടകമായ ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനാണ് ടീം വീഴ്ത്തിയത്. ടീമിന്റെ അഞ്ചാം മത്സരത്തില്‍ 32 റണ്‍സിനായിരുന്നു ആതിഥേയരുടെ വിജയം.

ചെന്നൈ ഉയര്‍ത്തിയ 193 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 160 റണ്‍സില്‍ പോരാട്ടം അവസാനിപ്പിച്ചു. ഇതോടെ യെല്ലോ ആര്‍മി പോയിന്റ് ടേബിളില്‍ മുംബൈ ഇന്ത്യന്‍സിനെ പിന്തള്ളി എട്ടാം സ്ഥാനത്തെത്തി.

സഞ്ജു സാംസൺ. Photo: Chennai Super Kings/x.com

മത്സരത്തില്‍ ചെന്നൈയുടെ ടോപ് സ്‌കോററായത് മലയാളി താരം സഞ്ജു സാംസണാണ്. താരം 32 പന്തില്‍ 48 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. മൂന്ന് സിക്‌സുകളും നാല് ഫോറുകളുമടക്കാന്‍ വിക്കറ്റ് കീപ്പറുടെ ഇന്നിങ്സ്.

ഇതോടെ ഒരു നേട്ടവും സഞ്ജു സ്വന്തമാക്കി. ഐ.പി.എല്ലില്‍ ടീമിനായി ഏറ്റവും കൂടുതല്‍ തവണ ടോപ് സ്‌കോററായ അഞ്ചാമത്തെ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടമാണ് മലയാളി ബാറ്റര്‍ നേടിയത്. ടൂര്‍ണമെന്റില്‍ 24 തവണയാണ് 31കാരന്‍ തന്റെ ടീമിന്റെ ടോപ് സ്‌കോററായത്.

ഈ നേട്ടത്തില്‍ സഞ്ജു മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായ ദിനേശ് കാര്‍ത്തികിനൊപ്പമാണ്. താരവും 24 തവണ തന്നെയാണ് തന്റെ ടീമിന്റെ ടോപ് സ്‌കോററായത്. എം.എസ് ധോണിയെ മറികടന്നാണ് സഞ്ജു അഞ്ചാം സ്ഥാനത്തേക്ക് എത്തിയത്. താരം 23 തവണയാണ് ടോപ് സ്‌കോററായത്.

ഐ.പി.എല്ലില്‍ ഒരു ടീമിനായി ഏറ്റവും കൂടുതല്‍ തവണ ടോപ് സ്‌കോററായ വിക്കറ്റ് കീപ്പര്‍മാര്‍, എണ്ണം

ക്വിന്റണ്‍ ഡി കോക്ക് – 30

കെ. എല്‍ രാഹുല്‍ – 29

റിഷബ് പന്ത് – 28

റോബിന്‍ ഉത്തപ്പ – 26

സഞ്ജു സാംസണ്‍ – 24

ദിനേശ് കാര്‍ത്തിക് – 24

എം. എസ്. ധോണി – 23

സഞ്ജുവിന് പുറമെ 29 പന്തില്‍ 41 റണ്‍സെടുത്ത് ഡെവാള്‍ഡ് ബ്രെവിസും തിളങ്ങി. ആയുഷ് മാഹ്‌ത്രെ (17 പന്തില്‍ 38), സര്‍ഫറാസ് ഖാന്‍ (18 പന്തില്‍ 23), ശിവം ദുബെ (12 പന്തില്‍ 13*) എന്നിവരും മികവ് പുലര്‍ത്തി.

ഡെവാൾഡ് ബ്രെവിസ്. Photo: iplt20.com

കൊല്‍ക്കത്തക്കായി കാര്‍ത്തിക് ത്യാഗി രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ സുനില്‍ നരെയ്ന്‍, അനുകുല്‍ റോയ്, വൈഭവ് അറോറ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

ബാറ്റിങ്ങില്‍ കൊല്‍ക്കത്തക്കായി 23 പന്തില്‍ 35 റണ്‍സെടുത്ത രമണ്‍ദീപ് സിങ്ങും 22 പന്തില്‍ പുറത്താവാതെ 31 റണ്‍സുമായി റോവ്മന്‍ പവലും ഭേദപ്പെട്ട പ്രകടനം നടത്തി. അജിന്‍ക്യ രഹാനെ (22 പന്തില്‍ 28), ആംഗ്രിഷ് രഘുവംശി (19 പന്തില്‍ 27), സുനില്‍ നരെയ്ന്‍ (17 പന്തില്‍ 24) എന്നിവരും സംഭാവന ചെയ്തു.

നൂർ അഹമ്മദ്. Photo: Chennai Super Kings/x.com

ചെന്നൈക്കായി നൂര്‍ അഹമ്മദ് മൂന്ന് വിക്കറ്റുകളും അന്‍ഷുല്‍ കംബോജ് രണ്ട് വിക്കറ്റുകളും നേടി. ഖലീല്‍ അഹമ്മദും അകീല്‍ ഹൊസൈനും ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

Content Highlight: IPL 2026: CSK vs KKR: Sanju Samson surpassed MS Dhoni in most  top scores for the team as wicketkeeper in IPL

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more