| Sunday, 10th May 2026, 1:17 pm

സഞ്ജു പരാജയപ്പെട്ടാല്‍ ചെന്നൈയെ ആര് രക്ഷിക്കും? ചോദ്യമുയര്‍ത്തി മുന്‍ താരം

ഫസീഹ പി.സി.

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് തങ്ങളുടെ 11ാം മത്സരത്തിനിറങ്ങുകയാണ്. ഇന്ന് (മെയ് പത്ത്) നടക്കുന്ന മത്സരത്തില്‍ അവസാന സ്ഥാനക്കാരായ ലഖ്നൗ സൂപ്പര്‍ ജയന്റ്സാണ് എതിരാളികള്‍. എല്‍.എസ്.ജിയുടെ ഹോം ഗ്രൗണ്ടായ എകാന ക്രിക്കറ്റ് ഗ്രൗണ്ടാണ് വേദി.

ഇപ്പോള്‍ ഈ മത്സരത്തിന് മുന്നോടിയായി ചെന്നൈയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര. സഞ്ജു സാംസണിന്റെ റണ്‍സും ചെന്നൈയുടെ വിജയവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്നും സഞ്ജുവിനെ അമിതമായി ആശ്രയിക്കുന്നതാണ് ടീമിന്റെ പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.

പവര്‍ പ്ലേയില്‍ ആവശ്യമാണെന്നതിനാല്‍ അകീല്‍ ഹൊസൈനെ കളിപ്പിക്കണമെന്നും ജെയ്മി ഓവര്‍ട്ടണെ കുറച്ച് കൂടി നന്നായി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ചോപ്ര.

ആകാശ് ചോപ്ര. Photo: Mahi Patel/x.com

‘സഞ്ജു സാംസണ്‍ റണ്‍സ് നേടാതെ വിജയിക്കാന്‍ സാധിക്കുമോ? ബാക്കിയെല്ലാം മികച്ച രീതിയിലാണ് പോകുന്നത്. അതിനാല്‍ നിലവില്‍ ഉള്ളത് പോലെ ചെന്നൈ തുടരണം. അകീല്‍ ഹൊസൈനെ കളിപ്പിക്കണം. പവര്‍പ്ലേ ഓവറുകളില്‍ അവന്‍ ആവശ്യമാണ്. മിച്ചല്‍ മാര്‍ഷിനൊപ്പം ഒരു വലം കൈയ്യന്‍ ബാറ്ററാകും ഓപ്പണിങ്ങില്‍ വരാന്‍ സാധ്യത. അതിനാല്‍ തന്നെ അകീലിന് അവിടെ റോളുണ്ട്.

പക്ഷേ, സഞ്ജു സ്‌കോര്‍ ചെയ്യുന്നതും വിജയവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ഒരു പ്രശ്‌നം. അവന്‍ നേരത്തെ പുറത്തായാല്‍ ടീമിനെ ആര് രക്ഷിക്കും? അത് വലിയൊരു ചോദ്യമാണ്. മറ്റൊന്ന് ജെയ്മി ഓവര്‍ട്ടണെ ടീം കുറച്ച് കൂടി പ്രയോജനപ്പെടുത്തേണ്ടതില്ലേ എന്നാണ്. കഴിഞ്ഞ മത്സരത്തില്‍ 19ാം ഓവറില്‍ അഞ്ച് റണ്‍സ് മാത്രം വിട്ടുനല്‍കിയും ട്രിസ്റ്റന്‍ സ്റ്റേബിസിനെ പുറത്താക്കിയും അവന്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്,’ ചോപ്ര പറഞ്ഞു.

സഞ്ജു സാംസൺ. Photo: IndianPremierLeague/x.com

ഈ സീസണില്‍ ചെന്നൈ അഞ്ച് മത്സരങ്ങളാണ് ഇതുവരെ ജയിച്ചത്. അതില്‍ നാല് മത്സരങ്ങളിലും സഞ്ജുവായിരുന്നു ടീമിന്റെ ടോപ് സ്‌കോറര്‍. സീസണിന്റെ തുടക്കത്തില്‍ മൂന്ന് മത്സരങ്ങള്‍ പരാജയപ്പെട്ട് തുടങ്ങിയ ടീമിന് ചേട്ടന്റെ സെഞ്ച്വറിയാണ് ആദ്യ വിജയം സമ്മാനിച്ചത്. ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയായിരുന്നു ഈ വിജയം.

പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ഗുജറാത്ത് ടൈറ്റന്‍സ്, മുംബൈ ഇന്ത്യന്‍സ് എന്നിവരെയും തോല്‍പ്പിച്ചു. മുംബൈയെ രണ്ടാമതും പരാജയപ്പെടുത്തിയപ്പോള്‍ മാത്രമാണ് സഞ്ജുവിന് വലിയ സ്‌കോര്‍ കണ്ടെത്താന്‍ സാധിക്കാതിരുന്നത്.

Content Highlight:  IPL 2026: Akash Chopra says that CSK’s winning and Sanju Samson scoring go in hand in hand

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more