| Thursday, 29th May 2025, 9:54 pm

നേടിയത് ആവശ്യമുണ്ടായിരുന്ന അതേ 12 റണ്‍സ്; ഫൈനലിന് മുമ്പേ ചരിത്ര നേട്ടത്തില്‍ വിരാട്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ ആദ്യ ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പഞ്ചാബ് കിങ്‌സിനെ നേരിടുകയാണ്. പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ മുല്ലാന്‍പൂരില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 101ന് പുറത്തായി.

വിജയിക്കുന്ന ടീമിന് ഫൈനലിലെത്താന്‍ സാധിക്കും എന്നതിനാല്‍ ഇരു ടീമുകളെ സംബന്ധിച്ചും ജീവന്‍മരണ പോരാട്ടമാണിത്.

പഞ്ചാബ് ഉയര്‍ത്തിയ 102 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സിന് അധികം വൈകാതെ വിരാട് കോഹ് ലിയുടെ വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. ടീം സ്‌കോര്‍ 30ല്‍ നില്‍ക്കവെ കൈല്‍ ജാമൈസണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

രണ്ട് ബൗണ്ടറിയടിച്ച് 12 പന്തില്‍ 12 റണ്‍സാണ് താരം സ്വന്തമാക്കിയത്. 12 റണ്‍സ് മാത്രമാണ് നേടിയതെങ്കിലും ഒരു തകര്‍പ്പന്‍ റെക്കോഡിലേക്ക് വിരാടിനെ കൈപിടിച്ചുനടത്താന്‍ ഇത് ധാരാളമായിരുന്നു.

ടി-20 ഫോര്‍മാറ്റില്‍ 13500 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ പട്ടികയിലേക്കാണ് വിരാട് കാലെടുത്തുവെച്ചത്. ഈ മത്സരത്തിന് മുമ്പ് 13,488 റണ്‍സാണ് മുന്‍ ആര്‍.സി.ബി നായകന്റെ പേരിലുണ്ടായിരുന്നത്. പഞ്ചാബ് കിങ്‌സിനെതിരെ 12 റണ്‍സ് സ്വന്തമാക്കിയാല്‍ ഈ റെക്കോഡ് നേടമെന്നിരിക്കെ, ഈ റെക്കോഡിലെത്താനാവശ്യമായ അതേ 12 റണ്‍സാണ് വിരാട് അടിച്ചെടുത്തത്.

ഈ റെക്കോഡ് സ്വന്തമാക്കുന്ന അഞ്ചാം താരവും ആദ്യ ഇന്ത്യന്‍ താരവുമാണ് കിങ് കോഹ്‌ലി.

ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍

(താരം – ഇന്നിങ്സ് – റണ്‍സ് എന്നീ ക്രമത്തില്‍)

ക്രിസ് ഗെയ്ല്‍ – 455 – 14,562

ആലക്സ് ഹെയ്ല്‍സ് – 492 – 13,698

ഷോയ്ബ് മാലിക് – 515 – 13,571

കെയ്റോണ്‍ പൊള്ളാര്‍ഡ് – 617 – 13,537

വിരാട് കോഹ്‌ലി – 396 – 13,500*

ഡേവിഡ് വാര്‍ണര്‍ – 409 – 13,281

ജോസ് ബട്‌ലര്‍ – 409 – 12,651

2007ല്‍ ആരംഭിച്ച തന്റെ ടി-20 കരയിറില്‍ 395 തവണ വിരാട് ബാറ്റുമായി കളത്തിലിറങ്ങിയിട്ടുണ്ട്. 41.92 ശരാശരിയിലും 134.75 സ്ട്രൈക്ക് റേറ്റിലും 13,488 റണ്‍സാണ് വിരാട് ഇതുവരെ സ്വന്തമാക്കിയത്.

ഒമ്പത് സെഞ്ച്വറിയും 105 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. റോയല്‍ ചലഞ്ചേഴ്സിനും ഇന്ത്യന്‍ ദേശീയ ടീമിനും പുറമെ ആഭ്യന്തര തലത്തില്‍ ദല്‍ഹിക്കും വേണ്ടിയാണ് വിരാട് ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ കളത്തിലിറങ്ങിയത്.

അതേസമയം, പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 61 എന്ന നിലയിലാണ് ആര്‍.സി.ബി. 18 പന്തില്‍ 40 റണ്‍സുമായി ഫില്‍ സാള്‍ട്ടും ആറ് പന്തില്‍ അഞ്ച് റണ്‍സുമായി മായങ്ക് അഗര്‍വാളുമാണ് ക്രീസില്‍.

Content Highlight: IPL 2025: Virat Kohli completed 13,500 T20s

Latest Stories

We use cookies to give you the best possible experience. Learn more