| Tuesday, 19th May 2026, 11:36 am

അവന്‍ ടീമിന്റെ ഏറ്റവും വലിയ മുതല്‍കൂട്ട്; ഇന്ത്യന്‍ ലോകകപ്പ് ഹീറോയെ കുറിച്ച് റായിഡു

ഫസീഹ പി.സി.

ഐ.പി.എല്‍ 2026ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ തകര്‍പ്പന്‍ പ്രകടനം നടത്തിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ബാറ്റര്‍ ഇഷാന്‍ കിഷനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായിഡു. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ പോലും ബൗളര്‍മാരെ നേരിടാനുള്ള കഴിവ് ഇഷാനുണ്ടെന്നും അത് താരമൊരു ബഹുമുഖ പ്രതിഭയാണെന്നാണ് തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇഷാന്‍ ടി – 20 ലോകകപ്പിലും സമാനമായ ഇന്നിങ്സ് കളിച്ചിരുന്നുവെന്നും താരം ടീമിന്റെ വലിയൊരു മുതൽക്കൂട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയിലെ ടൈം ഔട്ട് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു റായിഡു.

അമ്പാട്ടി റായിഡു.

‘ടി – 20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇഷാന്‍ കിഷന്‍ സമാനമായ ഇന്നിങ്സ് കളിച്ചിരുന്നു. ചെന്നൈയിലെ പിച്ചും അന്നത്തെ പിച്ചിനെ പോലെയായിരുന്നു. പന്ത് തിരിയുന്നതും സ്റ്റോപ്പ് ചെയ്യുന്നതുമായ പ്രയാസകരമായ പിച്ചുകളില്‍ പോലും നിരവധി തവണ അവന്‍ തിളങ്ങിയിട്ടുണ്ട്. അത് അവന്‍ ബഹുമുഖ പ്രതിഭയാണെന്നാണ് തെളിയിക്കുന്നത്.

സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കളിക്കാനും ബൗളര്‍മാരെ നേരിടാനും കിഷന് പ്രത്യേക കഴിവുണ്ട്. കമ്മിന്‍സിന്റെ (പാറ്റ്) അഭാവത്തില്‍ ടീമിനെ നയിച്ചും അവന്‍ മികവ് തെളിയിച്ചു. അവന്‍ ഹൈദരാബാദിന് ലഭിക്കാവുന്ന ഏറ്റവും വലിയൊരു മുതല്‍ കൂട്ടാണ്,’ റായിഡു പറഞ്ഞു.

ഇഷാൻ കിഷൻ. Photo: IndianPremierLeague/x.com

മത്സരത്തില്‍ ഇഷാന്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. 47 പന്തില്‍ 70 റണ്‍സാണ് താരം എടുത്തത്. മൂന്ന് സിക്‌സറുകളും ഏഴ് ഫോറുകളുമടക്കമാണ് താരത്തിന്റെ ഇന്നിങ്സ്. 148.94 സ്‌ട്രൈക്ക് റേറ്റിലായിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്റ് ചെയ്തത്.

കൂടാതെ, ചെന്നൈക്കെതിരെ ക്ലാസനൊപ്പം അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടും ഉയര്‍ത്തിയിരുന്നു. ഇരുവരുടെയും 75 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഹൈദരാബാദിന്റെ വിജയത്തില്‍ നിര്‍ണായകമായത്.

Content Highlight: IPL 2026: Ambati Rayudu says Ishan Kishan is a massive asset for the team

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more