| Tuesday, 7th April 2026, 4:10 pm

ധോണി കഴിഞ്ഞാല്‍ ഏറ്റവും പരിചയസമ്പന്നന്‍, സഞ്ജു ഉത്തരവാദിത്തം ഏറ്റെടുക്കണം: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍

ഫസീഹ പി.സി.

2026 ഐ.പി.എല്ലില്‍ തുടര്‍ തോല്‍വികളില്‍ വലയുകയാണ് മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ്. ഈ സീസണില്‍ ഇതുവരെ മൂന്ന് മത്സരങ്ങളില്‍ കളിച്ച ടീമിന് ഒരു ജയം പോലും നേടാന്‍ സാധിച്ചിട്ടില്ല. ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റാണ് സി.എസ്.കെ തങ്ങളുടെ ക്യാമ്പെയ്ന്‍ തുടങ്ങിയത്.

പിന്നാലെ പഞ്ചാബ് കിങ്സിനോടും കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിനോടും ചെന്നൈ അടിയറവ് പറഞ്ഞു. മത്സരങ്ങളിലെല്ലാം ബാറ്റര്‍മാരും ബൗളര്‍മാരും ഒരുപോലെ പരാജയപ്പെട്ടതാണ് യെല്ലോ ആര്‍മിയ്ക്ക് വിനയായത്. ഇപ്പോള്‍ ചെന്നൈയെ കുറിച്ച് സംസാരിക്കുകയാണ് സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ.

അനിൽ കുംബ്ലെ. Photo: Crictracker

ചെന്നൈയുടെ പരിചയസമ്പത്തുള്ള താരങ്ങളായ സഞ്ജു സാംസണും ഋതുരാജ് ഗെയ്ക്വാദും തിളങ്ങാത്തത് ആശങ്കയാണെന്ന് അദ്ദേഹം പറഞ്ഞു. സഞ്ജുവും എം.എസ്. ധോണിയും ഒഴികെയുള്ള ബാറ്റര്‍മാര്‍ ചെറുപ്പമാണെന്നും അതിനാല്‍ പരിചയസമ്പന്നരായ താരങ്ങളില്‍ ഒരാളെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കുംബ്ലെ കൂട്ടിച്ചേര്‍ത്തു.

‘ഇത് ചെന്നൈയെ സംബന്ധിച്ചിടത്തോളം വലിയ ഒരു ആശങ്കയാണ്. ടീമിലെ ഏറ്റവും പരിചയസമ്പന്നരായ സഞ്ജു സാംസണും ഋതുരാജ് ഗെയ്ക്വാദും ആദ്യ മൂന്ന് മത്സരങ്ങളില്‍ തിളങ്ങിയില്ല എന്നത് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

സഞ്ജുവും എം.എസ്. ധോണിയും ഒഴികെയുള്ള ബാറ്റിങ് നിര ചെറുപ്പമാണ്. അതിനാല്‍ പരിചയസമ്പന്നരായ താരങ്ങളില്‍ ഒരാളെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ട്. അവര്‍ ഒരു വലിയ ഇന്നിങ്സ് പുറത്തെടുത്താല്‍ മാത്രമേ ടീമിനെ വിജയിപ്പിക്കാന്‍ സാധിക്കൂ.

നിര്‍ഭാഗ്യവശാല്‍, ആദ്യ മൂന്ന് മത്സരങ്ങളില്‍ ചെന്നൈ വിചാരിച്ച പോലെ കാര്യങ്ങള്‍ നടന്നില്ല. ടൂര്‍ണമെന്റ് ആരംഭിച്ചിട്ടേയുള്ളൂവെങ്കിലും എത്രയും പെട്ടെന്ന് പിഴവുകള്‍ തിരുത്തി മുന്നേറാന്‍ അവര്‍ക്ക് സാധിക്കണം,’ കുംബ്ലെ പറഞ്ഞു.

സഞ്ജു സാംസണും എം.എസ്. ധോണിയും.

സീസണില്‍ ഏപ്രില്‍ 11നാണ് ചെന്നൈ തങ്ങളുടെ നാലാം മത്സരത്തിന് ഇറങ്ങുന്നത്. ദല്‍ഹി ക്യാപിറ്റല്‍സാണ് എതിരാളികള്‍. സി.എസ്.കെയുടെ ഹോം ഗ്രൗണ്ടായ എം.എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക. ഈ മത്സരത്തില്‍ പരിക്കേറ്റ എം.എസ്. ധോണിയും ഡെവാള്‍ഡ് ബ്രെവിസും തിരിച്ചെത്തിയേക്കുമെന്നാണ് വിവരം.

Content Highlight: IPL 2026: Anil Kumble says Sanju Samson is most experienced player in CSK after MS Dhoni

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more