| Friday, 25th April 2025, 12:38 pm

അയാള്‍ക്ക് എല്ലാം എളുപ്പമാണെന്ന് തോന്നും പക്ഷെ അതിന് പിന്നില്‍ ഒരുപാട് ജോലിയിണ്ട്; തുറന്ന് പറഞ്ഞ് വിരേന്ദര്‍ സെവാഗ്

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഐ.പി.എല്ലില്‍ വിജയക്കുതിപ്പ് തുടരുകയാണ് മുംബൈ ഇന്ത്യന്‍സ്. ഏപ്രില്‍ 23ന് നടന്ന മത്സരത്തില്‍ ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടായ ഉപ്പലില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് മുംബൈ സ്വന്തമാക്കിയത്. സണ്‍റൈസേഴ്സ് ഉയര്‍ത്തിയ 144 റണ്‍സിന്റെ വിജയലക്ഷ്യം രോഹിത് ശര്‍മയുടെയും സൂര്യകുമാര്‍ യാദവിന്റെയും കരുത്തില്‍ മുംബൈ മറികടക്കുകയായിരുന്നു.

46 പന്ത് നേരിട്ട് 70 റണ്‍സാണ് രോഹിത് ശര്‍മ സ്വന്തമാക്കിയത്. എട്ട് ഫോറും മൂന്ന് സിക്സറും ഉള്‍പ്പെടുന്നതായിരുന്നു ഹിറ്റ്മാന്റെ ഇന്നിങ്സ്. 19 പന്തില്‍ പുറത്താകാതെ 40 റണ്‍സാണ് സ്‌കൈ അടിച്ചെടുത്തത്. സീസണിലെ ആദ്യ ആറ് മത്സരങ്ങളില്‍ രോഹിത്തിന് ഫോം കണ്ടെത്താന്‍ സാധിച്ചില്ലായിരുന്നു. എന്നാല്‍ വമ്പന്‍ ഹിറ്റ് ഷോട്ടുകളിലൂടെ രോഹിത് തിരിച്ചെത്തിയതിന്റെ ആവേശത്തിലാണ് ആരാധകര്‍.

‘രോഹിത് ശര്‍മ അടുത്തിടെ അവിശ്വസനീയമായ ഫോമിലാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ അദ്ദേഹം പുറത്താകാതെ നിന്നു, സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയും അദ്ദേഹം അത് ആവര്‍ത്തിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ശരാശരി വര്‍ദ്ധിക്കുമായിരുന്നു. രോഹിത് ഫോമിലായിരിക്കുമ്പോള്‍, അദ്ദേഹത്തിന്റെ വ്യത്യസ്തമായ പ്രകടനം നമുക്ക് കാണാന്‍ കഴിയും. ടീമിന്റെ സ്ഥാനം മെച്ചപ്പെടുന്നു, മറ്റ് ബാറ്റര്‍മാര്‍ക്ക് പിന്തുടരാന്‍ എളുപ്പമാകും.

ക്രിക്കറ്റ് ഒരു ലളിതമായ കായിക വിനോദമാണെന്ന മട്ടില്‍ കളിയെ അദ്ദേഹം എളുപ്പമാക്കുന്നു. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ അദ്ദേഹം ബൗണ്ടറികള്‍ നേടി. പക്ഷെ അത് എളുപ്പമാണെന്ന് തോന്നുമെങ്കിലും, അതിന് പിന്നില്‍ ധാരാളം ജോലിയുണ്ട്. അദ്ദേഹം തന്റെ സമീപനത്തില്‍ ധാരാളം ചിന്തിക്കും, അതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്,’ സെവാഗ് പറഞ്ഞു.

മത്സരത്തിലും വിജയം സ്വന്തമാക്കിയതോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറാനും മുംബൈ ഇന്ത്യന്‍സിനായി. ഒമ്പത് മത്സരത്തില്‍ നിന്നും അഞ്ച് ജയവും നാല് തോല്‍വിയുമായി പത്ത് പോയിന്റാണ് ടീമിനുള്ളത്. ഏപ്രില്‍ 27നാണ് മുംബൈയുടെ അടുത്ത മത്സരം. സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍.

Content Highlight: IPL 2025: Virender Sehwag Praises Rohit Sharma

We use cookies to give you the best possible experience. Learn more