ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മന്‍ ഗില്ലിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായിഡു. ഗില്‍ ഇപ്പോള്‍ കൂടുതല്‍ പക്വതയോടെ കളിക്കുന്നുവെന്നും ബാറ്റിങ്ങില്‍ പിഴവുകള്‍ കാണാറില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓരോ വര്‍ഷവും തന്റെ നിലവാരം ഗില്‍ ഉയര്‍ത്തികൊണ്ടേയിരിക്കുകയാണെന്നും രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള പ്രകടനം വളരെ സ്‌പെഷ്യലായ ഇന്നിങ്സാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിക്ബസില്‍ സംസാരിക്കുകയായിരുന്നു റായിഡു.
അമ്പാട്ടി റായിഡു.
‘ശുഭ്മന്‍ ഗില്‍ ഇപ്പോള്‍ വളരെ സ്ഥിരതയോടെയും പക്വതയോടെയുമാണ് കളിക്കുന്നത്. അവന്റെ ബാറ്റിങ്ങില്‍ കൃത്യതയുണ്ട്. അവന്റെ ബാറ്റിങ്ങില്‍ ഇപ്പോള്‍ പിഴവുകള്‍ കാണാറില്ല. അത്രയും കൃത്യതയാര്‍ന്ന ഷോട്ടുകളാണ് അവന്‍ കളിക്കുന്നത്.
കൃത്യതയാര്‍ന്ന ബാറ്റിങ്ങിലൂടെ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണെന്ന് ഗില്‍ തെളിയിക്കുന്നു. ഓരോ വര്‍ഷവും തന്റെ നിലവാരം അവന്‍ ഉയര്‍ത്തികൊണ്ടേയിരിക്കുകയാണ്. ഇതൊരു സ്‌പെഷ്യല്‍ ഇന്നിങ്സാണ്,’ റായിഡു പറഞ്ഞു.
ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ക്വാളിഫയര്‍ രണ്ടില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഗില്‍ സെഞ്ച്വറി നേടിയിരുന്നു. 53 പന്തില്‍ 104 റണ്‍സാണ് താരം അടിച്ചെടുത്തത്. താരം ഈ ഇന്നിങ്‌സിന്റെ അടിച്ചത് മൂന്ന് സിക്‌സറുകളും 15 ഫോറുകളുമാണ്. 196.23 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഗുജറാത്ത് നായകന്റെ താണ്ഡവം.
ശുഭ്മൻ ഗിൽ. Photo: Gujarat Titans/x.com
ഗില്ലിന്റെ ഈ ഇന്നിങ്സ് ഗുജറാത്തിനെ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായകമായി. രാജസ്ഥാനെതിരെ ഏഴ് വിക്കറ്റിന്റെ വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. റോയല്‍സ് ഉയര്‍ത്തിയ 215 റണ്‍സിന്റെ വിജയലക്ഷ്യം ഗില്ലിന്റെ സെഞ്ച്വറി കരുത്തിലാണ് ടൈറ്റന്‍സ് മറികടന്ന് ഫൈനലില്‍ എത്തിയത്.
നാളെയാണ് (മെയ് 31) ഐ.പി.എല്‍ 2026 ഫൈനല്‍ നടക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെയാണ് ഗുജറാത്ത് ഫൈനലില്‍ നേരിടുന്നത്. അഹമ്മദാബാദിലെ ഗുജറാത്ത് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് കലാശപ്പോര് നടക്കുക.
Content Highlight: IPL 2026: Ambati Rayudu praises Shubhman Gill’s innings against RR in Play off