റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തങ്ങളുടെ കന്നി ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. അഹമ്മദാബാദ് സ്‌റ്റേഡിയത്തില്‍ നടന്ന ഐ.പി.എല്‍ 2025ന്റെ കലാശക്കൊട്ടില്‍ പഞ്ചാബിനെ ആറ് റണ്‍സിന് പരാജയപ്പെടുത്തിയാണ് പ്ലേ ബോള്‍ഡ് ആര്‍മി കിരീടത്തില്‍ മുത്തമിട്ടത്. 18 വര്‍ഷത്തെ കിരീട വരള്‍ച്ചക്ക് ശേഷമാണ് പുതിയ ക്യാപ്റ്റന്‍ രജത് പാടിദാറിന്റെ ക്യാപ്റ്റന്‍സിയില്‍ ബെംഗളൂരു കിരീടമുയര്‍ത്തിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബെംഗളൂരുവിന് ഒമ്പത് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും വിരാട് കോഹ്‌ലിയുടെ കരുത്തില്‍ 190 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സിന് മത്സരം അവസാനിപ്പിക്കുകയായിരുന്നു.
ഫൈനലിലെ പഞ്ചാബിന്റെ തോല്‍വിക്ക് പിന്നാലെ നിര്‍ഭാഗ്യവാന്‍മാരുടെ റെക്കോഡ് ലിസ്റ്റിലാണ് സൂപ്പര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ എത്തിച്ചേര്‍ന്നത്. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ മൂന്ന് വ്യത്യസ്ത ടീമുകള്‍ക്കൊപ്പം ഫൈനലില്‍ തോല്‍ക്കുന്ന താരങ്ങളുടെ പട്ടികയിലേക്കാണ് ചഹല്‍ തന്റെ പേര് എഴുതിച്ചേര്‍ത്തത്.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിങ്‌സ് എന്നീ മൂന്ന് ടീമുകള്‍ക്കൊപ്പമാണ് താരം ഫൈനല്‍ മത്സരം തോറ്റത്. 2016 ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനൊപ്പമാണ് ചഹല്‍ ആദ്യ ഫൈനല്‍ മത്സരം പരാജയപ്പെടുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ പരാജയപ്പെട്ടായിരുന്നു 2016ല്‍ ആര്‍.സി.ബിക്ക് കിരീടം നഷ്ടമായത്.
പിന്നീട് 2022ല്‍ സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിച്ച താരം ഫൈനലില്‍ തോല്‍വി നേരിട്ടു. ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായിരുന്നു രാജസ്ഥാന്‍ പരാജയപ്പെട്ടത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പഞ്ചാബിന്റെ ഫൈനലിലും ചഹല്‍ തോല്‍വി നേരിട്ടിരിക്കുകയാണ്.
ചഹലിന് മുമ്പ് മൂന്ന് താരങ്ങള്‍ മാത്രമാണ് ഈ പട്ടികയില്‍ ഇടം നേടിയിരുന്നത്. ആര്‍. അശ്വിന്‍, ശിഖര്‍ ധവാന്‍, രാഹുല്‍ ത്രിപാഠി എന്നിവരായിരുന്നു ഈ ലിസ്റ്റിലുണ്ടായിരുന്നത്. ഇപ്പോള്‍ മൂന്ന് വ്യത്യസ്ത ടീമുകള്‍ക്കൊപ്പം ഫൈനലില്‍ തോല്‍ക്കുന്ന നാലാമത്തെ താരമാകുകയാണ് ചഹല്‍.
ആര്‍. അശ്വിന്‍ – രാജസ്ഥാന്‍ റോയല്‍സ്, ദല്‍ഹി ക്യാപിറ്റല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്
ശിഖര്‍ ധവാന്‍ – മുംബൈ ഇന്ത്യന്‍സ്, ദല്‍ഹി ക്യാപിറ്റല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
രാഹുല്‍ ത്രിപാഠി – റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
യുസ്വേന്ദ്ര ചഹല്‍ – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിങ്‌സ്
ഈ സീസണില്‍ 18 കോടിക്കായിരുന്നു പഞ്ചാബ് ചഹലിനെ സ്വന്തമാക്കിയിരുന്നത്. സീസണില്‍ 14 മത്സരങ്ങളില്‍ നിന്നും 16 വിക്കറ്റുകളാണ് താരം പഞ്ചാബിന് വേണ്ടി നേടിയത്. പരുക്കേറ്റതിന് പിന്നാലെ താരത്തിന് രണ്ട് മത്സരങ്ങള്‍ നഷ്ടമായിരുന്നു. ഫൈനല്‍ പോരാട്ടത്തില്‍ നാല് ഓവറില്‍ 37 റണ്‍സ് വഴങ്ങി താരം ഒരു വിക്കറ്റും നേടിയിരുന്നു.
Content Highlight: IPL 2025: Yuzvendra Chahal In Unwanted Record List