| Friday, 25th April 2025, 8:30 pm

'വിരാടിനെ മാതൃകയാക്കണം; ഒരുപക്ഷേ അടുത്ത വര്‍ഷം നമ്മള്‍ അവനെ കണ്ടേക്കില്ല'; വൈഭവ് സൂര്യവംശിയുടെ ഭാവിയെ കുറിച്ച് സേവാഗ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചാണ് വൈഭവ് സൂര്യവംശിയെന്ന 14കാരന്‍ തന്റെ അരങ്ങേറ്റം നടത്തിയത്. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ഐതിഹാസിക നേട്ടം തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്താണ് വൈഭവ് രാജസ്ഥാനായി ബാറ്റെടുത്ത് ക്രീസിലെത്തിയത്.

നേരിട്ട ആദ്യ പന്തില്‍ തന്നെ പരിചയസമ്പന്നനായ ഷര്‍ദുല്‍ താക്കൂറിനെ സിക്‌സര്‍ പറത്തി താരം വരവറിയിക്കുകയും ചെയ്തു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ ആദ്യ മത്സരത്തില്‍ തിളങ്ങിയ താരം കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഭുവനേശ്വര്‍ കുമാറിനെയടക്കം സിക്‌സറടിച്ചാണ് വൈഭവ് താന്‍ ഒരു വണ്‍ മാച്ച് വണ്ടറല്ല എന്ന് തെളിയിച്ചത്.

ഇപ്പോള്‍ വൈഭവ് സൂര്യവംശിയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരേന്ദര്‍ സേവാഗ്. വൈഭവ് വിരാട് കോഹ്‌ലിയെ മാതൃകയാക്കാന്‍ ശ്രമിക്കണമെന്നും 20 വര്‍ഷത്തോളം ക്രിക്കറ്റില്‍ സജീവമായി തുടരണമെന്നും സേവാഗ് പറഞ്ഞു. ക്രിക്ബസ്സില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മുന്‍ ഓപ്പണര്‍.

‘മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുമ്പോള്‍ ആളുകള്‍ പ്രശംസിക്കുമെന്നും മോശം പ്രകടനങ്ങളില്‍ വിമര്‍ശിക്കുമെന്നും മനസിലാക്കിയാല്‍ നിങ്ങള്‍ക്ക് ഉറച്ചുനില്‍ക്കാനും തുടര്‍ന്നുപോകാനും സാധിക്കും.

ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് തന്നെ ഫെയ്മസാവുകയും എന്നാല്‍ തുടര്‍ന്നങ്ങോട്ട് ഒന്നും ചെയ്യാനാകാതെ പോവുകയും ചെയ്ത പല താരങ്ങളെയും ഞാന്‍ കണ്ടിട്ടുണ്ട്. കാരണം തങ്ങളൊരു താരമായെന്ന് അവര്‍ ചിന്തിക്കാന്‍ തുടങ്ങുന്നു,’ സേവാഗ് പറഞ്ഞു.

‘സൂര്യവംശി ഐ.പി.എല്ലില്‍ 20 വര്‍ഷമെങ്കിലും കളിക്കാന്‍ ശ്രമിക്കണം. വിരാട് കോഹ്‌ലിയെ നോക്കൂ, 19 വയസുള്ളപ്പോഴാണ് ഐ.പി.എല്‍ കളിക്കാന്‍ ആരംഭിച്ചത്. ഇപ്പോള്‍ അവന്‍ ഐ.പി.എല്ലിന്റെ 18 സീസണുകളും കളിച്ചിരിക്കുകയാണ്. ഇതായിരിക്കണം അവന്‍ അനുകരിക്കാന്‍ ശ്രമിക്കേണ്ടത്.

പക്ഷേ, അവന്‍ ഈ ഐ.പി.എല്ലില്‍ സന്തോഷവാനാണെങ്കില്‍, ഇപ്പോള്‍ ഞാനൊരു കോടീശ്വരനാണെന്ന് കരുതുന്നുണ്ടെങ്കില്‍, ഒരു മികച്ച തുടക്കം ലഭിച്ചു, ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ നേടി എന്നെല്ലാം കരുതുന്നുണ്ടെങ്കില്‍ ഒരുപക്ഷേ അടുത്ത ഐ.പി.എല്ലില്‍ നമുക്ക് അവനെ കാണാന്‍ സാധിക്കില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, വൈഭവ് തിളങ്ങുന്നുണ്ടെങ്കിലും രാജസ്ഥാന്‍ റോയല്‍സ് തോല്‍വിയില്‍ നിന്നും തോല്‍വിയിലേക്കുള്ള തങ്ങളുടെ യാത്ര തുടരുകയാണ്. അനായാസ വിജയം നേടാന്‍ സാധിക്കുമായിരുന്ന തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളാണ് രാജസ്ഥാന്‍ പരാജയപ്പെട്ടത്.

ഒമ്പത് മത്സരത്തില്‍ നിന്നും രണ്ട് ജയവും ഏഴ് തോല്‍വിയുമായി നാല് പോയിന്റോടെ നിലവില്‍ പോയിന്റ് പട്ടികയില്‍ എട്ടാമതാണ് പിങ്ക് ആര്‍മി.

സൂപ്പര്‍ താരങ്ങളുടെ മോശം പ്രകടനമാണ് രാജസ്ഥാന് വിനയാകുന്നത്. കോടികള്‍ കൊടുത്ത് നിലനിര്‍ത്തിയ താരങ്ങള്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതെ പോകുന്നതും ആകാശ് മധ്വാളിനെ പോലെ മികച്ച താരങ്ങള്‍ ബെഞ്ചില്‍ തുടരുമ്പോഴും തുടര്‍ പരാജയമാകുന്ന തുഷാര്‍ ദേശ്പാണ്ഡേയെ പോലുള്ളവര്‍ക്ക് വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കുന്നതും ടീമിന് തിരിച്ചടിയാകുന്നുണ്ട്.

ഏപ്രില്‍ 28നാണ് രാജസ്ഥാന്റെ അടുത്ത മത്സരം. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയമാണ് വേദി.

Content Highlight: IPL 2025: Virender Sehwag talks about Vaibhav Suryavanshi

We use cookies to give you the best possible experience. Learn more