ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. സി.എസ്.കെയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ഗുജറാത്തിന്റെ വിജയം. സായ് സുദര്‍ശന്റെ കരുത്തിലാണ് മുന്‍ ചാമ്പ്യന്മാര്‍ വിജയവഴിയില്‍ തിരിച്ചെത്തിയത്.
ചെന്നൈ ഉയര്‍ത്തിയ 159 റണ്‍സിന്റെ വിജയലക്ഷ്യം ഗുജറാത്ത് 20 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ഇതോടെ ഗുജറാത്ത് പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്ക് തുടക്കം തകര്‍ച്ചയോടെയായിരുന്നു. അഞ്ച് ഓവര്‍ പിന്നിട്ടപ്പോഴേക്കും ടീമിന് സഞ്ജു സാംസണ്‍ അടക്കം മൂന്ന് പേരെ നഷ്ടമായിരുന്നു. കഗീസോ റബാദയും മുഹമ്മദ് സിറാജുമാണ് ചെന്നൈയ്ക്ക് പ്രഹരമേല്പിച്ചത്.
അപ്പോഴും ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് ക്രീസില്‍ ഉറച്ച് നിന്നു. പവര്‍പ്ലേയില്‍ ടീം സ്‌കോര്‍ വെറും 28 മാത്രമായിരുന്നു. ഏറെ വൈകാതെ ഡെവാള്‍ഡ് ബ്രെവിസ് മാനവ് സുതറിന് വിക്കറ്റിന് നല്‍കി തിരികെ നടന്നു. പിന്നീട എത്തിയ ശിവം ദുബെയുമായി ചേര്‍ന്ന് ഗെയ്ക്വാദ് ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
17 പന്തില്‍ 22 റണ്‍സെടുത്ത ദുബെ അര്‍ഷദ് ഖാന്റെ പന്തില്‍ ബൗള്‍ഡായി മടങ്ങി. പിന്നാലെത്തിയ കാര്‍ത്തിക് ശര്‍മ ഒമ്പത് പന്തില്‍ 15 റണ്‍സ് നേടിയും ജെയ്മി ഓവര്‍ട്ടണ്‍ ആറ് പന്തില്‍ 18 റണ്‍സുമായും പുറത്തായി. യഥാക്രമം റബാദക്കും അര്‍ഷദിനുമാണ് ഈ വിക്കറ്റുകള്‍.
അപ്പോഴെല്ലാം പിടിച്ച് നിന്ന ഗെയ്ക്വാദ് 60 പന്തില്‍ 74 റണ്‍സെടുത്ത് പുറത്താവാതെ നിന്നപ്പോള്‍ ചെന്നൈ സ്‌കോര്‍ ഏഴിന് 158 എന്ന നിലയിലെത്തി.
ഋതുരാജ് ഗെയ്ക്വാദ്. Photo: IndianPremierLeague/x.com
മറുപടി ബാറ്റിങ്ങില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടോടെയാണ് ഗുജറാത്ത് തുടങ്ങിയത്. ഏഴാം ഓവറില്‍ ഭേദപ്പെട്ട നിലയില്‍ ബാറ്റ് ചെയ്തിരുന്ന ശുഭ്മന്‍ ഗില്ലിനെ നൂര്‍ അഹമ്മദ് പുറത്താക്കി ടീമിന് ബ്രേക്ക് ത്രൂ സമ്മാനിച്ചു. സഞ്ജുവിന്റെ ഒരു ഉഗ്രന്‍ സ്റ്റംപിങ്ങിലൂടെയായിരുന്നു 23 പന്തില്‍ 33 റണ്‍സെടുത്ത താരത്തിന്റെ മടക്കം.
പിന്നാലെ ക്രീസിലെത്തിയ ജോസ് ബട്‌ലറിനെ കൂട്ടുപിടിച്ച് സായ് സുദര്‍ശന്‍ ഗുജറാത്തിനെ മുന്നോട്ട് നയിച്ച്. ഇരുവരും ജയിപ്പിക്കുമെന്ന് പ്രതീതി നില്‍ക്കെ ബ്രെവിസിന്റെ ഒരു തകര്‍പ്പന്‍ ക്യാച്ചില്‍ സുദര്‍ശന്‍ മടങ്ങി. 46 പന്തില്‍ 87 റണ്‍സായിരുന്നു ഗുജറാത്ത് ഓപ്പണറുടെ സമ്പാദ്യം.
സായ് സുദർശൻ. Photo: IndianPremierLeague/x.com
അടുത്ത ഓവറിലെ രണ്ടാം പന്തില്‍ ബട്‌ലര്‍ സിക്‌സടിച്ച് ഗുജറാത്തിനെ വിജയിപ്പിച്ചു. ബട്‌ലര്‍ 30 പന്തില്‍ 39 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
Content Highlight: IPL 2026: CSK vs GT: Gujarat Titans defeated Chennai Super Kings by 8 wickets