ആളും ആരവവുമായാണ് ഐ.പി.എല്‍ 2025ന് തിരശീല വീണത്. 18 വര്‍ഷമായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തങ്ങളുടെ കന്നി കിരീടം നേടിയപ്പോള്‍ ആദ്യ കിരീടമെന്ന മോഹവുമായി ഫൈനലനിറങ്ങിയ പഞ്ചാബ് കിങ്‌സിന് നിരാശരായി മടങ്ങേണ്ടി വന്നിരുന്നു.
ഇതോടെ ടീമിന്റെ സൂപ്പര്‍ താരമായ വിരാടിന്റെ കാത്തിരിപ്പിനും അറുതിയായി. കരിയറിലെ എല്ലാ നേട്ടങ്ങളും സ്വന്തം പേരിലെഴുതിയിട്ടും കിട്ടാക്കനിയായി തുടര്‍ന്ന ഐ.പി.എല്‍ കപ്പെന്ന 18ാം നമ്പറുകാരന്റെ സ്വപ്നമാണ് സഫലമായത്.
റോയല്‍ ചലഞ്ചേഴ്‌സിന്റെ വിജയത്തില്‍ പ്രതികരിക്കുകയാണ് സൂപ്പര്‍ താരം യാഷ് ദയാല്‍. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത യാഷ് ദയാല്‍ ടീമിന്റെ കിരീടനേട്ടത്തിലും നിര്‍ണായക പങ്കുവഹിച്ചിരുന്നു.
തങ്ങള്‍ വിരാട് കോഹ്ലിക്ക് വേണ്ടി ചെയ്തതെല്ലാം വളരെ കുറഞ്ഞുപോയെന്നാണ് യാഷ് ദയാല്‍ അഭിപ്രായപ്പെടുന്നത്. വിരാട് 18 വര്‍ഷമായി ഐ.പി.എല്‍ കീരീടത്തിനായുള്ള കാത്തിരിപ്പിലായിരുന്നുവെന്നും അദ്ദേഹത്തിനായി കിരീടം നേടിയതില്‍ ഏറെ സന്തോഷമുണ്ടെന്നും യാഷ് ദയാല്‍ പറഞ്ഞു.
‘വിരാട് ഭയ്യക്ക് വേണ്ടി ചെയ്തതെല്ലാം വളരെ കുറഞ്ഞുപോയി. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഫ്രാഞ്ചൈസിക്കായി അദ്ദേഹം 18 വര്‍ഷം നല്‍കി. നിരവധി ഉയര്‍ച്ച താഴ്ചകള്‍ക്കും അദ്ദേഹം സാക്ഷിയായി.
വിരാട് ഭയ്യക്ക് വേണ്ടി ട്രോഫി വിജയിച്ചതില്‍ ഏറെ സന്തോഷമുണ്ട്. ഭാവിയിലും കിരീടനേട്ടം ആവര്‍ത്തിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്,’ യാഷ് ദയാല്‍ പറഞ്ഞു.
ഐ.പി.എല്‍ മെഗാ താരലേലത്തില്‍ കൈക്കൊണ്ട സ്ട്രാറ്റജികളാണ് ടീമിന്റെ ജയത്തിന് കാരണമായതെന്ന് പരിശീലകന്‍ ആന്‍ഡി ഫ്‌ളവര്‍ നേരത്തെ പ്രതികരിച്ചിരുന്നു.
‘ലേലത്തില്‍ കൈകൊണ്ട തീരുമാനങ്ങളാണ് ഞങ്ങളുടെ വിജയത്തിന് അടിത്തറ നല്‍കിയത്. വലിയ താരങ്ങള്‍ക്കായി തുക ചെലവഴിക്കുന്നതിന് പകരം മൂല്യമുള്ള താരങ്ങളെ ടീമില്‍ എത്തിക്കുക എന്നായിരുന്നു മോ ബോബറ്റിന്റെ തന്ത്രങ്ങളില്‍ പ്രധാനം. ശക്ത ബൗളിങ് യൂണിറ്റ് കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് അതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
ഒരുപാട് താരങ്ങളെ ടീമിലെത്തിക്കാത്തതില്‍ ലേലത്തിലെ ആദ്യ ദിവസത്തില്‍ ഞങ്ങള്‍ വിമര്‍ശനം നേരിട്ടിരുന്നു. പക്ഷെ ആ നിലപാട് ഭുവനേശ്വര്‍ കുമാര്‍, ക്രുണാല്‍ പാണ്ഡ്യ, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ് എന്നീ മികച്ച താരങ്ങളെ ടീമിലെത്തിക്കാന്‍ സഹായിച്ചു.
അതുപോലെ യുവ ലെഗ് സ്പിന്നര്‍ സുയാഷ് ശര്‍മയെയും ഞങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിച്ചു. ഇവരൊക്കെയും ഞങ്ങള്‍ക്കായി ഈ സീസണില്‍ അതിശയകരമായ പ്രകടനങ്ങള്‍ നടത്തി,’ ആന്‍ഡി ഫ്‌ളവര്‍ പറഞ്ഞു.
Content Highlight: IPL 2025: Yash Dayal about Virat Kohli