വിജയത്തോടെയാണ് രാജസ്ഥാന്‍ റോയല്‍സ് സീസണിനോട് വിടപറയുന്നത്. ദല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മള്‍ട്ടിപ്പിള്‍ ടൈംസ് ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് രാജസ്ഥാന്‍ 2025 ക്യാമ്പെയ്ന്‍ അവസാനിപ്പിച്ചത്.
14 മത്സരത്തില്‍ നിന്നും നാല് ജയവുമായി എട്ട് പോയിന്റോടെ ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാന്‍ നിലവില്‍ ഫിനിഷ് ചെയ്തിരിക്കുന്നത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ കിങ്സ് ഉയര്‍ത്തിയ 188 റണ്‍സിന്റെ വിജയലക്ഷ്യം 17 പന്ത് ബാക്കി നില്‍ക്കവെ രാജസ്ഥാന്‍ മറികടക്കുകയായിരുന്നു.
പതിവുപോലെ യശസ്വി ജെയ്സ്വാളും വൈഭവ് സൂര്യവംശിയുമടക്കമുള്ള ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ പതിവിന് വിപരീതമായി ഫിനിഷര്‍മാരായ ധ്രുവ് ജുറെലും ഷിംറോണ്‍ ഹെറ്റ്മെയറും ടീമിനെ ഫിനിഷ് ചെയ്യാതെ മത്സരം ഫിനിഷ് ചെയ്തതും ആരാധകര്‍ക്ക് രസമുള്ള കാഴ്ചയായി.
നേരിട്ട ആദ്യ പന്തില്‍ തന്നെ ഫോറടിച്ചുതുടങ്ങിയ യശസ്വി ജെയ്‌സ്വാളാണ് ഇന്നിങ്‌സിന് അടിത്തറയിട്ടത്. മികച്ച തുടക്കം സമ്മാനിച്ച് ജെയ്സ്വാള്‍ നാലാം ഓവറിലെ നാലാം പന്തില്‍ മടങ്ങി. ടീം സ്‌കോര്‍ 37ല്‍ നില്‍ക്കവെയായിരുന്നു ജെയ്‌സ്വാളിന്റെ മടക്കം. ഈ സമയം രാജസ്ഥാന്‍ ആകെ നേടിയ 37 റണ്‍സില്‍ 36 റണ്‍സും ജെയ്സ്വാളിന്റെ ബാറ്റില്‍ നിന്നുമാണ് പിറവിയെടുത്തത്.
അന്‍ഷുല്‍ കാംബോജിന് വിക്കറ്റ് നല്‍കി മടങ്ങും മുമ്പ് അഞ്ച് ഫോറും രണ്ട് സിക്സറും അടക്കം 189.47 സ്ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.
സീസണില്‍ രാജസ്ഥാനായി ഏറ്റവുമധികം റണ്‍സടിച്ച താരമായാണ് ജെയ്‌സ്വാള്‍ ടൂര്‍ണമെന്റിനോട് വിടപറയുന്നത്. 14 മത്സരത്തില്‍ നിന്നും 43.00 ശരാശരിയിലും 159.71 സ്‌ട്രൈക്ക് റേറ്റിലും 559 റണ്‍സാണ് താരം സ്വന്തമാക്കിയത്. ആറ് അര്‍ധ സെഞ്ച്വറികള്‍ നേടിയ താരത്തിന്റെ സീസണിലെ ഉയര്‍ന്ന സ്‌കോര്‍ 75 ആണ്.
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും ജെയ്‌സ്വാള്‍ സ്വന്തമാക്കി. ഐ.പി.എല്‍ ചരിത്രത്തില്‍ തുടര്‍ച്ചയായ മൂന്ന് സീസണില്‍ 150+ സ്‌ട്രൈക്ക് റേറ്റില്‍ 400+ റണ്‍സ് സ്‌കോര്‍ ചെയ്ത താരമെന്ന റെക്കോഡാണ് രാജസ്ഥാന്‍ ഓപ്പണര്‍ തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തത്.
ഐ.പി.എല്ലിന്റെ 18 വര്‍ഷത്തെ ചരിത്രത്തില്‍ ഇതിന് മുമ്പ് ക്രിസ് ഗെയ്‌ലിനും എ.ബി. ഡി വില്ലിയേഴ്‌സിനും മാത്രം സ്വന്തമാക്കാനായ റെക്കോഡാണ് ജെയ്‌സ്വാള്‍ അടിച്ചെടുത്തത്.
(താരം – സീസണുകള്‍ എന്നീ ക്രമത്തില്‍)
ക്രിസ് ഗെയ്ല്‍ – 2011, 2012, 2013
എ. ബി. ഡി വില്ലിയേഴ്‌സ് – 2018, 2019, 2020
യശസ്വി ജെയ്‌സ്വാള്‍ – 2023, 2024, 2025*
കഴിഞ്ഞ സീസണില്‍ 155.91 എന്ന എന്ന സ്‌ട്രൈക്ക് റേറ്റില്‍ 435 റണ്‍സാണ് ജെയ്‌സ്വാള്‍ അടിച്ചെടുത്തത്. 31.07 ശരാശരിയില്‍ സ്‌കോര്‍ ചെയ്ത താരം റിയാന്‍ പരാഗിനും സഞ്ജു സാംസണും ശേഷം രാജസ്ഥാനായി ഏറ്റവുമധികം റണ്‍സ് നേടിയ ബാറ്ററുമായിരുന്നു.
2023ലാകട്ടെ രാജസ്ഥാന്റെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരനും സീസണിലെ ഏറ്റവും മികച്ച അഞ്ചാമത് റണ്‍വേട്ടക്കാരനും ജെയ്‌സ്വാളായിരുന്നു. 48.08 ശരാശരിയിലും 163.61 സ്‌ട്രൈക്ക് റേറ്റിലും 625 റണ്‍സാണ് താരം സ്വന്തമാക്കിയത്.
Content Highlight: IPL 2025: Yashasvi Jasiwal becomes the only 3rd batter to score 400 runs + 150 SR in 3 Consecutive IPL Seasons