ഐ.പി.എല്‍ പൂരത്തിന് വീണ്ടും തിരശീലയുയരുമ്പോള്‍ തങ്ങളുടെ പ്രിയ താരങ്ങളുടെയും ഇഷ്ട ഫ്രാഞ്ചൈസികളുടെയും കളിക്കായാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. ഇന്നത്തെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരത്തോടെയാണ് പതിനെട്ടാം സീസണിന്റെ ‘രണ്ടാം ഭാഗ’ത്തിന് തുടക്കമാവുക. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.
ഇന്ന് ബെംഗളൂരു സ്വന്തം ഗ്രൗണ്ടില്‍ ഇറങ്ങുമ്പോള്‍ ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച വിരാട് കോഹ്ലിയായിരിക്കും ശ്രദ്ധാ കേന്ദ്രം. മാത്രമല്ല, ഈ മത്സരത്തില്‍ താരത്തിനെ ഒരു വമ്പന്‍ നേട്ടവും കാത്തിരിക്കുന്നുണ്ട്.
ഐ.പി.എല്ലില്‍ 750 ഫോറുകള്‍ എന്ന നാഴികക്കല്ല് സ്വന്തമാക്കാനാണ് സൂപ്പര്‍ താരത്തിന് അവസരമുള്ളത്. കൊല്‍ക്കത്തക്കെതിരെ ഒരു ഫോര്‍ അടിക്കാനായാല്‍ താരത്തിന് ഈ സുവര്‍ണ നേട്ടത്തിലെത്താനാവും.
ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഒരു താരം മാത്രമാണ് ഈ നേട്ടത്തിലെത്തിയത്. ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് ഐ.പി.എല്ലില്‍ കൂടുതല്‍ ഫോറുകള്‍ അടിച്ച താരം. 768 ഫോറുകളാണ് താരം നേടിയിട്ടുള്ളത്.
കോഹ്ലി ഇതുവരെ ഐ.പി.എല്ലില്‍ 749 ഫോറുകള്‍ നേടിയിട്ടുണ്ട്. പതിനെട്ട് സീസണുകളിലെ 263 മത്സരങ്ങളില്‍ നിന്നാണ് ബെംഗളൂരു താരം ഇത്രയും ഫോറുകള്‍ അടിച്ചെടുത്തത്. ഇതിന് പുറമെ 290 സിക്‌സുകളും വിരാടിന്റെ പേരിലുണ്ട്.
അതേസമയം, ഈ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സിനായി മികച്ച പ്രകടനമാണ് വിരാട് പുറത്തെടുക്കുന്നത്. താരം 11 മത്സരങ്ങളില്‍ ഏഴ് അര്‍ധ സെഞ്ച്വറികള്‍ അടക്കം 505 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ 44 ഫോറും 18 സിക്സും ഉള്‍പെടും. 63.12 ശരാശരിയും 143.46 സ്‌ട്രൈക്ക് റേറ്റുമാണ് വിരാടിനുള്ളത്.
നിലവില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോയിന്റ് ടേബിളിലെ രണ്ടാം സ്ഥാനക്കാരാണ്. 12 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയവും മൂന്ന് തോല്‍വിയുമായി ടീമിന് 16 പോയിന്റുണ്ട്. ഇന്നത്തെ മത്സരം ജയിക്കാനായാല്‍ ബെംഗളൂരുവിന് പ്ലേ ഓഫില്‍ കടക്കാനാവും.
Content Highlight: IPL 2025: Virat Kohli needs one four to reach 750 fours in IPL