| Saturday, 16th May 2026, 10:11 pm

ഗുജറാത്തിനെതിരെ ആളിക്കത്തി രഘുവംശി; ഇനി സ്ഥാനം പടിക്കലിനൊപ്പം

ഫസീഹ പി.സി.

ഐ.പി.എല്‍ 2026 ഒരിക്കല്‍ കൂടി അര്‍ധ സെഞ്ച്വറി നേടി തിളങ്ങുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം ആംഗ്രിഷ് രഘുവംശി. ഈഡൻ ഗാർഡൻസിൽ നടക്കുന്ന ഈ സീസണിലെ 60ാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റസിനെതിരെയാണ് താരം ഫിഫ്റ്റി അടിച്ചത്. 44 പന്തില്‍ 82 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ പുറത്താവാതെ നിന്നു.

ഏഴ് സിക്‌സുകളും നാല് ഫോറുകളുമാണ് രഘുവംശി ഈ ഇന്നിങ്‌സില്‍ അടിച്ചത്. 186.36 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഗുജറാത്തിനെതിരെയുള്ള ഫിഫ്റ്റി 21കാരന്റെ ഈ സീസണിലെ അഞ്ചാമത്തെത്തേതായിരുന്നു.

ആംഗ്രിഷ് രഘുവംശി. Photo: indianPremierLeague/x.com

ഇതോടെ ഒരു സൂപ്പര്‍ നേട്ടവും രഘുവംശി നേടി. 21ാം വയസില്‍ ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ 50+ റണ്‍സ് നേടുന്ന താരങ്ങളിൽ രണ്ടാം സ്ഥാനമാണ് വിക്കറ്റ് കീപ്പര്‍ സ്വന്തമാക്കിയത്.

ആര്‍.സി.ബി ബാറ്റര്‍ ദേവദത്ത് പടിക്കലിനൊപ്പമാണ് രഘുവംശി ഈ നേട്ടം പങ്കിടുന്നത്. പടിക്കല്‍ 2020 സീസണില്‍ അഞ്ച് അര്‍ധ സെഞ്ച്വറികള്‍ അടിച്ചിരുന്നു.

21ാം വയസില്‍ ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ 50+ റണ്‍സ് നേടുന്ന താരങ്ങള്‍

(താരം – സീസണ്‍ – എണ്ണം എന്നീ ക്രമത്തില്‍)

യശസ്വി ജെയ്സ്വാള്‍ – 2023 – 6

റിഷബ് പന്ത് -2018 – 6

ആംഗ്രിഷ് രഘുവംശി – 2026 – 5*

ദേവദത്ത് പടിക്കല്‍ – 2020 – 5

ഫിൻ അലൻ. Photo: IndianPremierLeague/x.com

മത്സരത്തില്‍ കൊല്‍ക്കത്തക്കായി ഫിന്‍ അലനും കാമറൂണ്‍ ഗ്രീനും അര്‍ധ സെഞ്ച്വറി നേടി. അലന്‍ 35 പന്തുകളില്‍ നിന്ന് 93 റണ്‍സെടുത്തപ്പോള്‍ ഗ്രീന്‍ 28 പന്തില്‍ പുറത്താവാതെ 52 റണ്‍സ് സ്‌കോര്‍ ചെയ്തു. ഗുജറാത്തിനായി മുഹമ്മദ് സിറാജും സായി കിഷോറും ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.

നിലവില്‍ ഗുജറാത്ത് ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. അഞ്ച് ഓവറുകള്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 51 റണ്‍സെടുത്തിട്ടുണ്ട്. ശുഭ്മന്‍ ഗില്ലും (12 പന്തില്‍ 11) ജോസ് ബട്‌ലറുമാണ് (ഒരു പന്തില്‍ ഒന്ന്) ക്രീസിലുള്ളത്.

നാല് പന്തില്‍ ഒരു റണ്ണെടുത്ത നിഷാന്ത് സിന്ധു സുനില്‍ നരെയ്ന് വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ 13 പന്തല്‍ 23 റണ്‍സെടുത്ത സായ് സുദര്‍ശന്‍ റിട്ടയേര്‍ഡ് ഹാര്‍ട്ടായി തിരികെ നടന്നു.

Content Highlight: IPL 2026: Ankrish Raghuvanshi equals with Devdutt Padikkal in most 50+ scores in an IPL season at Age 21

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more