| Thursday, 5th June 2025, 2:49 pm

രോഹിത് ശര്‍മയുടെ നേര്‍ പകുതി; 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വിരാടും ഈ നേട്ടത്തില്‍

സ്പോര്‍ട്സ് ഡെസ്‌ക്

കാത്തിരിപ്പിനൊടുവില്‍ റോയല്‍ ചലഞ്ചേഴ്സിനെയും ഐ.പി.എല്‍ കിരീടം തേടിയെത്തി. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഐ.പി.എല്‍ ചരിത്രത്തിലെ എട്ടാം ചാമ്പ്യന്‍മാരായി കിരീടമുയര്‍ത്തുമ്പോള്‍ വിരാട് കോഹ്‌ലിയെന്ന അതികായന്റെ കാത്തിരിപ്പിന് കൂടിയാണ് വിരാമമായത്.

ഐ.പി.എല്ലില്‍ ഇതുവരെ കിരീടം നേടാന്‍ സാധിക്കാതെ പോയ ടീമുകളിലൊരാള്‍ കിരീടം നേടുമെന്ന് ഉറപ്പിച്ച മത്സരത്തില്‍ പഞ്ചാബ് കിങ്സിനെ ആറ് റണ്‍സിന് തകര്‍ത്ത് ബെംഗളൂരു തങ്ങളുടെ സ്വപ്നം സാക്ഷാത്കരിച്ചു.

വിരാട് കോഹ്‌ലിയാണ് റോയല്‍ ചലഞ്ചേഴ്‌സിന്റെ റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 15 ഇന്നിങ്‌സില്‍ നിന്നും 54.75 ശരാശരിയില്‍ 657 റണ്‍സാണ് വിരാട് സ്വന്തമാക്കിയത്. 66 ഫോറും 19 സിക്‌സറുമായി എട്ട് തവണയാണ് വിരാട് 50+ സ്‌കോര്‍ കടന്നത്.

ഇതോടെ ഒരു റെക്കോഡിലും വിരാട് ഇടം നേടി. ഐ.പി.എല്‍ വിന്നിങ് സീസണില്‍ ഏറ്റവുമധികം തവണ 50+ സ്‌കോര്‍ നേടിയ താരങ്ങളുടെ പട്ടികയിലേക്കാണ് അഞ്ചാമനായി വിരാട് ഇടം പിടിച്ചത്.

വിരാട് കോഹ്‌ലി മാത്രമല്ല, താരത്തിന്റെ ഓപ്പണിങ് പാര്‍ട്ണര്‍ കൂടിയായ ഫില്‍ സാള്‍ട്ടും ഈ പട്ടികയില്‍ വിരാടിനൊപ്പം അഞ്ചാം സ്ഥാനത്ത് ഇടം പിടിച്ചിട്ടുണ്ട്. എട്ട് തവണ സാള്‍ട്ടും 50+ സ്‌കോര്‍ സ്വന്തമാക്കിയിട്ടുണ്ട്.

എന്നാല്‍ വിരാടിനെ പോലെ ഈ സീസണിലല്ല സാള്‍ട്ട് എട്ട് തവണ 50+ സ്‌കോര്‍ നേടിയത്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം നാല് തവണ സാള്‍ട്ട് 50+ സ്‌കോര്‍ സ്വന്തമാക്കിയിട്ടുണ്ട്.

ഐ.പി.എല്‍ വിന്നിങ് സീസണില്‍/ സീസണുകളില്‍ ഏറ്റവുമധികം തവണ 50+ സ്‌കോര്‍ സ്വന്തമാക്കിയ താരങ്ങള്‍

(താരം – 50+ സ്‌കോര്‍ എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – 16

സുരേഷ് റെയ്‌ന – 13

കെയ്‌റോണ്‍ പൊള്ളാര്‍ഡ് – 10

ഋതുരാജ് ഗെയ്ക്വാദ് – 9

ഡേവിഡ് വാര്‍ണര്‍ – 9

ഗൗതം ഗംഭീര്‍ – 9

വിരാട് കോഹ്‌ലി – 8*

ഫില്‍ സാള്‍ട്ട് – 8*

അംബാട്ടി റായിഡു – 8

ലെന്‍ഡില്‍ സിമ്മണ്‍സ് – 8

ക്വിന്റണ്‍ ഡി കോക്ക് – 8

ഷെയ്ന്‍ വാട്‌സണ്‍ – 8

അതേസമയം, ആര്‍.സി.ബിയുടെ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് കര്‍ണാടക ഹൈക്കോടതി. 11 പേരുടെ മരണത്തിനിടയാക്കുകയും 47 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട കേസ് കര്‍ണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് (വ്യാഴാഴ്ച) രാവിലെ അഭിഭാഷകര്‍ ഇടപെട്ട് ഹൈക്കോടതിയില്‍ വിഷയം അടിയന്തിരമായി പരാമര്‍ശിച്ചിരുന്നു. ആക്ടിങ് ചീഫ് ജസ്റ്റിസ് വി. കാമേശ്വര റാവു, ജസ്റ്റിസ് സി.എം. ജോഷി എന്നിവരുടെ മുമ്പാകെയാണ് അടിയന്തര ഇടപെടലുണ്ടായത്.

ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും വിശദമായ വസ്തുതാ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സംസ്ഥാനത്തെ പ്രതിനിധീകരിച്ച് അഡ്വക്കേറ്റ് ജനറല്‍ ശശി കിരണ്‍ ഷെട്ടി കോടതിയെ അറിയിച്ചിരുന്നു.

സംസ്ഥാനത്തെ ഏതൊരു പൗരനെയും പോലെ തങ്ങള്‍ക്കും ആശങ്കയുണ്ടെന്നും ഏത് നിര്‍ദേശവും സ്വീകരിക്കാന്‍ തയ്യാറാണെന്നും എന്താണുണ്ടായതെന്ന് അന്വേഷിക്കുകയാണെന്നും അഭിഭാഷകന്‍ പറഞ്ഞു.

Content Highlight: IPL 2025: Virat Kohli enters the list of most 50+ scores in Trophy winning seasons

We use cookies to give you the best possible experience. Learn more