| Wednesday, 15th April 2026, 2:09 pm

കൊല്‍ക്കത്തയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമിത്; സീസണിലെ ഫ്ളോപ്പ് താരത്തെ ഓപ്പണറാക്കണമെന്ന് ചോപ്ര

ഫസീഹ പി.സി.

ഐ.പി.എല്‍ 2026ല്‍ തുടര്‍തോല്‍വികളാല്‍ വലയുകയാണ് മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളില്‍ ടീമില്‍ ഒന്നില്‍ പോലും ജയിക്കാന്‍ സാധിച്ചിട്ടില്ല. നാല് മത്സരങ്ങളില്‍ തോറ്റപ്പോള്‍ ഒരു മത്സരം മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു.

ഇപ്പോള്‍ കൊല്‍ക്കത്തയുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം നിര്‍ദേശിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര. കൊല്‍ക്കത്തയുടെ നിലവിലെ പ്രശ്‌നം ബൗളിങ്ങല്ലെന്നും ബാറ്റിങ്ങാണെന്നും അദ്ദേഹം പറഞ്ഞു.

ആകാശ് ചോപ്ര. Photo: Mahi Patel/x.com

കൊല്‍ക്കത്ത ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്തണമെന്നും മതീഷ പതിരാന തിരിച്ചെത്തുത്തുമ്പോള്‍ ഫിന്‍ അലനെ ഒഴിവാക്കി കാമറൂണ്‍ ഗ്രീനിനെ ഓപ്പണറാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ആകാശ് ചോപ്ര.

‘കൊല്‍ക്കത്തയുടെ നിലവിലെ പ്രശ്‌നം ബൗളിങ്ങല്ല, ബാറ്റിങ്ങാണ്. ഒമ്പതാം നമ്പറില്‍ അനുകുല്‍ റോയ് ഉണ്ടായിട്ടുണ്ട് ബാറ്റിങ് സാധാരണമാണെങ്കില്‍ അത് പരിഹരിക്കേണ്ടതുണ്ട്. അവരുടെ ബൗളിങ് അത്ര മോശമല്ല. ബാറ്റര്‍മാര്‍ക്ക് ആര്‍ക്കും പരിക്കില്ലാതിരുന്നിട്ടും ബാറ്റിങ്ങില്‍ പ്രശ്‌നങ്ങളുണ്ട്.

അതിന് എന്റെ കൈയില്‍ ഒരു പരിഹാരമുണ്ട്. പതിരാന (മതീഷ) തിരിച്ചെത്തുമ്പോള്‍ ഫിന്‍ അലനെ പുറത്തിരുത്തണം. എന്നിട്ട് കാമറൂണ്‍ ഗ്രീനിനെ ഓപ്പണ്‍ ചെയ്യിപ്പിക്കൂ. ഈ ഒരു പരിഹാരം മാത്രമാണ് എന്റെ മനസിലുള്ളത്.

ഒപ്പം ആംഗ്രിഷ് രഘുവംശിയെയും അജിന്‍ക്യ രഹാനെയും അടുത്തടുത്ത സ്ഥാനങ്ങളില്‍ ഇറക്കാതിരിക്കുക. റോവ്മന്‍ പവലിനും രമണ്‍ദീപ് സിങ്ങിനും കൂടുതല്‍ കൂടുതല്‍ ഓവറുകള്‍ നല്‍കുക. നിലവില്‍ ഫോമിലല്ലാത്തതിനാല്‍ റിങ്കു സിങ്ങിനെ താഴേക്ക് ഇറക്കേണ്ടി വന്നാല്‍ അതിനും മടിക്കരുത്,’ ചോപ്ര പറഞ്ഞു.

ഫിൻ അലൻ. Photo: CricketGully

ഫിന്‍ അലനും ഗ്രീനിനും സീസണില്‍ ഇതുവരെ മികച്ച പ്രകടനങ്ങള്‍ നടത്താന്‍ സാധിച്ചിട്ടില്ല. അലന്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും പിന്നീട് വലിയ പ്രകടനം നടത്താന്‍ സാധിച്ചിട്ടില്ല. ന്യൂസിലാന്‍ഡ് ഓപ്പണര്‍ സീസണില്‍ ഇതുവരെ 81 റണ്‍സാണ് നേടിയത്. മുംബൈക്കെതിരെ എടുത്ത 17 പന്തില്‍ 37 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

കാമറൂൺ ഗ്രീൻ.

അതേസമയം, ഗ്രീന്‍ ഇതുവരെ സീസണില്‍ 56 റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്തത്. ലഖ്നൗ സൂപ്പര്‍ ജയന്റസിനെതിരെ സ്‌കോര്‍ ചെയ്ത 24 പന്തില്‍ 32 റണ്‍സാണ് ഈ സീസണിലെ ഉയര്‍ന്ന സ്‌കോര്‍.

Content Highlight: IPL 2026: Akash Chopra suggest that KKR should make Cameron Green as opener dropping Fin Allen

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more