| Thursday, 23rd April 2026, 4:29 pm

സഞ്ജുവിന്റെ പഴയ വിശ്വസ്തന്‍ ഇനി മഞ്ഞക്കുപ്പായത്തില്‍; എല്‍ ക്ലാസിക്കോയ്ക്ക് മുമ്പേ ഞെട്ടിച്ച് ചെന്നൈ

ഫസീഹ പി.സി.

ഐ.പി.എല്‍ 2026ല്‍ പരിക്കേറ്റ പുറത്തായ ആയുഷ് മാഹ്‌ത്രെയ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ്. വലം കൈയ്യന്‍ പേസര്‍ ആകാശ് മധ്വാളിനെയാണ് ചെന്നൈ ടീമിലെത്തിച്ചത്. എല്‍ ക്ലാസിക്കോയ്ക്ക് ചെന്നൈ താരത്തെ ടീമിലെത്തിച്ചത് 30 ലക്ഷം രൂപയ്ക്കാണ്.

മധ്വാള്‍ നേരത്തെ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനായും രാജസ്ഥാന്‍ റോയല്‍സിനായും കളത്തിലിറങ്ങിയിട്ടുണ്ട്. 2023ല്‍ മുംബൈയിലൂടെയായിരുന്നു താരത്തിന്റെ ഐ.പി.എല്‍ അരങ്ങേറ്റം. ആ വര്‍ഷം താരം ലഖ്നൗ സൂപ്പര്‍ ജയന്റസിനെതിരെയുള്ള എലിമിനേറ്ററില്‍ അഞ്ച് റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തി ശ്രദ്ധ നേടിയിരുന്നു.

ആകാശ് മധ്വാൾ.

അടുത്ത വര്‍ഷം മുംബൈയില്‍ തുടര്‍ന്ന മധ്വാള്‍ 2025ല്‍ സഞ്ജു സാംസണിന്റെ രാജസ്ഥാനിലേക്ക് ചേക്കേറുകയായിരുന്നു. ഐ.പി.എല്ലില്‍ ഇരു ടീമിലുമായി ഫാസ്റ്റ് ബൗളര്‍ 17 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 23 വിക്കറ്റുകളാണ് താരത്തിന് ടൂര്‍ണമെന്റിലുള്ളത്.

ഹാംസ്ട്രിങ് ഇഞ്ചുറിയാണ് മാഹ്‌ത്രെയ്ക്ക് ഈ ഐ.പി.എല്‍ സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകാന്‍ കാരണം. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തിലായിരുന്നു താരത്തിന് പരിക്കേറ്റത്. മത്സരത്തിനിടെ പേശി വലിവ് നേരിട്ടെങ്കിലും ബാറ്റിങ് തുടര്‍ന്നിരുന്നു. മത്സരശേഷം വിശദമായ പരിശോധനയില്‍ താരത്തിന്റെ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തി. പരിക്ക് ഭേദമാവാന്‍ ആറ് മുതല്‍ 12 ആഴ്ച വരെ വിശ്രമം വേണമെന്ന് വിവരം.

ആയുഷ് മാഹ്ത്രെ. Photo: iplt20.com

ഇതോടെയാണ് ചെന്നൈ മാഹ്‌ത്രെ പുറത്തായതായി ഔദ്യോഗികമായി അറിയിച്ചത്. സീസണില്‍ മികച്ച പ്രകടനം നടത്തിയിരുന്ന താരത്തെ നഷ്ടമായത് ചെന്നൈയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. സീസണില്‍ ആറ് മത്സരങ്ങളില്‍ കളിച്ച ഇടം കൈയ്യന്‍ ബാറ്റര്‍ രണ്ട് അര്‍ധ സെഞ്ച്വറികളടക്കം 201 റണ്‍സ് എടുത്തിട്ടുണ്ട്.

അതേസമയം, ചെന്നൈ തങ്ങളുടെ ഏഴാം മത്സരത്തിന് ഇറങ്ങുകയാണ്. ചിരവൈരികളായ മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

Content Highlight: IPL 2026: CSK named Akash Madhwal as replacement for injured Ayush Mhatre

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more