ഐ.പി.എല്ലില്‍ പ്ലേഓഫ് പ്രതീക്ഷകളുമായി മുന്നേറുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന് വമ്പന്‍ തിരിച്ചടി. ടീമിന്റെ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ജെയ്മി ഓവര്‍ട്ടണ് പരിക്ക് പറ്റിയെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. വലത് കാല്‍ തുടക്കാണ് താരത്തിന് പരിക്ക്.
ഓവര്‍ട്ടണ്‍ കൂടുതല്‍ പരിശോധനകള്‍ക്കായി യു.കെയിലേക്ക് മടങ്ങും. ചെന്നൈ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
‘ജെയ്മി ഓവര്‍ട്ടണിന് വലതു തുടയ്ക്ക് പരിക്കേറ്റിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കും ചികിത്സക്കുമായി താരം യു.കെയിലേക്ക് മടങ്ങും,’ സി.എസ്.കെ പ്രസ്താവനയില്‍ പറഞ്ഞു.
സീസണില്‍ ഓവര്‍ട്ടണ്‍ ചെന്നൈക്കായി മികച്ച പ്രകടനമാണ് നടത്തുന്നത്. പത്ത് ഇന്നിങ്സുകളില്‍ നിന്ന് താരത്തിന് 14 വിക്കറ്റുകളുണ്ട്. ടീമിന്റെ വിജയങ്ങളില്‍ ഏറെ നിര്‍ണായകമായ താരത്തെ നഷ്ടമാവുന്നത് ടീമിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഐ.പി.എല്‍ നിര്‍ണായക ഘട്ടത്തിലേക്ക് കടന്ന സമയത്താണ് ഈ പരിക്കേന്നതും ചെന്നൈയെ വലിയ ആശങ്കയിലാഴ്ത്തുന്നുണ്ട്.
ജെയ്മി ഓവർട്ടൺ. Photo: Johns/x.com
അതേസമയം, ഈ സീസണില്‍ ചെന്നൈയ്ക്ക് പരിക്ക് കാരണം നിരവധി താരങ്ങളെ നഷ്ടമായിട്ടുണ്ട്. അവസാനമായി പരിക്കേറ്റ് പുറത്തായത് യുവ ഓള്‍റൗണ്ടര്‍ രാമകൃഷ്ണ ഘോഷാണ്. കഴിഞ്ഞ ദിവസമാണ് താരത്തിന് പകരക്കാരനായി കര്‍ണാടക ഓള്‍റൗണ്ടര്‍ മാക്നീല്‍ ഹാഡ്ലി നൊറോണയെ പ്രഖ്യാപിച്ചത്. അതിന് പിന്നാലെയാണ് ഓവര്‍ട്ടണിന്റെ പരിക്ക് വിവരം പുറത്ത് വന്നത്.
ആയുഷ് മാഹ്ത്രെ. Photo: iplt20.com
സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് ഹാംസ്ട്രിങ് പരിക്ക് മൂലം ഫാസ്റ്റ് ബൗളര്‍ നഥാന്‍ എല്ലിസിനെ ടീമിന് നഷ്ടമായിരുന്നു. പിന്നാലെ സീസണിനിടെ ഫാസ്റ്റ് ബൗളര്‍ ഖലീല്‍ അഹമ്മദും ബാറ്റര്‍ ആയുഷ് മാഹ്‌ത്രെയും പരിക്കുമായി പുറത്തായി. കൂടാതെ, എം.എസ്. ധോണി ഇതുവരെ ഈ സീസണില്‍ കളത്തിലിറങ്ങിയിട്ടില്ല.
പ്രോട്ടിയാസ് ബാറ്റര്‍ ഡെവാള്‍ഡ് ബ്രെവിസിന് പരിക്ക് കാരണം സീസണിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ നഷ്ടമായിരുന്നു. ഇതിനെല്ലാം പുറമെ നഥാന്‍ എല്ലിസിന് പകരക്കാരനായി എത്തിച്ച സ്‌പെന്‍സര്‍ ജോണ്‍സണെയും പരിക്ക് കാരണം ഒരു മത്സരത്തില്‍ ഇറക്കാന്‍ സാധിച്ചിട്ടില്ല.
നിലവില്‍ ചെന്നൈ പോയിന്റ് ടേബിളില്‍ 12 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. സീസണില്‍ മൂന്ന് മത്സരങ്ങള്‍ ബാക്കിയുള്ള ടീമിന് ഓരോ മത്സരങ്ങളും നിര്‍ണായകമാണ്.
Content Highlight: IPL 2026: CSK’s Jamie Overton suffers thigh injury and returns home