| Sunday, 12th April 2026, 9:03 am

കെ.എല്‍. രാഹുല്‍, സഞ്ജു സാംസണ്‍; ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഇങ്ങനെ ഇവര്‍ മാത്രം!

ഫസീഹ പി.സി.

ഐ.പി.എല്‍ 2026ല്‍ ആദ്യ സെഞ്ച്വറിക്കാരനായി താണ്ഡവമാടിയിരിക്കുകയാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. കഴിഞ്ഞ ദിവസം ടൂര്‍ണമെന്റില്‍ നടന്ന ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മത്സരത്തിലായിരുന്നു താരത്തിന്റെ സെഞ്ച്വറി പിറന്നത്.

ദല്‍ഹിക്കെതിരെ ഓപ്പണറായി എത്തിയ സഞ്ജു അവസാന പന്ത് വരെ ക്രീസില്‍ ഉറച്ച് നിന്നാണ് ആരാധകര്‍ക്ക് വിരുന്നൊരുക്കിയത്. മത്സരത്തില്‍ 56 പന്തുകള്‍ നേരിട്ട താരം 115 റണ്‍സ് നേടി പുറത്താവാതെ നിന്നു. ഈ ഇന്നിങ്‌സില്‍ മലയാളി വിക്കറ്റ് കീപ്പറുടെ ബാറ്റില്‍ നിന്ന് അതിര്‍ത്തി കടന്നത് നാല് സിക്‌സുകളും 15 ഫോറുകളുമാണ്.

സഞ്ജു സാംസൺ. Photo: IndianPremierLeague/x.com

205. 36 സ്‌ട്രൈക്ക് റേറ്റില്‍ സഞ്ജു മഞ്ഞ ജേഴ്‌സിയില്‍ ആദ്യമായി നിറഞ്ഞാടിയപ്പോള്‍ ചെന്നൈ മികച്ച സ്‌കോറുയര്‍ത്തുകയും സീസണിലെ ആദ്യ ജയവും നേടി. ദല്‍ഹിക്കെതിരെ 23 റണ്‍സിനാണ് ചെന്നൈയുടെ വിജയം. ഈ മത്സരത്തില്‍ കളിയിലെ പട്ടവും മലയാളി താരത്തിന് തന്നെയായിരുന്നു.

ദല്‍ഹിക്കെതിരെ മൂന്നക്കം കടന്നതോടെ സഞ്ജു കുറിച്ചത് ഐ.പി.എല്ലില്‍ തന്റെ നാലാം സെഞ്ച്വറിയായിരുന്നു. ഇതിനൊപ്പം തന്നെ ഒരു നേട്ടവും താരം സ്വന്തമാക്കി. ടൂര്‍ണമെന്റില്‍ മൂന്ന് വ്യത്യസ്ത ടീമുകള്‍ക്കൊപ്പം സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് വിക്കറ്റ് കീപ്പര്‍ കരസ്ഥമാക്കിയത്.

കെ.എൽ രാഹുൽ. Photo: Crictracker

സഞ്ജുവിന് മുമ്പ് ഈ നേട്ടത്തിലെത്തിയത് ഇന്ത്യന്‍ ഓപ്പണറും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ കെ.എല്‍ രാഹുലാണ്. താരം പഞ്ചാബ് കിങ്സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ്, ദല്‍ഹി ക്യാപിറ്റല്‍സ് എന്നീ ടീമുകള്‍ക്കൊപ്പം സെഞ്ച്വറി നേട്ടം ആഘോഷിച്ചത്.

പഞ്ചാബിനൊപ്പം രാഹുല്‍ 2019ലും 2020ലുമാണ് സെഞ്ച്വറിയടിച്ചത്. 2022ല്‍ ലഖ്നൗവിലും 2025ല്‍ ദല്‍ഹിയിലും താരം വീണ്ടും മൂന്നക്കം കടന്നു.

2021ൽ രാജസ്ഥാൻ റോയൽസിനൊപ്പം സെഞ്ച്വറി നേടിയ സഞ്ജു സാംസണിന്റെ ആഘോഷം. Photo: Espncricinfo

സഞ്ജുവാകട്ടെ ഐ.പി.എല്ലില്‍ സെഞ്ച്വറി അടിച്ചത് ദല്‍ഹി ക്യാപിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ് എന്നീ ടീമുകള്‍ക്കൊപ്പമാണ്. 2017ല്‍ ദല്‍ഹി ക്യാപിറ്റല്‍സിന് ഒപ്പമാണ് താരം ടൂര്‍ണമെന്റിലെ കന്നി സെഞ്ച്വറി കുറിച്ചത്.

തൊട്ടടുത്ത വര്‍ഷം രാജസ്ഥാനിലേക്ക് തിരിച്ചെത്തിയ സഞ്ജു ടീമിനൊപ്പം രണ്ട് തവണയാണ് മൂന്നക്കം കണ്ടത്. 2019ലും 2021ലുമായിരുന്നു താരത്തിന്റെ പിങ്ക് ആര്‍മിക്കൊപ്പമുള്ള സെഞ്ച്വറികള്‍. ഇപ്പോള്‍ ചെന്നൈയിലെത്തിയ ആദ്യ സീസണില്‍ തന്നെ സെഞ്ച്വറിയും നേടിയിരിക്കുന്നു.

Content Highlight: IPL 2026: CSK vs DC: Sanju Samson and KL Rahul are only two batters to hit centuries with three different IPL teams

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more