തുടര്‍ തോല്‍വികളില്‍ വലയുകയാണ് മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ആറ് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ടീമിന് ഇതുവരെ ഒരു വിജയം പോലും നേടാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം രഹാനെയും സംഘവും അഞ്ചാം പരാജയം ഏറ്റുവാങ്ങിയിരുന്നു.
ഇപ്പോള്‍ തോല്‍വിക്ക് പിന്നാലെ ഗുജറാത്തിനെതിരെ കൊല്‍ക്കത്ത സ്വീകരിച്ച സമീപനത്തെ വിമര്‍ശിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര. മത്സരത്തില്‍ കൊല്‍ക്കത്ത 57 ഡോട്ട് ബോളുകള്‍ കളിച്ചുവെന്നും അവിടെ തന്നെ കളി പകുതി കൈവിട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആകാശ് ചോപ്ര. Photo: Mahi Patel/x.com
ഈ ഡോട്ട് ബോളുകള്‍ ഒരു 20 റണ്‍സെങ്കിലും നേടിയിരുന്നെങ്കില്‍ കൊല്‍ക്കത്തയ്ക്ക് വിജയിക്കാമായിരുന്നുവെന്നനും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ആകാശ് ചോപ്ര.
’20 ഓവറില്‍ 120 പന്തുകളാണുള്ളത്. ഇതില്‍ 57 പന്തും ഡോട്ട് ബോളാണെങ്കില്‍ എത്ര റണ്‍സാണ് നിങ്ങള്‍ക്ക് സ്‌കോര്‍ ചെയ്യാന്‍ സാധിക്കുക. 9.3 ഓവറുകള്‍ മൈഡനായിട്ടും കെ.കെ.ആര്‍ 180 റണ്‍സെടുത്തു. ഇതില്‍ 20 പന്തില്‍ സിംഗിള്‍ എടുത്തിരുന്നേല്‍ അവര്‍ക്ക് വിജയിക്കാമായിരുന്നു.
സമ്മര്‍ദമില്ലാതെ സ്വാതന്ത്ര്യത്തോടെ ബാറ്റ് ചെയ്യാന്‍ വേണ്ടിയാണ് ടോസ് ലഭിച്ചിട്ടും കൊല്‍ക്കത്ത ബാറ്റിങ് തെരഞ്ഞെടുത്തത്. എന്നിട്ടും പവര്‍പ്ലേയില്‍ വെറും 37 റണ്‍സാണ് അവര്‍ സ്‌കോര്‍ ചെയ്തത്. സ്വാതന്ത്ര്യത്തോടെ കളിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിന് അവര്‍ക്ക് സാധിക്കുന്നില്ല
57 ഡോട്ട് ബോളുകള്‍ കളിക്കുന്ന ഒരു ടീമിന് എവിടെ എത്താന്‍ സാധിക്കും? ബാക്കിയുള്ള 63 പന്തിലാണ് അവര്‍ 180 റണ്‍സ് സ്‌കോര്‍ ചെയ്തത്. അവിടെ തന്നെ നിങ്ങളുടെ പക്തി മത്സരവും കൈവിട്ടു. ഇത് വലിയൊരു അപകട സൂചനയാണ്,’ ആകാശ് ചോപ്ര പറഞ്ഞു.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങൾ. Photo: iplt20.com
കൊല്‍ക്കത്ത അഞ്ച് മത്സരങ്ങളില്‍ പരാജയപ്പെട്ടപ്പോള്‍ ഒരു മത്സരം മഴ മൂലം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഒരു പോയിന്റുള്ള ടീം പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്താണ്.
അതേസമയം, ഏപ്രില്‍ 19നാണ് കൊല്‍ക്കത്തയുടെ അടുത്ത മത്സരം. രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍. കെ.കെ.ആറിന്റെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡ്സാണ് വേദി.
Content Highlight: IPL 2026: Akash Chopra criticizes KKR for playing 57 dot balls against GT