| Friday, 6th June 2025, 3:09 pm

പഞ്ചാബിന്റെ തോല്‍വിയില്‍ കുറ്റവാളി അവന്‍; വിമര്‍ശനവുമായി യോഗ്‌രാജ്‌ സിങ്

സ്പോര്‍ട്സ് ഡെസ്‌ക്

പുതിയ ചാമ്പ്യന്മാരെ സമ്മാനിച്ച് ഐ.പി.എല്‍ പൂരത്തിന് കൊടിയിറങ്ങിയിരിക്കുന്നു. 18 വര്‍ഷത്തെ കിരീട വരള്‍ച്ചയ്ക്ക് വിരാമമിട്ട് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു കന്നി കിരീടം നേടി. പക്ഷേ, ഈ ജൈത്രയാത്രയില്‍ പൊലിഞ്ഞത് പഞ്ചാബ് കിങ്‌സിന്റെ കന്നി കിരീടമെന്ന മോഹമാണ്.

സീസണിലുടനീളം നടത്തിയ മികച്ച പ്രകടനങ്ങള്‍ ഫൈനലിലും തുടരാന്‍ കഴിയാത്തതോടെയാണ് കിരീടപ്പോരില്‍ പഞ്ചാബിന് കാലിടറിയത്. ഇപ്പോള്‍ തോല്‍വിയില്‍ പഞ്ചാബിന്റെ നായകനെ വിമര്‍ശിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം യോഗ്‌രാജ്‌ സിങ്.

പഞ്ചാബ് കിങ്‌സിന്റെ തോല്‍വിയില്‍ കുറ്റവാളി ശ്രേയസ് മാത്രമാണെന്നും സ്വയം വലുതായി ചിന്തിക്കാന്‍ തുടങ്ങുമ്പോഴാണ് അത് സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐ.എ.എന്‍.എസില്‍ സംസാരിക്കുകയായിരുന്നു യോഗ്‌രാജ്‌ സിങ്.

‘ഇന്ത്യയ്ക്ക് രണ്ട് മികച്ച ഫിനിഷര്‍മാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് എം.എസ്. ധോണിയും യുവരാജ് സിങ്ങുമാണ്. തോല്‍വിയോടടുത്ത 92 മത്സരങ്ങളിലാണ് ഇരുവരും ഇന്ത്യയെ ജയിപ്പിച്ചത്. 98 ശതമാനം വിജയ നിരക്കുള്ള യുവരാജ് 72 മത്സരങ്ങളില്‍ ഒറ്റയ്ക്ക് വിജയിപ്പിച്ചിട്ടുണ്ട്. ഫൈനലില്‍ വിരാട് കോഹ്ലി 43 റണ്‍സ് നേടി.

അതിനാല്‍ പഞ്ചാബിന്റെ തോല്‍വിക്ക് ഒരേയൊരു കുറ്റക്കാരന്‍ മാത്രമേയുള്ളൂ, അത് അവരുടെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ്. മത്സരത്തില്‍ അവന്‍ മാത്രമാണ് കുറ്റവാളി. ക്രിക്കറ്റിനേക്കാള്‍ വലുതായി ആരുമില്ല. നിങ്ങള്‍ സ്വയം വലുതായി ചിന്തിക്കാന്‍ തുടങ്ങുമ്പോഴാണ് അത് സംഭവിക്കുന്നത്,’ യോഗ്‌രാജ്‌ പറഞ്ഞു.

ക്യാപ്റ്റനായ ആദ്യ സീസണില്‍ തന്നെ ശ്രേയസ് പഞ്ചാബ് കിങ്‌സിനെ ഫൈനലില്‍ എത്തിച്ചിരുന്നു. 11 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ടീം ഫൈനലിലേക്ക് പ്രവേശിച്ചത്. എന്നാല്‍ കന്നി കിരീടം മാത്രം നേടാനായില്ല. അതില്‍ പ്രധാന പങ്ക് വഹിച്ചത് ശ്രേയസ് അയ്യര്‍ക്ക് വലിയ പ്രകടനം നടത്താനാകാത്തതായിരുന്നു.

Content Highlight: IPL 2025: Yograj Singh says Shreyas Iyer is the only culprit in Punjab Kings’ defeat against Royal Challengers Bengaluru in IPL final

We use cookies to give you the best possible experience. Learn more