| Thursday, 5th June 2025, 2:21 pm

കിരീടമുയര്‍ത്തിയ വിരാടിന്റെ ക്യാപ്റ്റനായി ശ്രേയസ് അയ്യര്‍, ടീമില്‍ ഒരേയൊരു പാണ്ഡ്യ മാത്രം; വമ്പന്‍ തെരഞ്ഞെടുപ്പുമായി ആകാശ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ല്‍ തന്റെ ടീം ഓഫ് ദി ടൂര്‍ണമെന്റിനെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര. ശ്രേയസ് അയ്യരിനെ ക്യാപ്റ്റനാക്കിയാണ് ചോപ്ര തന്റെ ടീമിനെ തെരഞ്ഞെടുത്തത്.

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ചോപ്ര ടീം തെരഞ്ഞെടുപ്പ് നടത്തിയത്.

‘ആദ്യം തന്നെ സായ് സുദര്‍ശന്‍ എന്റെ ടീമിലുണ്ടാകും. അവന്‍ ഓറഞ്ച് ക്യാപ്പ് വിന്നറാണ്, മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തിട്ടുണ്ട്. ടൂര്‍ണമെന്റിനൊടുവില്‍ അവന്‍ നിരവധി ട്രോഫികള്‍ സ്വന്തമാക്കി. അവനൊരു ട്രോഫി കിങ്ങാണെന്നാണ് തോന്നുന്നത്. അവന്‍ ഐ.പി.എല്‍ കിരീടം മാത്രമാണ് സ്വന്തമാക്കാതിരുന്നത്. മറ്റെല്ലാം അവന്‍ നേടി.

വിരാട് കോഹ്‌ലിയും എന്റെ ടീമിലുണ്ടാകും. വിരാട് കോഹ്‌ലിയുടെ പ്രകടനവും ഏറെ മികച്ചതായിരുന്നു. മിക്ക എവേ മത്സരങ്ങളിലും അവന്‍ അര്‍ധ സെഞ്ച്വറി നേടി, അവന്‍ അര്‍ധ സെഞ്ച്വറി നേടിയപ്പോഴെല്ലാം ടീം വിജയിക്കുകയും ചെയ്തു. വിരാട് ഒരു പ്രധാനപ്പെട്ട റോളാണ് വഹിച്ചത്.

ജോസ് ബട്‌ലറായിരിക്കും മൂന്നാം നമ്പറില്‍ കളിക്കുക. അവന്‍ തന്നെയായിരിക്കും വിക്കറ്റ് കീപ്പറും. ബട്‌ലര്‍ വളരെ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയും അഞ്ഞൂറിലധികം റണ്‍സ് സ്വന്തമാക്കുകയും ചെയ്തു. ജോസ് ബട്‌ലര്‍, ഹെന്റിക് ക്ലാസന്‍, ഇവരില്‍ ആരെ തെരഞ്ഞെടുക്കണമെന്ന് കണ്‍ഫ്യൂഷനുണ്ടായിരുന്നു. വിജയിച്ച മത്സരങ്ങളില്‍ ക്ലാസന് ഒരുപാട് റണ്‍സ് നേടാന്‍ സാധിച്ചിട്ടല്ല. എന്നാല്‍ ബട്‌ലര്‍ ഏറെ മികച്ചതായിരുന്നു.

നാലാം നമ്പറില്‍ ഞാന്‍ ശ്രേയസ് അയ്യരിനെയാണ് തെരഞ്ഞെടുക്കുന്നത്. അവന്‍ വളരെ മികച്ച രീതിയിലാണ് ടീമിന് നയിച്ചത്. അവന്‍ കയ്യിലെ എല്ലാ വിരലുകളെയും ഒന്നിച്ച് ചേര്‍ത്ത് ഒരു മുഷ്ടിയാക്കി മാറ്റി. ബെംഗളൂരുവിനെതിരെ മാത്രമാണ് അവന്‍ റണ്‍സ് കണ്ടെത്താന്‍ സാധിക്കാതെ പോയത്. എന്നാല്‍ അതിന് ഏറെ വിലകൊടുക്കേണ്ടതായും വന്നു. ശ്രേയസ് അയ്യരാണ് എന്റെ ക്യാപ്റ്റന്‍.

അഞ്ചാം നമ്പറില്‍ സൂര്യകുമാര്‍ യാദവാണ്. അദ്ദേഹം സീസണിലെ മോസ്റ്റ് വാല്യുബിള്‍ പ്ലെയറാണ്. അവന്‍ ബാറ്റ് ചെയ്ത രീതി, അത് തീര്‍ത്തും അവിശ്വസനീയമായിരുന്നു. കളിച്ച എല്ലാ മത്സരത്തിലും അവന്‍ 25+ റണ്‍സ് സ്വന്തമാക്കി. ഓരോ തവണയും സൂര്യകുമാറിന്റെ വ്യത്യസ്ത ഷേഡുകള്‍ കാണാന്‍ നമുക്ക് സാധിച്ചു.

ആറാം നമ്പറില്‍ ഡെവാള്‍ഡ് ബ്രെവിസിനെ ഞാന്‍ തെരഞ്ഞെടുക്കും. ഈ സ്ഥാനത്തേക്ക് ശശാങ്ക് സിങ് അടക്കമുള്ള നിരവധി പേരെ പരിഗണിക്കാന്‍ സാധിക്കും. ഞാന്‍ നമന്‍ ധിറിനെയും ഈ സ്ഥാനത്തേക്ക് ആലോചിച്ചിരുന്നു. പക്ഷേ ഞാന്‍ ഡെവാള്‍ഡ് ബ്രെവിസിനെ തന്നെയാണ് തെരഞ്ഞെടുക്കുന്നത്. കുറച്ച് മത്സരങ്ങള്‍ മാത്രമേ അവന്‍ കളിച്ചിട്ടുള്ളൂ, പക്ഷേ അതെല്ലാം മനോഹരമായിരുന്നു. ഫീല്‍ഡിങ്ങിലും അവന്റെ പ്രകടനം മികച്ചുനിന്നു.

ടീമില്‍ ഒരു പാണ്ഡ്യ മാത്രമേ വരൂ, അത് ക്രുണാല്‍ പാണ്ഡ്യയാണ്. അദ്ദേഹമൊരു ഐ.പി.എല്‍ ഗോട്ടാണെന്ന് നിസ്സംശയം പറയാന്‍ സാധിക്കും. നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഐ.പി.എല്‍ ഫൈനലുകളില്‍ ഒന്നിലധികം പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത് ക്രുണാല്‍ മാത്രമാണ്. സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ക്യാമ്പെയ്‌നില്‍ മൂന്ന് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം അവന്‍ സ്വന്തമാക്കിയിട്ടുണ്ട്.

ശേഷം ജസ്പ്രീത് ബുംറ. ജാസി വളരെ മികച്ചതായിരുന്നു. വാഷിങ്ടണ്‍ സുന്ദറിനെ പുറത്താക്കാന്‍ എറിഞ്ഞ ആ പന്ത്, എന്ത് മനോഹരമായിരുന്നു. ഒരു മത്സരത്തില്‍ അവന്റെ പ്രകടനം മോശമായി, അതോടെ മുംബൈ പുറത്താവുകയും ചെയ്തു. ഇത് മാറ്റിനിര്‍ത്തിയാല്‍ ഒറ്റ മത്സരത്തില്‍ പോലും ബുംറ 30 റണ്‍സിലധികം വഴങ്ങിയിട്ടില്ല.

ഇനി മൂന്ന് ബൗളര്‍മാരാണ്, അതില്‍ ഒന്ന് നൂര്‍ അഹമ്മദാണ്. ചെന്നൈയ്ക്ക് വേണ്ടിയാണ് അവന്‍ കളിച്ചത്. ഏറെ നാള്‍ പര്‍പ്പിള്‍ ക്യാപ്പ് അവന്റെ തലയില്‍ തന്നെയായിരുന്നു. ടീം പോയിന്റ് പട്ടികയില്‍ ചെന്നൈ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കിലും അവന്റെ പ്രകടനം മികച്ചുനിന്നു.

അടുത്ത രണ്ട് താരങ്ങളും പരസ്പരം മിറര്‍ ഇമേജ് പോലെയാണ്. ഒന്ന് ജോഷ് ഹെയ്‌സല്‍വുഡാണ്. അവന്‍ ഒറ്റ ഫൈനല്‍ പോലും പരാജയപ്പെട്ടിട്ടില്ല. ജോഷ് ടീമിന്റെ ഭാഗമായിരുന്നിപ്പോള്‍ ആര്‍.സി.ബി ഒരിക്കല്‍ മാത്രമാണ് 200 റണ്‍സ് വഴങ്ങിയത്. അവനില്ലാതിരുന്നപ്പോള്‍ മൂന്ന് മത്സരങ്ങളില്‍ ടീം 200 റണ്‍സ് വഴങ്ങി.

അവസാനം, തീര്‍ച്ചയായും ഞാന്‍ പ്രസിദ്ധ് കൃഷ്ണയെ തന്നെ തെരഞ്ഞെടുക്കും. അവന്‍ പര്‍പ്പിള്‍ ക്യാപ്പ് വിന്നറാണ്. ജോഷ് ഹെയ്‌സല്‍വുഡിനെ പോലെ തന്നെയാണ് അവന്‍ പന്തെറിയുന്നത്,’ ചോപ്ര പറഞ്ഞു.

ആകാശ് ചോപ്രയുടെ ടീം ഓഫ് ദി ടൂര്‍ണമെന്റ്

സായ് സുദര്‍ശന്‍ (ഗുജറാത്ത് ടൈറ്റന്‍സ്)

വിരാട് കോഹ്‌ലി (റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു)

ജോസ് ബട്‌ലര്‍ (ഗുജറാത്ത് ടൈറ്റന്‍സ്)

ശ്രേയസ് അയ്യര്‍ (പഞ്ചാബ് കിങ്‌സ്)

സൂര്യകുമാര്‍ യാദവ് (മുംബൈ ഇന്ത്യന്‍സ്)

ഡെവാള്‍ഡ് ബ്രെവിസ് (ചെന്നൈ സൂപ്പര്‍ കിങ്‌സ്)

ക്രുണാല്‍ പാണ്ഡ്യ (റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു)

ജസ്പ്രീത് ബുംറ (മുംബൈ ഇന്ത്യന്‍സ്)

നൂര്‍ അഹമ്മദ് (ചെന്നൈ സൂപ്പര്‍ കിങ്‌സ്)

ജോഷ് ഹെയ്‌സല്‍വുഡ് (റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു)

പ്രസിദ്ധ് കൃഷ്ണ (ഗുജറാത്ത് ടൈറ്റന്‍സ്)

Content Highlight: IPL 2025: Virat Kohli to Shreyas Iyer, Aaksh Chopra picks team of the tournament

We use cookies to give you the best possible experience. Learn more