ഐ.പി.എല്‍ 2025 സീസണ്‍ അവസാനത്തോട് അടുക്കുകയാണ്. ഫൈനല്‍ ഉള്‍പ്പെടെ രണ്ട് മത്സരങ്ങളാണ് ഇനി ടൂര്‍ണമെന്റില്‍ ബാക്കിയുള്ളത്. സീസണിനുടനീളം മികച്ച ഫോമില്‍ മുന്നേറിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഇതിനകം തന്നെ ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്.
കലാശപോരില്‍ ആരാണ് തങ്ങളുടെ എതിരാളികള്‍ എന്നറിയാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് പ്ലേ ബോള്‍ഡ് ആര്‍മി. ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ പഞ്ചാബ് കിങ്‌സും മുംബൈയും തമ്മില്‍ ഏറ്റുമുട്ടാനിരിക്കുകയാണ്. പോരാട്ടത്തില്‍ വിജയിക്കുന്നവര്‍ കിരീടത്തിനായി ആര്‍.സി.ബിയെ നേരിടും. ഗുജറാത്തിലെ അഹമ്മദാബാദ് സ്റ്റേഡിയത്തിലാണ് ഫൈനലിനും വേദി.
ഗുജറാത്തിനെതിരായ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് മുംബൈ ഇന്ന് പഞ്ചാബിനെ നേരിടാനിരിക്കുന്നത്. എന്നാല്‍ ആദ്യ ക്വാളിഫയറില്‍ ബെംഗളൂരുവിനോടേറ്റ കനത്ത തോല്‍വിയുമായാണ് പഞ്ചാബ് കളത്തിലെത്തുന്നത്.
ശക്തരായ മുംബൈ തങ്ങളുടെ ആറാം കിരീടനേട്ടം ലക്ഷ്യമിടുമ്പോള്‍ വലിയ ആവേശത്തോടെയാണ് ഇന്ന് നടക്കുന്ന മത്സരത്തെ ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്. എന്നിരുന്നാലും സൂപ്പര്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിന്റെ കീഴില്‍ തങ്ങളുടെ കന്നി കിരീടത്തിലേക്ക് ടിക്കറ്റ് എടുക്കാന്‍ പഞ്ചാബിന് സാധിക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
എന്നാല്‍ ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തില്‍ പഞ്ചാബിന്റെ പ്രധാന ശ്രദ്ധാ കേന്ദ്രം സൂപ്പര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലാണ്. പരിക്ക് മൂലം മത്സരങ്ങള്‍ നഷ്ടപ്പെട്ട താരം ഇന്ന് കളത്തിലിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. സ്പിന്‍ തന്ത്രങ്ങളെ പിന്തുണച്ച് മുംബൈക്കെതിരെ കരുനീക്കാന്‍ ചഹല്‍ പഞ്ചാബിന് തുണയാകുമെന്നത് ഉറപ്പാണ്. എന്നാല്‍ അഹമ്മദാബാദിലെ പിച്ച് സ്പിന്നിനെ തുണയ്ക്കുകയാണെങ്കില്‍ ചഹല്‍ തിളങ്ങുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്.
സീസണില്‍ 12 മത്സരങ്ങളില്‍ നിന്ന് 354 റണ്‍സ് വഴങ്ങി 14 വിക്കറ്റുകളാണ് ചഹല്‍ വീഴ്ത്തിയത്. 4/28 എന്ന മികച്ച ബൗളിങ് പ്രകടനവും 25.29 ആവറേജും താരത്തിനുണ്ട്. 9.57 എന്ന എക്കോണമിയിലാണ് താരം സീണില്‍ ബൗള്‍ ചെയ്തത്. മാത്രമല്ല രണ്ട് ഫോര്‍ഫറുകള്‍ താരം സീസണില്‍ നേടിയിട്ടുണ്ട്. മാത്രമല്ല ഐ.പി.എി എല്‍ ചരിത്രത്തില്‍തന്നെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കിയ താരമാണ് ചഹല്‍. 219 വിക്കറ്റുകളാണ് ചഹല്‍ ടൂര്‍ണമെന്റില്‍ നിന്ന് സ്വന്തമാക്കിയത്.
എന്നാല്‍ ബാറ്റിങ്ങിനെ പിന്തുണയ്ക്കുന്ന ഗുജറാത്തിലെ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ കളിച്ച 14 ഇന്നിങ്സുകളില്‍ ഒമ്പത് തവണ ടീമുകള്‍ 200 റണ്‍സ് കടന്നിട്ടുമുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ ആരാധകര്‍ക്ക് ചഹല്‍ മാജിക്ക് കാണാന്‍ സാധിക്കുമോ എന്നാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ മുംബൈ ഇന്ത്യന്‍സ് പേസ് മാസ്റ്റര്‍ ജസ്പ്രീത് ബുംറ പഞ്ചാബിന് മുന്നില്‍ ഉയര്‍ത്തുന്ന വെല്ലപവിളി ചെറുതൊന്നുമല്ല.
Content Highlight: IPL 2025: Yuzvendra Chahal is likely to play for Punjab Kings today, reports say