| Monday, 28th April 2025, 6:48 pm

ഇരുവരും രാജസ്ഥാനൊപ്പം നേടേണ്ട നേട്ടങ്ങളായിരുന്നു; കരിയര്‍ തിരുത്തിക്കുറിക്കാന്‍ സഞ്ജുവിന്റെ ജെയ്‌സ്വാളും ജോസേട്ടനും

സ്പോര്‍ട്സ് ഡെസ്‌ക്

തുടര്‍ച്ചയായ തോല്‍വിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്‌സില്‍ നിന്നും ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള പോരാട്ടത്തിനാണ് ഐ.പി.എല്‍ 2025 സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ ഹോം ഗ്രൗണ്ടായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തിലാണ് മത്സരം.

ഈ മത്സരത്തില്‍ കരിയറിലെ സുപ്രധാന നേട്ടങ്ങള്‍ ലക്ഷ്യമിട്ടാണ് രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ താരം യശസ്വി ജെയ്‌സ്വാളും മുന്‍ രാജസ്ഥാന്‍ സൂപ്പര്‍ താരവും ജെയ്‌സ്വാളിന്റെ ഓപ്പണിങ് പാര്‍ട്ണറുമായ ജോസ് ബട്‌ലറും കളത്തിലിറങ്ങുന്നത്. ഐ.പി.എല്‍ കരിയറിലെ പുത്തന്‍ നാഴികക്കല്ലുകളാണ് ഇരുവരും ലക്ഷ്യമിടുന്നത്.

ഐ.പി.എല്ലില്‍ 2,000 റണ്‍സ് എന്ന ലക്ഷ്യമാണ് ജെയ്‌സ്വാളിന് മുമ്പിലുള്ളത്. ഈ നേട്ടം സ്വന്തമാക്കാന്‍ രാജസ്ഥാന്‍ ഓപ്പണര്‍ക്ക് വേണ്ടതാകട്ടെ 27 റണ്‍സും.

നിലവില്‍ 61 ഇന്നിങ്‌സില്‍ നിന്നും 33.27 ശരാശരിയിലും 150.30 സ്‌ട്രൈക്ക് റേറ്റിലും 1,963 റണ്‍സാണ് താരം സ്വന്തമാക്കിയത്. രണ്ട് സെഞ്ച്വറിയും 13 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടുന്നതാണ് ജെയ്‌സ്വാളിന്റെ ഐ.പി.എല്‍ കരിയര്‍.

ഈ മത്സരത്തില്‍ 2,000 റണ്‍സ് മാര്‍ക് പിന്നിടാന്‍ സാധിച്ചാല്‍ മറ്റൊരു റെക്കോഡും ജെയ്‌സ്വാളിന്റെ പേരില്‍ കുറിക്കപ്പെടും. ഏറ്റവും വേഗത്തില്‍ 2,000 ഐ.പി.എല്‍ റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കാണ് ജെയ്‌സ്വാള്‍ കാലെടുത്ത് വെക്കുക.

57 ഇന്നിങ്‌സില്‍ നിന്നും 2,000 റണ്‍സ് നേടിയ ഋതുരാജ് ഗെയ്ക്വാദും 60 ഇന്നിങ്‌സില്‍ നിന്നും ഈ നേട്ടത്തിലെത്തിയ കെ.എല്‍. രാഹുലിനും ശേഷമാണ് മൂന്നാമതായി ജെയ്‌സ്വാള്‍ ഈ നേട്ടത്തിലെത്തുക.

അതേസമയം, തന്റെ ഐ.പി.എല്‍ കരിയറിലെ മറ്റൊരു മൈല്‍സ്റ്റോണ്‍ പിന്നിടാന്‍ 62 റണ്‍സാണ് ബട്‌ലറിന് വേണ്ടത്. ടൂര്‍ണമെന്റില്‍ 4,000 റണ്‍സ് റണ്‍സ് പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ എലീറ്റ് ലിസ്റ്റിലേക്കാണ് ബട്‌ലര്‍ ചെന്നെത്തുക.

2016ല്‍ ഐ.പി.എല്‍ കരിയറിന് ആരംഭം കുറിച്ച ബട്‌ലര്‍ 114 ഇന്നിങ്‌സില്‍ നിന്നുമാണ് 3,938 റണ്‍സ് സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവര്‍ക്ക് വേണ്ടിയാണ് ആരാധകരുടെ ജോസേട്ടന്‍ സ്‌കോര്‍ ചെയ്തത്. ഏഴ് സെഞ്ച്വറിയും 22 അര്‍ധ സെഞ്ച്വറിയും താരം ഐ.പി.എല്ലില്‍ നേടിയിട്ടുണ്ട്.

ഇതില്‍ 3,055 റണ്‍സും രാജസ്ഥാനൊപ്പമാണ് ബട്‌ലര്‍ നേടിയത്. ഐ.പി.എല്‍ കരിയറില്‍ നേടിയ ഏഴില്‍ ഏഴ് സെഞ്ച്വറിയും 22ല്‍ 18 സെഞ്ച്വറിയും പിങ്ക് ജേഴ്‌സിയിലാണ് താരം സ്വന്തമാക്കിയത്.

അതേസമയം, ഇന്നത്തെ മത്സരം രാജസ്ഥാന്‍ റോയല്‍സിന് സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. കളിച്ച ഒമ്പതില്‍ ഏഴിലും പരാജയപ്പെട്ട രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. ടൈറ്റന്‍സിനോട് പരാജയപ്പെടുകയാണെങ്കില്‍ ടീമിന്റെ യാത്ര ഇതോടെ അവസാനിക്കുകയും ചെയ്യും.

എട്ട് മത്സരത്തില്‍ നിന്നും ആറ് ജയവും രണ്ട് തോല്‍വിയുമായി രണ്ടാം സ്ഥാനത്താണ് ടൈറ്റന്‍സ്. രാജസ്ഥാനോട് വിജയിക്കാന്‍ സാധിച്ചാല്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനും ശുഭ്മന്‍ ഗില്ലിനും സംഘത്തിനും സാധിക്കും.

Content Highlight: IPL 2025: Yashasvi Jaiswal and Jos Buttler set to reach career milestones in IPL

We use cookies to give you the best possible experience. Learn more